ഉപവാസത്തിന്റെ ജീവിതഭാഷ്യം
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Monday, February 26, 2024 11:16 AM IST
ഭക്ഷണനിയന്ത്രണവും വർജനവും ഇന്നും നോന്പിന്റെ കാതലായ ഘടകങ്ങളായി കരുതിപ്പോരുന്നു. ഭക്ഷണം മരുന്നുപോലെ കഴിച്ചാൽ മരുന്ന് ഭക്ഷണംപോലെ കഴിക്കാതിരിക്കാൻ സാധിക്കും എന്നത് നവതലമുറയുടെ ആദർശമാകുന്നുണ്ട്.
ഒരുവശത്ത് ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വ്യായാമവും ഉപവാസവുമൊക്കെ ജീവിതശൈലിയുടെ ഭാഗമാക്കുന്നവരുണ്ട്. മറുവശത്ത് രുചിയും സമയലാഭവും മാത്രം നോക്കി അടുക്കളകൾക്ക് അവധികൊടുത്തു ഫാസ്റ്റ്ഫുഡിൽ അഭയം തേടുന്നവരുടെ എണ്ണവും കൂടിവരുന്നു.
എന്നാൽ ഉപവാസത്തിന്റെ ഭൗതിക നേട്ടങ്ങൾക്കപ്പുറമുള്ള തലങ്ങളെക്കുറിച്ചാണ് താപസ പിതാക്കന്മാർ സംസാരിക്കുന്നത്. ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നിനവെയിലെ മെത്രാനായിരുന്ന മാർ ഇസഹാക്ക് ഉപവാസത്തിന്റെ സ്നേഹിതനായിരുന്നു.
ദൈവത്തിനു മാത്രമറിയാവുന്ന കാരണത്താൽ അഞ്ചുമാസംപോലും തികയ്ക്കാതെ മെത്രാൻസ്ഥാനം ഉപേക്ഷിച്ച് ഏകാന്തവാസിയായി അദ്ദേഹം തന്റെ ജീവിതസായാഹ്നത്തിൽ വിശുദ്ധഗ്രന്ഥവും മറ്റ് ആധ്യാത്മികഗ്രന്ഥങ്ങളും വായിച്ച് കണ്ണു തേഞ്ഞുപോയി അന്ധനായി മാറിയിരുന്നു.
ഉപവാസത്തിന് മാർ ഇസഹാക്ക് ജീവിതംകൊണ്ടു ഭാഷ്യം നൽകി. ആഴ്ചയിൽ രണ്ടോ മൂന്നോ അപ്പക്കഷണങ്ങളും പച്ചിലകളും വെള്ളവുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. താൻ അനുഭവിച്ചറിഞ്ഞ ഉപവാസത്തിന്റെ മനോഹാരിത അദ്ദേഹം ഹൃദ്യമായി വിവരിക്കുന്നുണ്ട്:
“ഉപവാസം എല്ലാ സുകൃതങ്ങളുടെയും തലവനാണ്; പോരാട്ടത്തിന്റെ ആരംഭമാണ്; പരിത്യാഗത്തിന്റെ കിരീടമാണ്; കന്യാത്വത്തിന്റെയും പരിശുദ്ധിയുടെയും സൗന്ദര്യമാണ്; ബ്രഹ്മചര്യത്തിന്റെ ശോഭയാണ്; ക്രിസ്തീയ പൂർണതയിലേക്കുള്ള പാതയുടെ തുടക്കമാണ്; പ്രാർത്ഥനയുടെ അമ്മയാണ്; വിവേകത്തിന്റെ സന്താനമാണ്; നിശ്ചലതയുടെ ഗുരുവാണ്; എല്ലാ നന്മപ്രവൃത്തികളുടെയും മുന്നോടിയാണ്’’. മനുഷ്യന്റെ അധരങ്ങളിൽ ഉപവാസത്തിന്റെ മുദ്ര പതിയുന്പോൾ അവന്റെ ഹൃദയത്തിൽ കരുണ പ്രതിഫലിക്കുന്നു.
ഒരു മനുഷ്യൻ ഉപവസിക്കാൻ തുടങ്ങുന്പോൾ ദൈവവുമായി സംഭാഷണത്തിൽ ഏർപ്പെടാൻ അവൻ മനസിൽ കൊതിക്കുന്നു. ഈ ദൈവാനുഭവം അവനെ കാരുണ്യത്തിന്റെ ഇരിപ്പിടമാക്കി മാറ്റുന്നു.
അതീവ ഹൃദയസ്പർശിയായാണ് മാർ ഇസഹാക്ക് കരുണയെ വർണിക്കുന്നത്: “എന്താണ് കരുണയുള്ള ഹൃദയം? സമസ്ത സൃഷ്ടികൾക്കും വേണ്ടിയുള്ള, സകല മനുഷ്യർക്കും മൃഗങ്ങൾക്കും പക്ഷികൾക്കും പിശാചുകൾക്കും പോലും വേണ്ടിയുള്ള ഹൃദയത്തിന്റെ ജ്വലനമാണത്.
അവരെ കാണുന്പോൾ അവരെക്കുറിച്ച് ഓർക്കുന്പോൾ പോലും ഹൃദയത്തിൽ നിറയുന്ന മഹാനുകന്പയാൽ നയനങ്ങൾ സജലങ്ങളാകും. പ്രപഞ്ചത്തിലുള്ള ഒന്നും മുറിവേൽക്കുന്നതോ, വേദനിക്കുന്നതോ, കാണാനോ കേൾക്കാനോ സാധിക്കാത്തവിധം അത് ഒരുവനിൽ ആർദ്രത വളർത്തുന്നു. പ്രപഞ്ചം മുഴുവനുംവേണ്ടി കണ്ണീർ വാർത്തു പ്രാർഥിക്കാൻ അത് ഒരുവനെ സഹായിക്കുന്നു’’.