അപരിമേയന്റെ സന്നിധിയിൽ വിസ്മയപൂർവം
സിസ്റ്റര് റോസ് ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Sunday, February 25, 2024 10:04 AM IST
ദൈവദർശനവും ദൈവസാമിപ്യവും ഒരിക്കലും നമ്മുടെ യത്നങ്ങളുടെ ഫലമല്ലെന്നും മറിച്ച് ദൈവം സ്നേഹത്തോടെ നമ്മിലേക്കും നമ്മുടെ പരിമിതികളിലേക്കും ഇറങ്ങിവന്നാൽ മാത്രമേ നമുക്ക് അവിടുത്തെ അനുഭവിക്കാൻ കഴിയുകയുള്ളുവെന്നും ആദിമസഭയിലെ താപസപിതാക്കൻമാർ ആവർത്തിച്ചു നമ്മെ ഓർമിപ്പിക്കുന്നുണ്ട്.
നമ്മുടെ ബൗദ്ധിക അന്വേഷണങ്ങൾ ഒരിക്കലും നമ്മെ ദൈവത്തിൽ എത്തിക്കില്ലെന്നു തിരിച്ചറിഞ്ഞ്, തന്പുരാന്റെ അപ്രാപ്യതയും അപരിമേയതയും അംഗീകരിച്ച്, വിസ്മയം നിറഞ്ഞ കണ്ണുകളോടെ ആമ്മേൻ പറഞ്ഞ്, അവിടുത്തെ വെളിപാടുകൾക്കായി കാത്തിരിക്കാൻ അവർ നമ്മെ ആഹ്വാനം ചെയ്യുന്നു.
തന്പുരാനെ ബുദ്ധിയിലൊതുക്കാൻ ശ്രമിക്കാതെ പരിശോധന കൂടാതെ അവനെ തേടുകയും അവനിൽ ആശ്ചര്യഭരിതരായി അവനെ സ്തുതിക്കുകയും ചെയ്ത ചിലരുടെ ചിത്രങ്ങൾ മാർ അപ്രേം വിശുദ്ധ ഗ്രന്ഥത്തിന്റെ ഏടുകളിൽ നിന്ന് അടർത്തിയെടുത്ത് തലമുറകളുടെ മുന്പിൽ അവതരിപ്പിക്കുന്നുണ്ട്. കർത്താവിനെ കാണാൻ കഴിഞ്ഞ അവരുടെ അകക്കണ്ണുകളുടെ ഭാസുരതയും അതിൽ നിറഞ്ഞ വിശ്വാസവും വിസ്മയവും നമ്മെയും പ്രചോദിപ്പിക്കാതിരിക്കില്ല. മാർ അപ്രേം വർണ്ണിക്കുന്നു:
കടൽ അവനെ കണ്ട് ഇളകി മറിഞ്ഞു. ശക്തിയേറിയ തിരമാലകൾ ഉണ്ടായിരുന്നിട്ടും അത് അതിന്റെ പുറം കുനിച്ച് ഈശോയെ ഇരുത്തുകയും കഴുതക്കുട്ടിയെക്കാൾ മെച്ചമായി വഹിക്കുകയും ചെയ്തു. അവൻ പടവിനുള്ളിൽ ഇരുന്നപ്പോൾ അവൻ ഒരു മനുഷ്യൻ മാത്രമാണെന്നു കരുതിയവർ അവൻ താഴേക്കിറങ്ങി കടലിനുമീതെ നടന്നപ്പോൾ അവനിൽ ആശ്ചര്യഭരിതരായി അവനെ സ്തുതിച്ചു. വിദ്വാന്മാരും അവനെ തേടി.
പുൽക്കൂട്ടിൽ അവനെ കണ്ടെത്തിയപ്പോൾ അന്വേഷണത്തിനു പകരം ഭയഭക്തിയോടെ അവന് ആരാധന അർപ്പിച്ചു. തർക്കിക്കാൻ നിൽക്കാതെ കാഴ്ചയർപ്പിച്ചു. വലതു ഭാഗത്തെ കള്ളനും തർക്കിച്ചില്ല. അവനെ പരിശോധിക്കാതെ അവനിൽ വിശ്വസിച്ചു. ഇടതുഭാഗത്തുള്ളവനാകട്ടെ ഈശോയെ പരിശോധിക്കാൻ ശ്രമിച്ചു, സ്വന്തം പ്രത്യാശ നശിപ്പിക്കുകയും ചെയ്തു.
അവൻ ആരുടെ പുത്രനാണ് എന്ന് അന്വേഷിച്ചുനടന്നിരുന്ന ഫരിസേയർ സത്യത്തിൽനിന്നു വീണുപോയി. ദൈവമെന്ന നിലയിൽ ഈശോയിൽ ആശ്ചര്യപ്പെട്ടപ്പോൾ ശതാധിപൻ പ്രകീർത്തിക്കപ്പെട്ടു. അവൻ തന്റെ വിശ്വാസം കൊണ്ട് ഈശോയെ ബഹുമാനിച്ചു. അവന്റെ കടന്നുവരവ് ഒരു മഹാകാര്യമായി കരുതി അവനെ തന്റെ ഭവനത്തിനകത്തു കടക്കാൻ അനുവദിച്ചില്ല.
നമുക്കും, വിശുദ്ധഗ്രന്ഥത്തിലും പ്രകൃതിയിലും നമ്മുടെ ഹൃദയമാകുന്ന ത്രോണോസിലും സന്നിഹിതനായിരിക്കുന്ന സർവാതിശായിയായ ദൈവത്തെ ബുദ്ധിയിലൊതുക്കാൻ ശ്രമിക്കാതെ, അവന്റെ ചാരെ വിസ്മയത്തോടെയായിരിക്കാൻ ഈ വിശുദ്ധനാളുകളിൽ ബോധപൂർവം ശ്രമിക്കാം.