ഈശോനാമം എന്ന രക്ഷാകവചം
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Thursday, March 7, 2024 10:46 AM IST
ഈശോ എന്ന നാമം സ്വർഗത്തിലും ഭൂമിയിലും ഒരു പക്ഷേ ഏറ്റവും അധികം പേർ സ്നേഹത്തോടെ ഉച്ചരിക്കുന്ന നാമമായിരിക്കും. മനുഷ്യാവതാരം ചെയ്ത തന്റെ പുത്രനായി പിതാവായ ദൈവം സ്വർഗത്തിൽനിന്നു നിശ്ചയിച്ച ആ നാമം ഗബ്രിയേൽദൂതന്റെ നിർദേശപ്രകാരം വളർത്തു പിതാവായ മാർ യൗസേപ്പ് അവനു നൽകിയ നാമമാണ്.
മറിയം തന്റെ പുത്രനെ വാത്സല്യത്തോടെ വിളിച്ച പേരാണത്. രക്ഷകൻ എന്നർഥം വരുന്ന ഈ നാമം ഇന്നും ജീവദായകമാണ്. സ്ലീവാ പോലെ തന്നെ ഈശോ എന്ന നാമവും എല്ലാ കെണികളിൽനിന്നും നമ്മെ സംരക്ഷിക്കുന്ന രക്ഷാകവചമാണ്. ശക്തി പകരുന്ന ഈശോ നാമത്തെക്കുറിച്ചുള്ള മാർ അപ്രേമിന്റെ വിശദീകരണം രസകരമാണ്.
ഈ നാമം സുറിയാനിയിലെ ഏറ്റവും ചെറുതും പത്താമത്തേതുമായ യോദ് എന്ന അക്ഷരത്തിലാണ് ആരംഭിക്കുക. ഏറ്റവും ചെറിയ അക്ഷരമായ യോദിൽ ആരംഭിക്കുന്ന ഈ നാമം പക്ഷേ പത്തിന്റെ ഗുണിതങ്ങൾ സംഖ്യാ മൂല്യം പെരുപ്പിക്കുന്നതു പോലെ തന്റെ സാന്നിധ്യം വഴി അതു വഹിക്കുന്നവർക്കു ശക്തി പകരുന്നു.
ഉദാഹരണമായി ഈശോയുടെ നാമത്തിന്റെ ഭാഗമായ യോദ് എന്ന അക്ഷരം പേരിന്റെ ഭാഗമായപ്പോൾ യോഹന്നാൻ മാംദാനയും ഈശോയുടെ വളർത്തു പിതാവായ യൗസേപ്പും ശക്തി നേടി രക്ഷാകര പദ്ധതിയിൽ സഹകരിച്ചു. മിശിഹാ എന്ന തന്റെ ഔദ്യോഗിക നാമത്തിന്റെ ആദ്യാക്ഷരം നൽകി അമ്മയായ മറിയത്തെയും ഈശോ ശക്തിപ്പെടുത്തി.
ഈശോയുടെ നാമത്തിന്റെ ശക്തി ഗ്രഹിച്ച ആദിമസഭ അത് ഉരുവിടുന്നത് ഒരു പ്രാർഥനയായി കരുതാൻ തുടങ്ങി. ഇന്നും ഈശോയുടെ നാമം അനേകരെ ശക്തിപ്പെടുത്തുന്നു. പൗരസ്ത്യ യവന പാരന്പര്യത്തിൽപ്പെട്ട ആത്തോസ് മലനിരകളിലെ സന്യാസിമാരുടെ സ്വാധീനം മൂലം ഈശോനാമജപം (Jesus Prayer) എന്ന പേരിൽ വിഖ്യാതമായ പ്രാർഥനാ സംവിധാനം തന്നെ പ്രചരിച്ചു. മാർത്തോമ്മാ നസ്രാണികളായ നമുക്കും ഏറ്റവും ഹൃദ്യമായ ഒന്നാണ് ഈശോനാമം. മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ ചെവിയിൽ ആദ്യം ചൊല്ലിക്കൊടുക്കുന്നത് ഈ നാമമാണ്.
മരണാസന്നരായവരെ ഈശോയുടെ നാമം ചൊല്ലിക്കൊടുത്താണ് ഈ ലോകത്തിൽ നിന്നു നാം യാത്രയാക്കുക. മാർത്തോമ്മാ നസ്രാണികളായ നാം നമ്മുടെ പിതാവായ തോമാശ്ലീഹായുടെ വിശ്വാസ പ്രഘോഷണമായ “എന്റെ കർത്താവും എന്റെ ദൈവവുമേ” എന്ന ജപം ഈശോയുടെ നാമത്തോടുചേർത്ത് ആവർത്തിച്ചുരുവിടാറുണ്ട്.
നോന്പിന്റെ ഈ വിശുദ്ധ നാളുകളിൽ ഈശോയുടെ മധുരനാമം നമ്മുടെ നിരന്തര പ്രാർഥനയാവട്ടെ. മാർ യോഹന്നാൻ ക്രിസോസ്തോം പറയുന്നതുപോലെ “നമ്മുടെ കർത്താവായ ഈശോയുടെ നാമത്തിൽ നിരന്തരം വസിക്കുക. അങ്ങനെ ഹൃദയം കർത്താവിനെയും കർത്താവു ഹൃദയത്തെയും വിഴുങ്ങുകയും ഇരുവരും ഒന്നായിത്തീരുകയും ചെയ്യട്ടെ!!!’’.