ആത്മാക്കളുടെ വൈദ്യൻ
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Sunday, March 3, 2024 4:10 PM IST
സഭയെ ആതുരാലയമായി വിശേഷിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ദർശനം സുറിയാനി പിതാക്കന്മാരുടെ പ്രബോധനങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. അവർ പാപത്തെ രോഗമായും മുറിവായുമൊക്കെയാണു വർണിച്ചിട്ടുള്ളത്.
പാപികൾ അവർക്കു രോഗികളും മുറിവേറ്റവരുമാണ്; അവരുടെ അഭയസ്ഥാനമായ സഭ ആതുരാലയവും. മാർ യോഹന്നാൻ ക്രിസോസ്തോമിന്റെ വാക്കുകളിൽ സഭയുടെ വേദികയിൽ പ്രശംസനീയമായ വിധത്തിൽ ശസ്ത്രകിയകൾ നടക്കുന്നു; ശരീരത്തിനല്ല, ആത്മാക്കൾക്കുള്ള ശസ്ത്രക്രിയ. മുറിവുണങ്ങാനുളള മരുന്ന് ഔഷധ സസ്യങ്ങളുടെ നീരല്ല, മറിച്ചു സ്വർഗത്തിൽനിന്നുള്ള വചനമാണ്. മാർ അപ്രേം കൂടുതൽ വിശദീകരിച്ചുകൊണ്ടു പറയുന്നു.
മിശിഹായാണ് ആത്മാക്കളുടെ വൈദ്യൻ... രോഗികളായ പാപികളെ തേടിയെത്തുന്ന വൈദ്യൻ. എല്ലാ വൈദ്യന്മാരും മരുന്നുകൾകൊണ്ടു മുറിവുകൾ സുഖപ്പെടുത്തുന്പോൾ മരുന്നോ ഔഷധച്ചെടിയോ കൂടാതെ തന്റെ സ്നേഹംകൊണ്ട് ഈ വൈദ്യൻ രോഗികളെ സുഖപ്പെടുത്തുന്നു. സാധാരണ വൈദ്യന്മാർ പ്രതിഫലം ലഭിച്ചു തൃപ്തരായ ശേഷമാണു രോഗികളെ പരിശോധിക്കുക. എന്നാൽ ഈ വൈദ്യന്റെ കരുണ തന്റെ പക്കലേക്കു വരാൻ മടിക്കുന്ന അല്ലെങ്കിൽ സാധിക്കാത്ത രോഗികളെപ്പോലും തേടിപ്പോകുന്നു.
ഈശോയുടെ ഭൗമികജീവിതകാലത്ത് അവന്റെ വസ്ത്രത്തിൽ സ്പർശിച്ചവരും അവൻ സ്പർശിച്ചവരും അവന്റെ ഉമിനീരാൽ പൂശപ്പെട്ടവരുമൊക്കെ സൗഖ്യം നേടി. അതായത് അവന്റെ ശരീരം സൗഖ്യദായകമായിരുന്നു. ഉത്ഥിതനായ അവന്റെ ശരീരം ഇപ്പോൾ സഭയാണ്. ആത്മാക്കളുടെ ഈ വൈദ്യൻ ഇന്ന് രോഗികൾക്കുനേരേ തന്റെ കരങ്ങൾ നീട്ടുന്നത് സഭയാകുന്ന ആതുരാലയത്തിൽ പുരോഹിതരിലൂടെയാണ്. ഈ ഔഷധ ചികിത്സയ്ക്കു വെള്ളിയല്ല വിലയായി നൽകേണ്ടത്, മറിച്ചു ലക്ഷ്യത്തിലും മനോഭാവത്തിലുമുള്ള ആത്മാർഥതയാണ്.
വൈദ്യശുശ്രൂഷ നിർവഹിക്കുന്ന പുരോഹിതന്മാർക്കും അവരുടെ പക്കലണയുന്ന രോഗികൾക്കുമായി മാർ അഫ്രഹാത്ത് ശ്രദ്ധേയമായ ഉപദേശം നൽകുന്നുണ്ട്: “സാത്താന്റെ പ്രഹരത്താൽ മുറിവേറ്റവരേ, ലജ്ജ കൂടാതെ പുരോഹിതരായ വൈദ്യന്മാരെ നിങ്ങളുടെ മുറിവുകൾ കാണിച്ചു ചികിത്സ തേടണം. മടി കാണിച്ചാൽ വ്രണം നിങ്ങളുടെ ശരീരം മുഴുവനിലേക്കും വ്യാപിക്കും.
മഹനീയനായ യഥാർഥ വൈദ്യന്റെ ശിഷ്യരായ വൈദിക വൈദ്യന്മാരേ..., നിങ്ങളെ സമീപിക്കുന്ന സൗഖ്യം ആവശ്യമുള്ളവരിൽനിന്ന് മരുന്നു തടഞ്ഞുവയ്ക്കരുത്. തന്റെ മുറിവ് നിങ്ങളെ കാണിക്കുന്നവർക്ക് ഔദാര്യപൂർവം അനുതാപത്തിന്റെ ദിവ്യഔഷധം നൽകുക. തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ചുള്ള ലജ്ജമൂലം നിങ്ങളെ സമീപിക്കാൻ മടിക്കുന്നവരോടു രോഗം മറച്ചുവയ്ക്കരുതേയെന്ന് ഉപദേശിക്കണം. അവർ നിങ്ങൾക്കു മുന്നിൽ അത് തുറന്നു കാട്ടിയാൽ അത് ഒരിക്കലും പരസ്യമാക്കരുത്’’.
സഭയുടെ പീഠത്തിൽ പുരോഹിതന്മാരാൽ പരികർമം ചെയ്യപ്പെടുന്ന വിവിധ കൂദാശകളാണ് ഈ സൗഖ്യദായക ശസ്ത്രക്രിയകളെന്നു വ്യക്തം. എല്ലാ കൂദാശാവേളകളിലും സവിശേഷമായി അനുരഞ്ജനകൂദാശയുടെ വേദികയിൽ പാപത്തിന്റെ മുറിവുകളാൽ വലയുന്ന നാം, കാരുണ്യത്തോടെ തന്റെ സ്നേഹമാകുന്ന ഔഷധത്താൽ നമ്മെ സുഖമാക്കാൻ അണയുന്ന ആത്മാക്കളുടെ വൈദ്യനെ വ്യക്തിപരമായി കണ്ടുമുട്ടുന്നു. നോന്പിന്റെ ഈ നാളുകളിൽ സഭയാകുന്ന ആതുരാലയത്തിൽ ചികിത്സ തേടാൻ പതിവായി നമുക്ക് മടികൂടാതെ അണയാം.