കാണാമറയത്തെ കാരുണ്യപ്രവൃത്തികൾ
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Friday, March 1, 2024 3:56 PM IST
നോന്പുദിനങ്ങളിൽ സ്വന്തം സുഖസൗകര്യങ്ങൾ വെട്ടിച്ചുരുക്കി അതിലൂടെ മാറ്റിവയ്ക്കാൻ കഴിയുന്ന പണം ആവശ്യത്തിലായിരിക്കുന്ന സഹോദരരുമായി പങ്കുവയ്ക്കുന്ന രീതി ആദ്യനൂറ്റാണ്ടുമുതൽ സഭയിൽ തുടരുന്ന ധന്യമായ പരന്പര്യമാണ്. മാർത്തോമ്മാ നസ്രാണികളും ഇതിനൊരു അപവാദമല്ല.
എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവനു നിങ്ങൾ ഇതു ചെയ്തു കൊടുത്തപ്പോഴൊക്കെ എനിക്കു തന്നെയാണു ചെയ്തുതന്നത് എന്ന കർതൃമൊഴി (മത്താ 25,40) അപരർക്കായി നന്മയുടെ കരങ്ങൾ നീട്ടാൻ നമുക്കു പ്രചോദനമാവുന്നു.
മഹാനായ മാർ ബസേലിയോസിന്റെ അഭിപ്രായത്തിൽ നമ്മുടെ പരസ്നേഹപ്രവൃത്തികൾ ഒരിക്കലും നമ്മുടെ ഔദാര്യമല്ല. മറിച്ച് അപരന്റെ അവകാശം നാം വിട്ടു നൽകുന്നുവെന്നുമാത്രം. അദ്ദേഹത്തിന്റെ ചിന്തോദ്ദീപകമായ വാക്കുകൾ ശ്രദ്ധിക്കൂ. “നിങ്ങൾ ഉപയോഗിക്കാത്ത അപ്പം വിശക്കുന്നവർക്കുള്ളതാണ്. പെട്ടിയിൽ വെറുതെ സൂക്ഷിച്ചിരിക്കുന്ന വസ്ത്രം നഗ്നർക്കുള്ളതാണ്. നിങ്ങൾ ധരിക്കാത്ത ചെരുപ്പുകൾ നിഷ്പാദുകരുടേതാണ്. നിങ്ങൾ പൂട്ടി സൂക്ഷിക്കുന്ന പണം ദരിദ്രരുടേതാണ്’’.
സഹജന്റെ അവകാശം വിട്ടുകൊടുക്കുന്നവൻ തന്റെ ഔദാര്യമാണെന്നമട്ടിൽ അതു സമൂഹമാധ്യമങ്ങളിൽ സചിത്രം കൊട്ടിഘോഷിക്കുന്പോൾ അവനരികിൽനിന്ന് അത് ഏറ്റുവാങ്ങുന്നവന്റെ കുനിഞ്ഞ മുഖവും നിസഹായതയും എത്രപേർ ശ്രദ്ധിക്കാറുണ്ട്?
നീ ധർമദാനം ചെയ്യുന്പോൾ അതു രഹസ്യമായിരിക്കേണ്ടതിനു നിന്റെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ (മത്താ 6, 3) എന്ന കർതൃവചനം നമുക്കു മറക്കാതിരിക്കാം. എന്നാൽ ഇതിനൊക്കെ അപ്പുറത്തേക്കാണു സുറിയാനി താപസികകൃതിയായ ശ്രേണികളുടെ ഗ്രന്ഥത്തിന്റെ കർത്താവായ അജ്ഞാത പിതാവ് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുക.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ എനിക്കു വിശന്നു നിങ്ങൾ എനിക്കു ഭക്ഷണം നൽകി, ഞാൻ നഗ്നനായിരുന്നു നിങ്ങൾ എന്നെ ഉടുപ്പിച്ചു എന്നു തുടങ്ങിയുള്ള നമ്മുടെ കർത്താവിന്റെ വചനത്തിന് ഇരട്ട അർഥം നൽകണം. വിശക്കുന്നവർക്കു ഭക്ഷണവും ദാഹിക്കുന്നവർക്കു പാനീയവും വസ്ത്രമില്ലാത്തവർക്കു വസ്ത്രവുമൊക്കെ നൽകാൻ നടത്തുന്ന സാധാരണ യത്നങ്ങൾക്ക് അപ്പുറം കടക്കാൻ നമുക്കാകണം.
ഭൗമിക ഭക്ഷണത്തിന്റെ സമൃദ്ധിയിലും ജീവന്റെ അപ്പത്തിനായി, നീതിക്കും രക്ഷയ്ക്കുമായി വിശക്കുന്നവരുണ്ട്. ജീവജലത്തിനായി ദാഹിക്കുന്നവരുണ്ട്. വിവിധ കാരണങ്ങളാൽ പട്ടുവസ്ത്രങ്ങൾ ധരിച്ചിരിക്കുന്പോഴും വിവസ്ത്രരായവരുടെ ജാള്യത അനുഭവിക്കുന്നവരുണ്ട്. ശരീരത്തെക്കാൾ അധികം മനസിനു തളർച്ചയുള്ള ആളുകളുണ്ട്.
മനുഷ്യരാൽ തടവിലാക്കപ്പെട്ടവരിലുമധികം സാത്താനാൽ തടവിലാക്കപ്പെട്ടവരുണ്ട്. കാണാമറയത്താണ് ഇക്കൂട്ടരുടെ ആവശ്യങ്ങളിലധികവും. നമ്മുടെ സഹോദരരുടെ ആത്മാവിലേക്കുകൂടെ നമ്മുടെ സ്നേഹവും കരുണയും ഒഴുകട്ടെ. അഞ്ചു പൈസ മുതൽമുടക്കില്ലാതെ ചെയ്യാനാവുന്ന പ്രസ്തുത സഹായങ്ങളും നമ്മുടെ പരസ്നേഹപ്രവൃത്തികളുടെ പട്ടികയിൽ ഈ നോന്പുകാലത്ത് ഉൾപ്പെടുത്താം.