കർത്താവിനെ പാർപ്പിടമാക്കിയവരും കർത്താവിന്റെ പാർപ്പിടമായവരും
സിസ്റ്റര് റോസ് ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Wednesday, February 21, 2024 9:05 AM IST
സഭയുടെ ചരിത്രത്തിൽ കർത്താവിനെ തങ്ങളുടെ പാർപ്പിടമാക്കിയ, കർത്താവിന്റെ പാർപ്പിടമായി മാറിയ അനേകം താപസപിതാക്കന്മാർ ഉണ്ടായിരുന്നു. മരുഭൂമിയുടെ ഏകാന്തതയിൽ ഗുഹകളിലും കല്ലറകളിലും ദൈവസാന്നിധ്യത്തിലും ദൈവസാമീപ്യത്തിലും യഥാർഥ ഉപവാസകരായി ജീവിച്ചുമറഞ്ഞ ആ ധന്യപിതാക്കന്മാർ ഇന്നും സഭയിൽ തലമുറകൾക്കു സാക്ഷ്യമാണ്.
ലോകത്തുള്ള മറ്റെല്ലാം തൃണമായി കരുതി കർത്തൃസാമീപ്യത്തിൽ മാത്രം കഴിയാൻ യത്നിച്ചിരുന്ന ഈ ഏകാന്തവാസികളുടെ ജീവിതം ഈ നോന്പിന്റെ നാളുകളിൽ നമുക്കു വായിക്കാനായി വയ്ക്കപ്പെട്ടിരിക്കുന്ന തുറന്ന പുസ്തകങ്ങളാണ്. അവരെക്കുറിച്ചു സുറിയാനി പിതാവായ മാർ അപ്രേം ദീർഘമായി തന്റെ പ്രസംഗങ്ങളിൽ വിവരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു:
യഥാർഥത്തിൽ നമ്മെപ്പോലെ ശരീരം ധരിച്ച മനുഷ്യരാണവർ; എന്നാൽ ദൈവസ്നേഹത്താൽ പ്രേരിതരായി അവർ മൃഗങ്ങളെപ്പോലെ ബന്ധുക്കളും കുടുംബവും ഭവനങ്ങളും സന്പത്തും വസ്തുവകകളും ഉപേക്ഷിച്ചു മരുഭൂമിയിലൂടെ അലഞ്ഞു നടന്നു. വിശിഷ്ടഭോജ്യത്തിനു പകരം കാട്ടുകിഴങ്ങുകളും ഇലകളും ഭക്ഷിച്ചു ജീവിച്ചു. ഉന്നതഭവനങ്ങൾക്കു പകരം താഴ്ന്ന ഗുഹകളിൽ പാർത്തു. തറയിൽ, കല്ലു തലയണയാക്കി ഉറങ്ങി. പരുപരുത്ത വസ്ത്രങ്ങൾ ധരിച്ചിരുന്ന അവർ നഗ്നപാദരായിരുന്നു.
തങ്ങൾ വിട്ടുപേക്ഷിച്ച ബന്ധുക്കൾക്കു പകരം അവരെ സന്ദർശിക്കാൻ മാലാഖമാർ താണിറങ്ങി വന്നു. അവരുടെ ശരീരങ്ങൾ റൂഹായുടെ ആലയങ്ങളാണ്. അവരുടെ മനസ് പള്ളിയാണ്. അവരുടെ പ്രാർഥന ശുദ്ധ ധൂപകലശവും അവരുടെ നെടുവീർപ്പുകൾ കുർബാന പോലെയും അവരുടെ സങ്കീർത്തനാലാപം പെരുന്നാൾ പോലെയുമാണ്. അവരുടെ കണ്ണീർ വീഴുന്പോൾ അതു ധരയിൽനിന്ന് നാശനഷ്ടങ്ങൾ ഇല്ലാതാക്കുന്നു. അവരുടെ അപേക്ഷകൾ ഉയരുന്പോൾ അവ ലോകത്തെ നന്മകൾകൊണ്ടു നിറയ്ക്കുന്നു.
ശരീരികളുടെ ഇടയിൽ അവർ എത്ര ആത്മീയരാണ്! ഭൗമികരുടെയിടയിൽ അവർ സ്വർഗീയമാലാഖമാരെപ്പോലെയാണ്. അവരുടെ സങ്കീർത്തനാലാപനത്തിൽ മരുഭൂമി മഹാനഗരമായി. അവർ ഒറ്റയ്ക്കാണന്നു തോന്നുമെങ്കിലും മാലാഖാമാരുടെ സൈന്യങ്ങൾ അവർക്കൊപ്പമുണ്ട്. ജീവിതത്തിൽ മൃതരായിരുന്ന അവർ ദൈവത്തിൽ ജീവിക്കുന്നു.
തിരുലിഖിതങ്ങൾ മാത്രമേ അവർ സംസാരിക്കൂ. ദൈവാരാധന മാത്രമാണ് രാപകൽ അവരുടെ ജോലി. തിന്മയിൽ ആണ്ടുപോയിരുന്ന ലോകത്തെ തങ്ങളുടെ പ്രാർഥനകളാൽ സംരക്ഷിച്ചിരുന്ന ഈ ജേതാക്കളുടെ സ്നേഹിതരാകാനുള്ള അവസരമാണ് നോന്പുകാലം നമുക്കു സമ്മാനിക്കുക. നമുക്കും കർത്താവിനെ പാർപ്പിടമാക്കി, അവന്റെ പാർപ്പിടമായിതീരാനുള്ള, ഈ ഉപവാസ നാളുകൾ ഫലദായകമാക്കാം.