വിരസതയെന്ന ഉച്ചപ്പിശാച്
സിസ്റ്റര്‍ റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Sunday, February 25, 2024 10:16 AM IST
ഈജിപ്തിലെ മരുഭൂമികളിൽ കഴിഞ്ഞിരുന്ന താപസർ നഗരവാസികളായ സാധാരണ വിശ്വാസികൾക്ക് ഉപദേശങ്ങൾ നൽകി അവരെ പൂർണതയിലേക്കു നയിച്ചിരുന്നതായി സഭയുടെ ചരിത്രത്തിൽ കാണാം.
ഇന്നും അവർ തങ്ങളുടെ കൃതികളിലൂടെ അനേകർക്ക് ആത്മീയോപദേശങ്ങൾ നൽകിക്കൊണ്ടു സഭയിൽ പ്രകാശഗോപുരങ്ങളായി നിലകൊള്ളുന്നു. അപ്രകാരമൊരു ധന്യപിതാവാണ് പോന്തുസിലെ എവാഗ്രിയൂസ്. മനുഷ്യഹൃദയത്തിന്റെ നിഗൂഢതകളെ ഒരു തുറന്ന പുസ്തകംപോലെ വായിക്കാൻ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വികാരങ്ങൾ ആഗ്രഹങ്ങൾക്കു ജന്മം നൽകുന്നു.
മനുഷ്യൻ എന്തിനെ സ്നേഹിക്കുന്നുവോ അതിനെ ആഗ്രഹിക്കുന്നു. ആഗ്രഹിക്കുന്നത് കൈക്കലാക്കാൻ അവൻ ശ്രമിക്കുന്നു. എല്ലാ പ്രലോഭനങ്ങളെയും ഭോജനപ്രിയം, അശുദ്ധത, അത്യാഗ്രഹം, ശോകാകുലത, കോപം, വിരസത, പൊങ്ങച്ചം, അഹങ്കാരം എന്നിങ്ങനെ എട്ടു ദുഷ്ടവിചാരങ്ങളായാണ് അദ്ദേഹം അവതരിപ്പിക്കുക. ഇതിൽ വളരെ ഗൗരവമുള്ള തിന്മയാണ് വിരസത.
താപസപിതാക്കന്മാർ ഉച്ചപ്പിശാച് (Noonday Demon) എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന അക്കേദിയ (Acedia) എന്ന ഈ രോഗം ആധുനികകാലത്ത് ഏറിവരുന്നത് നമ്മിൽ ആശങ്ക ജനിപ്പിക്കണം. മടിയായും നിരാശയായും മന്ദതയായും ആലസ്യമായുമൊക്കെ ഈ രോഗം തൊഴിൽരഹിതരായ നമ്മുടെ യുവജനങ്ങളെയും ജോലിയിൽനിന്നു വിരമിച്ചു വിശ്രമജീവിതം നയിക്കുന്ന മധ്യവയസ്കരെയും വാർധക്യത്തിലേക്കു പ്രവേശിക്കുന്നവരെയുമൊക്കെ പിടികൂടുന്നുണ്ട്.
യുവതലമുറകളില്ലാതെ ആളൊഴിഞ്ഞ വീടുകളിൽ ജീവിതസായാഹ്നത്തിൽ എത്തിയവർ മാത്രമാകുന്പോൾ മക്കൾ വിദേശത്തായിരിക്കുന്ന അന്‍പതുകളിലും അറുപതുകളിലുമൊക്കെ മാത്രം എത്തിയ മാതാപിതാക്കൾ പകൽസമയം എന്തു ചെയ്യണമെന്നറിയാതെ കൈയിലിരിക്കുന്ന മൊബൈൽ ഫോണുമായി ദിവസം തള്ളിനീക്കുന്നു.
അക്കേദിയാ എന്ന പഴയ രോഗത്തിന്റെ ഈ പുതിയ രൂപത്തെ നാം പ്രതിരോധിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിൽ എത്രയോ ഉപകാരങ്ങൾ ചെയ്യാൻ കഴിയുന്ന തങ്ങളുടെ പ്രൗഢയൗവനം ഇങ്ങനെ പാഴാകുന്നത് അവരറിയുന്നില്ല.
തങ്ങളുടെ കുടുംബത്തിനും ലോകം മുഴുവനുംവേണ്ടി പ്രാർഥിച്ചുകൊണ്ട് നാടിന്റെ സുകൃതങ്ങളായിരുന്ന വൃദ്ധജനങ്ങളും ദിവസത്തിന്റെ ഏറിയഭാഗവും ഈ യന്ത്രത്തിന്റെ പിടിയിലമർന്ന് അതിന്റെ പാർശ്വഫലങ്ങളായ വിഷാദരോഗത്തിനും ആലസ്യത്തിനുമൊക്കെ അടിമകളാകുന്നുവെന്ന സത്യം നാം കണ്ടില്ലെന്നു നടിക്കരുത്.
അതിനാൽ സാത്താന്റെ ഈ നൂതന കുടിലതന്ത്രങ്ങളെ ചെറുക്കാൻ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും നമുക്കു ധരിക്കാം (എഫേ 6,11). ഈ രോഗത്തെ പ്രതിരോധിക്കാൻ നോന്പുകാലത്ത് സ്മാർട്ട് ഫോണുകളിൽനിന്ന് നമുക്ക് അല്പം അകലം പാലിക്കാം.
അവയെ സദാ കൊണ്ടുനടന്നിരുന്ന കരങ്ങളിൽ അവയ്ക്കു പകരം വിശുദ്ധഗ്രന്ഥം വഹിക്കാം. ദൈവവചനമാകുന്ന വാളാൽ നമ്മുടെ ഹൃദയത്തിൽനിന്നു ദുഷ്ടവിചാരങ്ങളെ തുരത്തിയോടിക്കാം. നന്മ ചെയ്യുന്നതിൽ നമുക്ക് ഉത്സുകരാകാം.