മനുഷ്യൻ: സ്വർഗത്തെയും ഭൂമിയെയും ഒന്നിപ്പിക്കുന്ന കണ്ണി
സിസ്റ്റര് റോസ് ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Friday, February 23, 2024 9:00 AM IST
സുറിയാനിസഭകളുടെ മനുഷ്യദർശനം അനുസരിച്ചു ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സൃഷ്ടിയുടെ മകുടം മാത്രമല്ല, പ്രത്യുത സ്വർഗത്തെയും ഭൂമിയെയും ഒന്നിപ്പിക്കുന്ന കണ്ണിയുമാണ്.
മാർ അപ്രേം, മാർ നർസായി തുടങ്ങിയ പിതാക്കന്മാരുടെ അഭിപ്രായത്തിൽ ഭൂമി അതിന്റെ ഏറ്റവും ശുദ്ധമായിരുന്ന അവസ്ഥയിലെ പൂഴികൊണ്ടാണ് (ഉൽപ്പ 2,7) ആദത്തിന്റെ ശരീരത്തിനു ദൈവം രൂപം കൊടുത്തത്. മുകളിലും താഴെയുമുള്ള സർവവസ്തുക്കളിന്മേലും അധികാരമുള്ള ദൈവത്തിന്റെ ഛായയിൽ മെനയപ്പെട്ട ആദത്തിനും സർവസൃഷ്ടവസ്തുക്കളിന്മേലും അധികാരമുണ്ട്.
മാർ നർസായി തന്റെ 66-ാം പ്രസംഗത്തിൽ ഈ ആശയം ഊന്നിപ്പറയുന്നുണ്ട്: “സ്രഷ്ടാവു വളരെ വിദഗ്ധമായി മനുഷ്യനെ ഒരു ഇരട്ടപ്പാത്രസമം ദൃശ്യമായ ശരീരവും അദൃശ്യമായ ആത്മാവും നൽകി സൃഷ്ടിച്ചു. തന്റെ സൃഷ്ടശക്തി ഒരു ഛായയായി അവനിൽ ആലേഖനം ചെയ്തു;
അവന്റെ ശരീരത്തിൽ നിശബ്ദജീവികളുടെയും ആത്മാവിന്റെ ഘടനയിൽ ബുദ്ധിയുള്ള ജീവികളുടെയും’’. അതിനാൽ തന്റെ ആത്മാവിന്റെ ഘടനയിലൂടെ മനുഷ്യൻ മാലാഖമാരോടു ബന്ധിക്കപ്പെട്ടിരിക്കുന്നു; ശരീരഘടനയിലൂടെ അവൻ ഭൗതികജീവികളോട് അടുത്തിരിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെയും സൃഷ്ടജീവികളുടെയുമിടയിൽ ഒരു മധ്യസ്ഥസ്ഥാനത്താണ് നർസായി മനുഷ്യനെ പ്രതിഷ്ഠിക്കുന്നത്.
സുറിയാനി ആധ്യാത്മിക രചയിതാവായ ശിമയോൻ തൈബൂസാ ഈ ദൈവശാസ്ത്രവീക്ഷണം ഒരു ആധ്യാത്മികോപദേശത്തിലൂടെ അവതരിപ്പിക്കുന്നു:
അല്ലയോ വിവേകിയായ മനുഷ്യാ നീ ചിന്തിക്കുക; നീ ദൈവത്തിന്റെ പ്രതിരൂപമാണ്. ഭൗമികവും അഭൗമികവുമായ എല്ലാ ജീവികളെയും ഒന്നിപ്പിക്കുന്ന കണ്ണിയുമാണ്. എപ്പോഴൊക്കെ നീ ദൈവാരാധനയ്ക്കായി നിന്റെ ശിരസു നമിക്കുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നുവോ അപ്പോഴൊക്കെ ഭൗമികവും അഭൗമികവുമായ സർവജീവജാലങ്ങളും ദൈവാരാധനയ്ക്കായി നിന്നോടൊപ്പവും നിന്നിലും അവയുടെ ശിരസു നമിക്കും.
എന്നാൽ എപ്പോഴൊക്കെ നീ ദൈവത്തിന് ആരാധനയർപ്പിക്കാതെയും അവിടത്തെ മഹത്വപ്പെടുത്താതെയും ഇരിക്കുന്നുവോ അപ്പോഴൊക്കെ നിന്നെപ്രതി അവർ ദുഃഖിക്കുകയും നിനക്കെതിരേ തിരിയുകയും ദൈവകൃപയിൽനിന്നു നീ അകന്നുപോകുകയും ചെയ്യും.
മനുഷ്യൻ എന്ന നിലയിലുള്ള നമ്മുടെ ഗൗരവമായ ഉത്തരവാദിത്വമാണ് ഈ പിതൃദർശനങ്ങളിൽ തെളിയുക. സ്വർഗത്തിനും ഭൂമിക്കുമിടയിൽ അവയെ പരസ്പരമിണക്കുന്ന കോവണിക്കു സമാനം അരൂപികളായ മാലാഖമാരുടെയും ശരീരികളായ ഇതരസൃഷ്ടികളുടെയും സ്ഥാനപതികളായി സ്രഷ്ടാവിന്റെ മുന്പിലായിരിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വം ഒരിക്കലും ചെറുതല്ല.
നോന്പുകാലം പ്രാർത്ഥനയുടെ കാലമാണ്. ദൈവതിരുന്പാകെ പ്രാർത്ഥനയ്ക്കായി നീട്ടുന്ന നമ്മുടെ കരങ്ങളാൽ ഇരുലോകങ്ങളെയും സമസ്തസൃഷ്ടികളെയും നമുക്ക് ആശ്ലേഷിക്കാം.