മഹത്വത്തിന്റെ വസ്ത്രവും വിവാഹവസ്ത്രവും
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Sunday, March 10, 2024 4:11 PM IST
പാപം ചെയ്തതിനാൽ താൻ വിവസ്ത്രനാണെന്നു തിരിച്ചറിഞ്ഞ് പറുദീസായിൽ ലജ്ജിതനായി നിൽക്കേണ്ടിവന്ന, രാജാവിനെപ്പോലെ വിരാജിച്ചിരുന്ന ആദവും (ഉത്പ 3:7), വിവാഹവസ്ത്രം ധരിച്ചിട്ടില്ല എന്ന കാരണത്താൽ വിരുന്നു ശാലയിൽനിന്ന് ആതിഥേയനാൽ പുറത്താക്കപ്പെട്ടു വിഷണ്ണനായി അവിടെനിന്ന് ഇറങ്ങിപ്പോകേണ്ടിവന്ന അതിഥിയും (മത്താ 22: 11-13) നമ്മിൽ അനുകന്പയുണർത്തുന്ന വിശുദ്ധഗ്രന്ഥ കഥാപാത്രങ്ങളാണ്. ഈ രണ്ടു സംഭവങ്ങൾക്കിടയിൽ രക്ഷാകരപദ്ധതി മുഴുവനും കോറിയിടാൻ കഴിഞ്ഞ സുറിയാനി ദൈവശാസ്ത്രജ്ഞർ ശ്ലാഘനീയരാണ്.
മധ്യപൂർവദേശങ്ങളുടെ പശ്ചാത്തലത്തിൽ വസ്ത്രമില്ലാതെ നഗ്നരായിരിക്കുന്ന സ്ഥിതി അപമാനത്തിന്റെയും സുരക്ഷിതത്വം നഷ്ടമായ അവസ്ഥയുടെയുമൊക്കെ പ്രതീകമാണ്. എന്നാൽ റോമൻ-യവന സംസ്കാരങ്ങളിൽ നഗ്നശരീരം സൗന്ദര്യത്തിന്റെയും ശക്തിയുടെയും പ്രകാശനമാണ്. പറുദീസായിലെ ആദത്തെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളെക്കുറിച്ച് ഇരുകൂട്ടരും നൽകുന്ന വ്യാഖ്യാനത്തിൽ ഈ വ്യത്യാസം പ്രകടമാണ്.
യഹൂദ റബിമാർക്ക് ആദം പറുദീസായിൽ ഒരിക്കലും നഗ്നനായിരുന്നില്ല. മറിച്ച് അവൻ മഹത്വത്തിന്റെ, പ്രകാശത്തിന്റെ വസ്ത്രം ധരിച്ചിരുന്നു. പാപം ചെയ്തപ്പോൾ ഈ മഹത്വത്തിന്റെ വസ്ത്രം അവനു നഷ്ടമായി. അവൻ ഗുണനിലവാരം കുറഞ്ഞ മരത്തിന്റെ ഇലകൾകൊണ്ടുള്ള വസ്ത്രങ്ങളും തുകൽവസ്ത്രങ്ങളും ധരിച്ചു പറുദീസായിൽനിന്ന് പുറത്തുകടന്നു.
ആദത്തിനു നഷ്ടമായ ഈ മഹത്വത്തിന്റെ വസ്ത്രം അവനു തിരിച്ചു നൽകിയത് രണ്ടാം ആദമായ ഈശോയാണ്. മനുഷ്യാവതാരവേളയിൽ ആദത്തിന്റെ ശരീരം സ്വീകരിച്ച ഈശോ, മാമ്മോദീസ സ്വീകരിക്കാനിറങ്ങിയപ്പോൾ മഹത്വത്തിന്റെ വസ്ത്രം യോർദാനിൽ തിരികെ നിക്ഷേപിച്ചു.
സഭയിൽ പ്രതിഷ്ഠിതമായിരിക്കുന്ന ഏതു മാമ്മോദീസാതൊട്ടിയിലും നിറയുന്നത് യോർദാനിലെ ജലമാണെന്നും അതിൽ മാമ്മോദീസ സ്വീകരിക്കാനിറങ്ങുന്ന ആദത്തിന്റെ മക്കൾക്കു മഹത്വത്തിന്റെ വസ്ത്രം തിരികെ ലഭിക്കുന്നുവെന്നുമാണ് പിതാക്കന്മാർ പഠിപ്പിക്കുക.
മാമ്മോദീസാവേളയിൽ അർത്ഥിക്കു നൽകപ്പെടുന്ന വെള്ളവസ്ത്രം ഈ മഹത്വത്തിന്റെ വസ്ത്രത്തിന്റെ പ്രതീകമാണ്.
മാമ്മോദീസയിൽ തികച്ചും സൗജന്യമായി ലഭിക്കുന്ന ഈ വസ്ത്രം പറുദീസായിൽ സൃഷ്ടിക്കപ്പെട്ട അവസ്ഥയിൽ ആദത്തിനുണ്ടായിരുന്ന പരിശുദ്ധിയെയും മിശിഹായെത്തന്നെയും പരിശുദ്ധ റൂഹായെയുമൊക്കെ സൂചിപ്പിക്കുന്നുവെന്നാണ് പിതാക്കന്മാർ നൽകുന്ന വ്യാഖ്യാനം.
സൗജന്യമായി കിട്ടിയ ഈ വസ്ത്രം കറയോ ചുളിവോ കൂടാതെ യുഗാന്ത്യത്തിൽ കുഞ്ഞാടിന്റെ വിവാഹവിരുന്നിൽ പങ്കുചേരുന്പോൾ ധരിക്കാനായി സൂക്ഷിക്കേണ്ട നമ്മുടെ ഗൗരവമായ ഉത്തരവാദിത്വത്തെയാണ് വിവാഹവസ്ത്രം ധരിക്കാതെ എത്തിയവൻ പുറത്താക്കപ്പെടുന്ന സംഭവം സൂചിപ്പിക്കുക. അതായത് മാമ്മോദീസായിൽ നമുക്കു ലഭിച്ച പരിശുദ്ധി ജീവിതാവസാനംവരെ നാം കാത്തുസൂക്ഷിക്കണമെന്നു ചുരുക്കം.
നമ്മുടെ ആത്മീയജീവിതത്തിലെ എല്ലാ താപസിക പ്രവൃത്തികളുടെയും ലക്ഷ്യം മഹത്വത്തിന്റെ ഈ വസ്ത്രം കറപുരളാതെ സൂക്ഷിച്ച് അതു ധരിച്ച് കുഞ്ഞാടിന്റെ വിവാഹവിരുന്നിൽ പങ്കുചേരുകയാണ് എന്നു പ്രതീകാത്മകമായി പറഞ്ഞുവയ്ക്കുന്ന നമ്മുടെ പിതാക്കന്മാരുടെ പ്രബോധനത്തിന്റെ പൊരുൾ നമ്മുടെ ധ്യാനവിഷയമാകട്ടെ.