വിസ്മയിപ്പിക്കുന്ന മൗനം
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Friday, March 8, 2024 3:44 PM IST
മൗനവും നിശബ്ദതയുമൊക്കെ അപരിചിതമാകുന്ന ലോകത്താണു നാം ജീവിക്കുന്നത്. യന്ത്രങ്ങളും വാഹനങ്ങളും മനുഷ്യരും ഇതരസൃഷ്ടികളുമെല്ലാം പുറപ്പെടുവിക്കുന്ന ശബ്ദത്തേക്കാൾ ഒരുപക്ഷേ ഉയർന്നുകേൾക്കാവുന്നതു നമ്മുടെ ഉള്ളിൽ ഉയരുന്ന ആക്രോശങ്ങളുടെയും ആവലാതികളുടെയും പരിഭവങ്ങളുടെയും നെടുവീർപ്പുകളുടെയുമൊക്കെ സ്വരമാകാം.
സ്വന്തം മാതാപിതാക്കളോടും പങ്കാളിയോടും മക്കളോടും സഹോദരങ്ങളോടുമൊന്നും സംസാരിക്കാൻ സമയമില്ലാത്തവരുടെ എണ്ണം പെരുകി വീട്ടിൽ മൂകത നിറയുന്പോൾ യഥാർഥ മൗനം പക്ഷേ നമ്മുടെ മുന്നിൽ ഒരു മരീചികയായി മാറുന്നു.
ഒന്നു നിശബ്ദരാകാനും നിശ്ചലരാകാനും കഴിവില്ലാത്തവിധം ഇന്നു നാം വ്യഗ്രതയുടെ പിടിയിലാണ്. കുളിക്കുന്പോഴും ഉറങ്ങുന്പോഴും പോലും സ്മാർട്ട് ഫോണുകൾ താഴെവയ്ക്കാൻ കഴിയാത്തവിധം അതിനെ പ്രണയിക്കുന്നവർ എല്ലാ പ്രായത്തിലുമുള്ളവരുടെയിടയിലും പെരുകുകയാണ്. ഈ ബഹളങ്ങൾക്കിടയിൽ മൗനത്തിന്റെ സൗന്ദര്യം കാണാൻ, ശക്തി ഗ്രഹിക്കാൻ നാം മറക്കുന്നു.
മൗനം യഥാർഥത്തിൽ വെറും നിശബ്ദതയല്ല; സ്വയം ആവിഷ്കരിക്കാനുള്ള ആഗ്രഹങ്ങൾക്ക്, സ്വന്തം അവകാശങ്ങൾ പിടിച്ചു വാങ്ങാനുള്ള ആക്രോശങ്ങൾക്ക്, തന്റെ ഭാഗം ന്യായീകരിക്കാനുള്ള പ്രവണതകൾക്ക്, അപരനെ ഇകഴ്ത്താനുള്ള തൃഷ്ണയ്ക്ക്, സത്യം മറച്ചുപിടിക്കാനുള്ള വ്യർഥശ്രമങ്ങൾക്കൊക്കെ വിരാമമിടാനുള്ള ബോധപൂർവമായ ആർജവത്വമാണ്.
മുനിയുടെ ഭാവമാണത്. സ്വരമില്ലാത്തവർക്കായി സ്വരമുയർത്തുന്പോൾ, അപരന്റെ നന്മ വർണിക്കുന്പോൾ ലംഘിക്കപ്പെടാത്ത അനുപമസുകൃതം. നോന്പിന്റെ ഈ നല്ല നാളുകൾ വർജനത്തിന്റെ നാളുകൾ മാത്രമാകാതെ, സുകൃതങ്ങൾ ആർജിക്കാനുള്ള ദിനങ്ങളുമാകട്ടെ. സുറിയാനി സഭാപിതാവായ യോഹന്നാൻ ഈഹീദായ യഥാർഥ മൗനത്തിലേക്കുള്ള നമ്മുടെ പ്രയാണത്തിന്റെ അഞ്ചു ഘട്ടങ്ങൾ വിവരിക്കുന്നുണ്ട്.
1. ദുഷിച്ച സംസാരത്തിൽനിന്നുള്ള അകൽച്ചയായ നാവിന്റെ മൗനം. 2. പഞ്ചേന്ദ്രിയങ്ങളുടെ നിശ്ചലതയായ ശരീരത്തിന്റെ മൗനം. 3. ദുഷിച്ച വിചാരങ്ങൾ ഇല്ലാതാകുന്പോൾ സൃഷ്ടിക്കപ്പെടുന്ന ആത്മാവിന്റെ മൗനം. 4. അബദ്ധ പ്രബോധനങ്ങളുടെ പിടിയിൽപ്പെടാതിരിക്കുന്പോഴുണ്ടാകുന്ന മനസിന്റെ മൗനം. 5. ഈ നാലു മൗനങ്ങളും ശരീരികളായ നമ്മെ ഏകാഗ്രമാക്കുന്പോൾ നമ്മുടെ ചേതനയിൽ ജനിക്കുന്ന മൗനം. ഭൗമികരായ നാം സൃഷ്ടികളായ വാനാരൂപികളുടെ അവസ്ഥയിൽനിന്നുപോലും ഉയർന്ന്, ദൈവികസത്തയെ മാത്രം ദർശിച്ചു നിൽക്കുന്ന വിസ്മയത്തിൽ, നമ്മിൽ ജനിക്കുന്ന നിശ്ചലതയും നിശബ്ദതയും മൗനവുമാണത്.
ബാഹ്യനിശബ്ദത പാലിക്കാതെ നമുക്കൊരിക്കലും മൗനം പാലിക്കാനാവില്ല. അതുകൊണ്ട് നോന്പിന്റെ നാളുകളിൽ ദിവസം ഒരു മണിക്കൂറെങ്കിലും വ്യഗ്രതകൾക്കും ഫോണുകൾക്കും അവധികൊടുത്ത് സ്വയം നിശബ്ദരാകാം. നിനവേയിലെ മാർ ഇസഹാക്ക് പറയുന്നതുപോലെ മനുഷ്യരിൽ നിന്നുള്ള നിശ്ചലതയും അകൽച്ചയും കൂടാതെ ആത്മാവിന്റെ പരമാധികാരത്തിന് ഇന്ദ്രിയങ്ങളെ കീഴ്പ്പെടുത്തുക അസാധ്യമാണ്.
അദ്ദേഹം പറയുന്നത് ശ്രദ്ധിക്കൂ: “എല്ലാറ്റിനും ഉപരിയായി നിശബ്ദതയെ സ്നേഹിക്കുക, കാരണം അതു നാവിനു പ്രകടിപ്പിക്കാൻ കഴിയാത്ത ഫലങ്ങളിലേക്കു നിങ്ങളെ അടുപ്പിക്കുന്നു. ആദ്യം നമുക്കു നമ്മെത്തന്നെ നിശബ്ദത പാലിക്കാൻ നിർബന്ധിക്കാം. അപ്പോൾ ഈ നിശബ്ദതയിൽനിന്നു നമ്മെ നിശബ്ദതയിലേക്കു നയിക്കുന്ന എന്തോ ഒന്നു നമ്മിൽ ജനിക്കുന്നു. നിശബ്ദതയിൽനിന്നു പിറവിയെടുക്കുന്ന ആ നല്ല ഭാഗം ഗ്രഹിക്കാൻ ദൈവം നിങ്ങളെ അനുവദിക്കട്ടെ!’’.