പ്രാർഥനയുടെ പരിശീലനക്കളരി
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Thursday, March 7, 2024 10:49 AM IST
നോന്പുകാലം പ്രാർഥിച്ചു പ്രാർഥിച്ചു പ്രാർഥനയാകാനുള്ള നമ്മുടെ സവിശേഷദൗത്യത്തെ നിരന്തരം ഓർമിപ്പിക്കുന്ന കാലമാണ്. “നിരന്തരം പ്രാർഥിക്കുവിൻ” (1 തെസ 5,17) എന്ന പൗലോസ് ശ്ലീഹായുടെ പ്രബോധനം ഏറ്റുവാങ്ങിയ ആദിമസഭ, അതു പ്രായോഗികമാക്കാൻ തന്റെ മക്കൾക്കായി ക്രമീകരിച്ചിരിക്കുന്ന ഔദ്യോഗിക സംവിധാനമാണ് യാമശുശ്രൂഷകൾ.
പാശ്ചാത്യ-പൗരസ്ത്യ പാരന്പര്യങ്ങളിൽപ്പെടുന്ന എല്ലാ സഭകളിലും യാമശുശ്രൂഷകൾ ഏഴുനേര പ്രാർഥനകളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നതിനു പിന്നിൽ യഹൂദ മതത്തിന്റെ സ്വാധീനം വ്യക്തമാണ്. ഒരു ദിവസം ഏഴു പ്രാവശ്യം പ്രാർഥിക്കാൻ പഴയ നിയമം അനുശാസിക്കുന്നു (സങ്കീ 118,164). ഏഴ് പൂർണതയുടെ സംഖ്യയാണ്.
ഏഴുനേര പ്രാർഥന മുഴുനേര പ്രാർഥനയാണ്. തങ്ങളുടെ ജീവിതകാലം മുഴുവൻ പ്രാർഥനയിൽ മുഴുകി മിശിഹാമയരായിത്തീർന്ന നിരവധി താപസരുടെ അനേക വർഷത്തെ പരിശ്രമഫലമായി സങ്കീർത്തനങ്ങളും വിശുദ്ധഗ്രന്ഥ വായനകളും സഭാപിതാക്കന്മാരാൽ വിരചിതമായ ഗീതങ്ങളുമൊക്കെ ചേർത്തിണക്കി ക്രമീകരിക്കപ്പെട്ടിരിക്കുന്ന യാമപ്രാർഥനകൾ ഓരോ സഭയുടെയും അമൂല്യനിക്ഷേപങ്ങളാണ്. അമ്മയും ഗുരുനാഥയുമായ സഭ തന്റെ മക്കളെ വിശ്വാസതത്വങ്ങൾ പഠിപ്പിച്ച് അതനുസരിച്ചു ജീവിക്കാൻ പരിശീലിപ്പിക്കുന്ന കളരിയാണ് അവളുടെ യാമശുശ്രൂഷാ വേളകൾ.
നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമായ പരിശുദ്ധകുർബാനയർപ്പണം ഈശോയുടെ ബലിയോടു ചേർത്തു നമ്മുടെ ജീവിതം പ്രാർഥനയായി സമർപ്പിക്കപ്പെടുന്ന വേളകൂടെയാണ്. കുർബാനയുടെ ചൈതന്യം യാമങ്ങളിലേക്കും മണിക്കൂറുകളിലേക്കും നിമിഷങ്ങളിലേക്കും പ്രവഹിപ്പിച്ചു ജീവിതം മുഴുവൻ നിരന്തര രക്ഷാകര അനുഭവമായി പരിണമിപ്പിക്കുന്നതിനാണു യാമപ്രാർഥനകൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. സാമാന്യജനം കരുതുന്നതുപോലെ ഇതൊരിക്കലും മെത്രാൻമാരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും മാത്രം ഔദ്യോഗിക പ്രാർഥനയല്ല; മറിച്ചു സഭ മുഴുവന്റെയും പ്രാർഥനയാണ്.
നമ്മുടെ വിവിധ സഭകളുടെ യാമപ്രാർഥനകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമായതിനാൽ ഏഴു നേരവും കൃത്യമായി സഭയുടെ യാമനമസ്കാരങ്ങളിൽ പങ്കു ചേരുന്ന അത്മായരുടെ പ്രത്യേകിച്ച് യുവജനങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നത് അമ്മയായ സഭയ്ക്ക് അഭിമാനകരമാണ്.
അല്പം മനസുവച്ചാൽ എല്ലാവർക്കും ഏഴുനേര യാമപ്രാർഥനകൾ ശീലമാക്കാനാകും. കൃത്യമായി പുസ്തകമുപയോഗിച്ചു പ്രാർഥിക്കാൻ സാധിക്കാത്ത അവസരത്തിലും സഭയുടെ ഔദ്യോഗിക യാമങ്ങളിൽ ഒരു കർതൃപ്രാർഥനയെങ്കിലും ചൊല്ലി, പ്രാർഥിക്കുന്ന സഭാസമൂഹത്തിൽ ചേരാൻ യത്നിക്കുന്ന ശീലം ഈ നോന്പുകാലത്തു നമുക്കാരംഭിക്കാം.
ലോകം മുഴുവനെയും സൃഷ്ടപ്രപഞ്ചത്തെയും സഹോദരങ്ങളെയും ഹൃദയത്തിൽവഹിച്ചു നമ്മുടെ ജീവിതങ്ങൾ സ്തുതിയുടെ കീർത്തനങ്ങളായി പരിണമിപ്പിക്കാനുള്ള ആ യത്നം സമയത്തെയും കാലത്തെയും പ്രപഞ്ചത്തെയും പവിത്രീകരിച്ചു തേജോമയമാക്കി സമസ്തസൃഷ്ടികളെയും ദൈവസ്തുതികളാക്കി പരിണമിപ്പിക്കും. നമ്മുടെ പ്രാർഥനകൾ നിറഞ്ഞു പവിത്രീകരിക്കപ്പെട്ട ഭൂമിയിൽ ദൈവം ഇറങ്ങിവന്ന് അതിനെ സ്വർഗമാക്കി മാറ്റുമെന്നു തീർച്ച.