പള്ളിക്കുള്ളിൽ പള്ളിയാകൂ!
സിസ്റ്റര് റോസ് ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Wednesday, February 21, 2024 9:03 AM IST
സ്വന്തം അമ്മയുടെ മടിയിലിരുന്ന് അവളുടെ മുഖത്തേക്കു നോക്കി ചിരിക്കുന്ന കുഞ്ഞുങ്ങളുടെ ആനന്ദം നാമൊക്കെ ശ്രദ്ധിച്ചിട്ടുണ്ട്.
ഇതുപോലെ സഭാ മാതാവിന്റെ മടിയിലിരുന്ന് ആദരവോടും വിസ്മയത്തോടുംകൂടി അവളെ നോക്കി യഥാർഥ ഉപവാസകയായ അവളുടെ മുഖത്തുനിന്ന് നോന്പിന്റെയും ഉപവാസത്തിന്റെയും ജാഗരണത്തിന്റെയുമൊക്കെ പാഠങ്ങൾ പഠിക്കാനുള്ള വേളകൂടിയാണു വലിയനോന്പിന്റെ ഈ ദിനങ്ങൾ. നമ്മുടെ ഹൃദയം പരിച്ഛേദിക്കപ്പെട്ട് മദ്ബഹയാകുന്ന വ്യക്തിപരമായ താപസികപ്രക്രിയയെ വർണിക്കുന്ന സഭയുടെ പരിശുദ്ധ പിതാക്കന്മാർ പക്ഷേ ഒരിക്കലും ഒറ്റപ്പെട്ട സ്വകാര്യ ആധ്യാത്മികതയെ പ്രോത്സാഹിപ്പിക്കുന്നവരല്ല.
സഭയാകുന്ന മഹാരഹസ്യത്തിന്റെ അദൃശ്യതലങ്ങളെ സ്പർശനീയമാക്കുന്ന നമ്മുടെ ഇടവകപ്പള്ളിയെയും അതിനുള്ളിൽ പ്രതിഷ്ഠിതമായിരിക്കുന്ന ത്രോണോസിനെയും അവഗണിച്ചുകൊണ്ട് സഭയ്ക്കും സഭയുടെ ശുശ്രൂഷകർക്കും സമാന്തരമായ പാതയിലൂടെ ചരിച്ച് ആധ്യാത്മികത സ്വന്തം കാര്യമായി കരുതി മുന്നോട്ടുപോകാനുള്ള ചില വ്യതിചലിച്ച പ്രവണതകളെ അവർ ഒരിക്കലും തുണയ്ക്കുന്നില്ല. അതുകൊണ്ടാണ് നമ്മുടെ ആത്മീയയാത്രയിൽ അമ്മയായി സ്നേഹപൂർവം നമ്മെ അനുഗമിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സഭാ മാതാവിന്റെ ചിത്രം ഈ പിതാക്കന്മാരുടെ കൃതികളിൽ തെളിഞ്ഞുകാണുന്നത്.
സഭയുടെ മാതൃത്വത്തിന്റെ വശ്യതയും അവളുടെ ശുശ്രൂഷയുടെ ആർദ്രതയും രഹസ്യാത്മകതയുമൊക്കെ മനോഹരമായി പ്രതിപാദിക്കുന്ന സുറിയാനി കൃതിയായ ‘ശ്രേണികളുടെ ഗ്രന്ഥം’ (ക്സാവാ ദ്മസ്ക്കാസാ) വിരചിച്ച അജ്ഞാത താപസൻ ഗഹനമായ ദൈവശാസ്ത്രതത്വങ്ങൾ ഉപയോഗിച്ചു സഭയെ വർണിക്കാൻ ശ്രമിക്കാതെ, ഒരുവന്റെ ആധ്യാത്മികപുരോഗതിയുടെ തോതനുസരിച്ച് സഭയാകുന്ന രഹസ്യത്തെ നോക്കിക്കാണാനാണ് നമ്മെ ആഹ്വാനം ചെയ്യുന്നത്.
അപ്രകാരമുള്ള വീക്ഷണത്തിൽ സഭയ്ക്കു മൂന്നു തലങ്ങളുണ്ട്; ദൃശ്യസഭ, ഹൃദയത്തിലെ സഭ, സ്വർഗീയസഭ. ശരീരവും ആത്മാവും ചേതനയുമുള്ള ഒരു വ്യക്തി തന്റെ ശാരീരിക കഴിവുകൾകൊണ്ട് ദൃശ്യസഭയെയും, ആത്മീയ കഴിവുകൾകൊണ്ട് ഹൃദയത്തിലെ സഭയെയും, ആധ്യാത്മിക കഴിവുകൾകൊണ്ട് സ്വർഗീയസഭയെയും അനുഭവിക്കുന്നു.
തന്റെ ആത്മീയയാത്രയിൽ പുരോഗമിക്കുന്നതനുസരിച്ച് ഒരു വ്യക്തി സഭയുടെ ദൃശ്യതലത്തിൽനിന്ന് ആത്മീയ(ഹൃദയ)തലത്തിലേക്കും ആധ്യാത്മിക(സ്വർഗീയ)തലത്തിലേക്കും ഉയർത്തപ്പെടുന്നു. ഈ ആധ്യാത്മികയാത്രയിൽ സ്വർഗീയരഹസ്യങ്ങൾ ഗ്രഹിക്കത്തക്ക പൂർണതയിലേക്ക് ഒരു വ്യക്തിയെ വളർത്താൻ സഭാമാതാവ് എപ്രകാരം ക്ഷമാപൂർവം പരിശ്രമിക്കുന്നുവെന്ന് ഈ ഗ്രന്ഥം വിശദമായി പ്രതിപാദിക്കുന്നുണ്ട്.
മാമ്മോദീസാ സ്വീകരിച്ചിരിക്കുന്ന എല്ലാവരുടെയും അമ്മയായ സഭ തന്റെ മക്കൾക്ക് അവരുടെ പ്രായത്തിനനുസരിച്ച് പോഷണം നല്കുന്നു. അങ്ങനെ സ്വയം ദേവാലയങ്ങളായിത്തീരാനും ശരീരങ്ങളെ ഹൈക്കലാകളും ഹൃദയങ്ങളെ മദ്ബഹാകളുമാക്കിത്തീർക്കാനും അവൾ അവരെ പരിശീലിപ്പിക്കുന്നു.
‘ദൃശ്യസഭ’ എല്ലാവർക്കും കാണുവാൻ സാധിക്കുന്ന സഭയുടെ ബാഹ്യതലമാണ്. മാമ്മോദീസായിലൂടെ അനുദിനം മക്കളെ ജനിപ്പിച്ചു വളർത്തി സ്വർഗീയസഭയിലേക്ക് അയയ്ക്കുന്ന ഭാഗ്യവതിയായ ആ അമ്മയെ നാം ഒരിക്കലും നിന്ദിക്കരുത്. ആധ്യാത്മിക പരിശീലനം നേടേണ്ടത് സഭയാകുന്ന കളരിയിൽ സഭാ മാതാവാകുന്ന ഗുരുനാഥയ്ക്കു കീഴിലാണ്.
സ്വർഗാരോഹിതനായ ഉത്ഥിതനീശോ ഇന്ന് നമ്മുടെ ഇടയിൽ സന്നിഹിതനായിരിക്കുന്നതു സഭയായാണ് എന്ന വലിയ ഉൾക്കാഴ്ചയാണ് ‘ശ്രേണികളുടെ ഗ്രന്ഥം’ സമ്മാനിക്കുക. ഈശോയുടെ ഉപാസകരാകാൻ, അവന്റെ ചാരത്തായിരിക്കാനുള്ള നമ്മുടെ യത്നങ്ങൾ നമ്മുടെ സഭാത്മകജീവിതം തന്നെയാണ്.
സഭയെ സ്പർശനീയമാക്കുന്ന നമ്മുടെ ഇടവകപ്പള്ളിയിലേക്കു ബോധപൂർവം പ്രവേശിക്കാനും ആ പള്ളിക്കുള്ളിൽ പരികർമം ചെയ്യപ്പെടുന്ന ദിവ്യരഹസ്യങ്ങളിൽ ബോധപൂർവം പങ്കുചേർന്നു പള്ളിക്കുള്ളിൽ പള്ളികളായിത്തീരാനുമുള്ള ആഹ്വാനമാണ് ഓരോ നോന്പുകാലവും.