നോന്പിൽ മുഴങ്ങുന്ന കൃപയുടെ കാഹളം
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Tuesday, February 27, 2024 9:27 AM IST
നോന്പിന്റെ നാളുകൾ തിരിഞ്ഞുനോട്ടത്തിന്റെയും മാനസാന്തരത്തിന്റെയും തിരിച്ചുപോക്കിന്റെയും നാളുകളായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. ദൈവം ആദത്തെ സൃഷ്ടിച്ചതു മനുഷ്യത്വത്തിന്റെ പൂർണതയിലാണ്. ഈ ആദിമ പരിശുദ്ധിയാണ് ദൈവം കനിഞ്ഞുനൽകിയ സ്വാതന്ത്ര്യത്തിന്റെ ദുർവിനിയോഗം മൂലം ആദം നഷ്ടപ്പെടുത്തിയത്.
പരിശുദ്ധമായ പറുദീസയുടെ വാതിലുകൾ അവന്റെ മുന്പിൽ കൊട്ടിയടയ്ക്കപ്പെട്ടു. മാർ അപ്രേം പഠിപ്പിക്കുന്നതനുസരിച്ച് രണ്ടാം ആദമായ ഈശോയുടെ പാർശ്വം കുത്തിത്തുളയ്ക്കപ്പെട്ടപ്പോഴാണ് മനുഷ്യവംശത്തിനായി വീണ്ടും പറുദീസയുടെ വാതിലുകൾ തുറക്കപ്പെട്ടത്. അവിടെനിന്നൊഴുകിയ കൃപയാലാണ് മനുഷ്യവംശം പവിത്രീകൃതമായത്.
ദൈവകൃപ ദൈവദൂഷകരെപ്പോലും മാനസാന്തരത്തിലേക്കു നയിച്ച് അവരുടെ വായ്കൾ അടച്ച് അവരെ ദൈവസ്തുതി മുഴക്കുന്ന കിന്നരങ്ങളാക്കി മാറ്റുന്നുവെന്നു പഠിപ്പിക്കുന്ന മാർ അപ്രേം ദൈവത്തിന്റെ, നീതിയെ അതിശയിക്കുന്ന കൃപയെക്കുറിച്ച് വാചാലനാകുന്നത് ശ്രദ്ധിക്കൂ: “സ്വർഗസമ്മാനം നീതിപൂർവം ലഭിക്കാനും സൗജന്യമായിട്ടല്ലാതെ ലഭിക്കാനും ആരുടെ അധ്വാനമാണു മതിയായത്? നീതിപൂർവം ഒരു തുള്ളിക്കേ അവന് അവകാശമുള്ളൂ. ബാക്കിയുള്ളവയൊക്കെ കൃപയാലാണ് ലഭിക്കുക...’’ (വിശ്വാസഗീതം 50,10).
മഹാതാപസികനായ ശെമയോൻ ദ്തൈബൂസേ (ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധൻ) നമ്മുടെ ജീവിതത്തിൽ ദൈവകൃപയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് പറയുന്നത് ശ്രദ്ധാർഹമാണ്: “ദൈവികകൃപ നമ്മെ സംരക്ഷിക്കുന്നില്ലെങ്കിൽ നമ്മുടെ തപിക്കുന്ന അധ്വാനത്തിനൊടുവിൽ ഒരു ചെറിയ വികാരം മതി, മെഴുകുപോലെ നാം ഉരുകിത്തീരാൻ... നാം എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ്.”
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരുവൻ ദൈവികകൃപയാൽ നിറയുന്പോൾ അപരന്റെ കുറവുകൾക്കു മുന്പിൽ അവൻ അന്ധനായിത്തീരുന്നു. മറ്റുള്ളവരുടെ കുറവുകൾ കണ്ടെത്തി വിമർശിക്കുന്നത് ഒരു കലയായി കരുതി പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ തലമുറയെ ശെമയോൻ ദ്തൈബൂസേയുടെ ഈ വാക്കുകൾ ഇരുത്തിച്ചിന്തിപ്പിക്കും:
പൊള്ളയായ ആത്മാവിന്റെ ഉടമകളാണ് അയൽക്കാരന്റെ ന്യായാധിപർ ചമഞ്ഞ് അവരുടെ നന്മതിന്മകളെ വിധിക്കുക. എന്നാൽ കൃപ നമ്മെ സന്ദർശിക്കുന്പോൾ, നമ്മുടെ ഹൃദയമാകുന്ന ദർപ്പണത്തിൽ പതിക്കുന്ന സഹജസ്നേഹമാകുന്ന ഭാസുരപ്രകാശത്തിൽ ഈ ലോകത്തിൽ ഒരു പാപിയെയോ ഒരു ദുഷ്ടനെയോ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടുന്നു.
മറിച്ച്, പിശാചുക്കളുടെ നിയന്ത്രണത്തിൽ ശാപങ്ങളുടെ ഇരുളിലാണ് നാം വ്യാപരിക്കുന്നതെങ്കിൽ നമ്മുടെ ദൃഷ്ടിയിൽ ഈ ലോകത്തിൽ ഒരു നല്ലവനോ, ഒരു നീതിമാനോ കാണില്ല. നമ്മുടെ മനസിന്റെ മിഴികൾ അപരന്റെ ബലഹീനതകൾക്കു മുന്പിൽ പൂർണമായും അടയുന്പോൾ നമ്മുടെ ഹൃദയം ദൈവത്താൽ നവ്യമാക്കപ്പെടും.
നമ്മെ മാനസാന്തരത്തിലേക്കും വിശുദ്ധിയിലേക്കും നയിക്കുന്നത് ഒരിക്കലും നമ്മുടെ തപസോ പ്രാർഥനയോ പരിത്യാഗപ്രവൃത്തികളോ അല്ല; മറിച്ച്, നമ്മിൽ പ്രവർത്തനനിരതമാകുന്ന കർത്താവിന്റെ കൃപയാണ് എന്ന യാഥാർഥ്യം നോന്പിന്റെ ഈ നാളുകളിൽ നമ്മെ വിനീതരാക്കണം.