ഉപ്പ് കലർന്ന ബലി
സിസ്റ്റര്‍ റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Thursday, February 29, 2024 9:44 AM IST
“നിന്റെ ബലിയോടൊപ്പം ഉപ്പു കലർത്തണം’’ എന്ന നിർദേശം ആചാര്യന്മാരുടെ പുസ്തകത്തിൽ (ലേവ്യ 2,13) കാണാൻ കഴിയും. എന്താണ് ഈ ഉപ്പ് എന്നതിനു “നിന്റെ കർത്താവിനോടുള്ള സ്നേഹമായിരിക്കട്ടെ നിന്റെ അർപ്പണത്തിന്റെ ഉപ്പ്’ എന്ന ഹൃദ്യമായ വ്യാഖ്യാനമാണു സുറിയാനി പിതാക്കന്മാർ നൽകുക. കർതൃസ്നേഹം പ്രായോഗികമാക്കേണ്ടതു സഹജസ്നേഹത്തിലൂടെയാണെന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും അവർ തയാറല്ല.
ഒരു പരിധികൂടികടന്ന് നീ നിന്റെ സഹമനുഷ്യരുടെ പകുതിയാണെന്നാണ് മാർ അപ്രേം പഠിപ്പിക്കുക (മാർ അപ്രേം, സഭാഗീതങ്ങൾ 4,6)- അതുകൊണ്ടു നീ പ്രാർത്ഥിക്കാനായി നിൽക്കുന്പോൾ നിന്റെ ശത്രുപോലും നിന്നിൽ സന്നിഹിതനായിരിക്കും. നീ ഒരു നല്ല കാര്യത്തിനായി അപേക്ഷിക്കുന്പോൾ നിന്റെ അയൽക്കാരനുവേണ്ടിയും അപേക്ഷിക്കുക. തിന്മ നിന്നിൽനിന്ന് അകലാൻ ആഗ്രഹിക്കുന്പോൾ നിന്റെ സഹമനുഷ്യർക്കായും അത് ആഗ്രഹിക്കുക.
നിനക്കുവേണ്ടിമാത്രമുള്ള നിന്റെ പ്രാർഥനകൾ ശുഷ്കമാണ്. ആ പ്രാർഥന ഉന്നതത്തിലേക്കു പറക്കാൻ ചിറകുകളില്ലാതെ നിന്റെ വായിൽതന്നെ ഇരിക്കും. എന്നാൽ നിന്റെ സഹമനുഷ്യർക്കായി നീ പ്രാർത്ഥിക്കുന്പോൾ യഥാർഥത്തിൽ നിനക്കുവേണ്ടി തന്നെയാണു നീ പ്രാർഥിക്കുക.