നിന്ദിക്കപ്പെടുന്ന ദൈവിക ഛായ
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Thursday, February 29, 2024 9:42 AM IST
ദൈവം നമ്മോടു കാണിക്കുന്ന വലിയ കരുണ നാം തിരിച്ചറിയേണ്ട സമയമാണു നോന്പുകാലം. ദൈവത്തിൽനിന്നു നാം അളവില്ലാതെ സ്വീകരിക്കുന്ന കൃപയും കരുണയും നമ്മെയും കരുണയുള്ളവരാക്കണം. നോന്പുകാലത്ത് കർതൃസാമീപ്യത്തിലായിരിക്കാൻ നാം നടത്തുന്ന യത്നങ്ങളുടെ ഫലം ദൃശ്യമാകേണ്ടതു നമ്മുടെ പരസ്നേഹപ്രവൃത്തികളിലാണ്.
സുറിയാനി പിതാക്കന്മാരുടെ പ്രബോധനങ്ങളിൽ വർധിച്ച പ്രാധാന്യമാണ് ഈ യാഥാർഥ്യത്തിനു നൽകപ്പെട്ടിരിക്കുന്നത്. ദൈവം തന്റെ സ്വന്തം ഛായയിൽ സൃഷ്ടിച്ചിരിക്കുന്ന ഒരുവനെ നിന്ദിക്കാനും വെറുക്കാനും കുറ്റപ്പെടുത്താനുമൊക്കെ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു എന്നു ചോദിച്ചുകൊണ്ട് മാർ അപ്രേം നൽകുന്ന ഉപദേശം ശ്രദ്ധേയമാണ്:
“അയൽക്കാരനോടു നീ ദേഷ്യപ്പെട്ടാൽ നീ ദൈവത്തോടാണു കോപിക്കുന്നത്. കാരണം അവൻ ദൈവത്തിന്റെ ഛായയാണ്... നിങ്ങൾ ദൈവത്തെ ബഹുമാനിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവനെ ആദരിക്കൂ’’. നിനിവേയിലെ മാർ ഇസഹാക്കാകട്ടെ അപരനോടുള്ള പരമാവധി സ്നേഹം നമ്മുടെ കടമയായാണ് വർണിക്കുക:
നീ അയൽക്കാരനെ കണ്ടുമുട്ടുന്പോൾ അയാൾ അർഹിക്കുന്നതിലും അധികം ബഹുമാനം അയാൾക്കു നൽകാൻ ശ്രമിക്കണം. അവന്റെ കരങ്ങളും പാദങ്ങളും ചുംബിക്കണം. അയാളോടുള്ള പരിശുദ്ധ സ്നേഹത്താൽ നിന്റെ ഹൃദയം തീക്ഷ്ണമാക്കണം... എല്ലാ നന്മകളും, അയാൾ അർഹിക്കുന്നില്ലെങ്കിൽപോലും അയാളിൽ ആരോപിക്കണം. അയാളുടെ അസാന്നിധ്യത്തിൽ അയാളുടെ നന്മകൾ മാത്രം പറയാനുള്ള മാന്യത പുലർത്തണം.
ആദരവോടെ മാത്രമേ അദ്ദേഹത്തെ അഭിസംബോധന ചെയ്യാവൂ. നീ ഇപ്രകാരം പ്രവർത്തിക്കുന്പോൾ ഈ സദ്ഗുണങ്ങൾ ആഗ്രഹിക്കാൻ നീ അയാളെ പ്രേരിപ്പിക്കുകയായിരിക്കും ചെയ്യുക. നീ അയാൾക്കു നൽകുന്ന അനർഹമായ ബഹുമതിയിൽ അയാൾ ലജ്ജിതനാകും.
നിന്റെ പ്രവൃത്തികൾ അയാളിൽ നന്മയുടെ വിത്തുകൾ വിതയ്ക്കും. എന്നാൽ എപ്പോഴെങ്കിലും നീ ഒരാളോടു ദേഷ്യപ്പെട്ടാൽ, വിശ്വാസത്തെക്കുറിച്ചുള്ള തീക്ഷ്ണത കൊണ്ടോ അവന്റെ തിന്മപ്രവൃത്തികളെക്കുറിച്ചുള്ള അരിശം കൊണ്ടോ ആകട്ടെ, ഓർക്കുക, നമ്മുടെ എല്ലാവരുടെയും നീതിമാനായ വിധിയാളൻ സ്വർഗത്തിലുണ്ട്. എന്നാൽ മറുവശത്ത് കരുണയോടെ അയാളെ സത്യത്തിലേക്കു നയിക്കാൻ നീ യത്നിക്കുകയാണെങ്കിൽ നീ നിശ്ചയമായും അയാൾക്കുവേണ്ടി സഹിക്കേണ്ടിവരും.
നീ അവനോടു കണ്ണീരോടും സ്നേഹത്തോടും കൂടി ഒന്നോ രണ്ടോ വാക്കു മാത്രം സംസാരിക്കും. നിന്റെ കോപം അവന്റെ നേരെ ജ്വലിക്കില്ല. ശത്രുതയുടെയോ വെറുപ്പിന്റെയോ ലാഞ്ഛനപോലും നിന്റെ മുഖത്തു കാണില്ല. കാരണം യഥാർഥ സ്നേഹത്തിനു ദേഷ്യപ്പെടാൻ അറിയില്ല.
സഹജനു സാധനത്തിന്റെ വിലപോലും കല്പിക്കാൻ മടിക്കുന്ന നമ്മുടെ തലമുറയ്ക്കു മാർ ഇസഹാക്കിന്റെ പ്രബോധനത്തിന്റെ വിജ്ഞാനം ഗ്രഹിക്കാനാകുമോ?.