മനുഷ്യൻ: ദൈവത്തിന്റെ ആദ്യജാതന്റെ ഛായ
സിസ്റ്റര് റോസ് ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Friday, February 23, 2024 8:57 AM IST
ദൈവിക യാഥാർഥ്യങ്ങളോടൊപ്പം ‘മനുഷ്യൻ’ എന്ന വലിയ രഹസ്യവും ഉപവാസനാളുകളിൽ നമ്മുടെ ധ്യാനവിഷയമാവണം. വിശുദ്ധ ഗ്രന്ഥമനുസരിച്ച് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് (ഉൽപ്പ 1; 27).
വളരെ ചുരുങ്ങിയ വാക്കുകളിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്ന ഈ വലിയ സത്യത്തിന്റെ ആഴങ്ങളിലേക്കു കടക്കാൻ സുറിയാനി പിതാക്കന്മാർ നമ്മെ സഹായിക്കുന്നുണ്ട്. തന്റെ പുത്രൻ എങ്ങനെ പ്രത്യക്ഷനാകാനിരുന്നോ അതേ ഛായയിൽതന്നെ, അതായത്, ഈശോയുടെ ഛായയിൽ ആദിയിൽ പിതാവായ ദൈവം ആദത്തിന്റെ രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചുവെന്ന് സെറൂഗിലെ മാർ യാക്കോബ് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്:
എല്ലാം സൃഷ്ടിക്കുന്നതിനു മുന്പുതന്നെ പിതാവു തന്റെ പുത്രന്റെ രൂപം തീരുമാനിച്ചുറപ്പിച്ചു. അവനു രൂപം നല്കി ഭൂമിയിലെ ജീവജാലങ്ങളുടെയിടയിൽ അവൻ എപ്രകാരം പ്രശോഭിക്കുമെന്ന് അവനു കാണിച്ചുകൊടുത്തു. പിതാവ് തന്റെ പുത്രന്റെ രൂപം നോക്കി ആദത്തിനു രൂപം നല്കി.
ദൈവത്തിന്റെ ആദ്യജാതന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ മനുഷ്യൻ ഏറ്റവും ഉന്നതസൃഷ്ടിയാണ്.
ഇരട്ടഛായയിലാണ് ആദിയിൽ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതായത്, പിതാവിന്റെ ഛായയായ പുത്രന്റെ ഛായയിലും മനുഷ്യനാക്കപ്പെട്ട പുത്രന്റെ ഛായയിലും. ദൈവത്തിന്റെ സ്വന്തം ശ്വാസത്തിൽനിന്ന് ആദത്തിന്റെ ആത്മാവ് ഉണ്ടായിയെന്നാണു മാർ അപ്രേം മനസിലാക്കുന്നത്. സംസാരിക്കുന്നതിനും സ്വാതന്ത്ര്യം ഉപയോഗിക്കുന്നതിനുമുള്ള സവിശേഷ കഴിവുകൾ മനുഷ്യനുള്ളത് ഇക്കാരണംകൊണ്ടാണെന്നത്രെ അദ്ദേഹം പഠിപ്പിക്കുന്നത്.
ആത്മാവു മാത്രമല്ല മനുഷ്യവ്യക്തി മുഴുവനായും ദൈവത്തിന്റെ ഛായയാണെന്നു നർസായി കൂട്ടിച്ചേർക്കുന്നു. സ്രഷ്ടാവ് ആത്മാവിനെയും ശരീരത്തെയും തന്റെ ഛായയെന്നു വിളിക്കാൻ തിരുമനസായി എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു.
സുറിയാനി പിതാവായ അഫ്രഹാത്തിന്റെ അഭിപ്രായത്തിൽ, മനുഷ്യൻ ദൈവത്തിന്റെ ഛായാസാദൃശ്യങ്ങളിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാർഥ്യം വലിയ ഉത്തരവാദിത്വമാണു നമ്മെ ഭരമേല്പിക്കുക. അദ്ദേഹം പറയുന്നു: “നീ രാജാവിന്റെ രൂപത്തെ അവഹേളിച്ചാൽ വധശിക്ഷ നേരിടേണ്ടണ്ടിവരില്ലേ... മനുഷ്യനെ അധിക്ഷേപിച്ചാൽ നീ ദൈവത്തിന്റെ ഛായയെയാണ് അധിക്ഷേപിക്കുന്നത്...
സ്രഷ്ടാവിന്റെ ഛായയാണ് ഒരുവന്റെ ആത്മാവ്. എല്ലാ മനുഷ്യരോടും ഐക്യത്തിലായിരുന്നുകൊണ്ടു ദൈവത്തിന്റെ ഛായയെ ആദരിക്കു”. മനുഷ്യൻ ദൈവത്തിന്റെ ഛായയാണ് എന്ന വലിയ സത്യം സ്വയം സ്നേഹിക്കാനും അപരനെ ആദരിക്കാനും നമ്മെ കടപ്പെടുത്തുന്നുണ്ട്. ഈ കടപ്പാട് നിറവേറ്റാൻ നോന്പിന്റെ നാളുകളിൽ നമുക്കു ബോധപൂർവം ശ്രമിക്കാം.