ആത്മീയ ഇരട്ടത്വം
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Monday, March 11, 2024 10:29 AM IST
‘മുല്ല പ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം’ എന്നത് നമ്മുടെ നാടിന്റെ ചൊല്ലാണ്. കർത്താവിനെ സ്നേഹിച്ചും ധ്യാനിച്ചും അവന്റെ ഉപവാസകരായും ഉപാസകരായും, അവന്റെ പള്ളിയായുമൊക്കെ നാം നമ്മുടെ ജീവിതപ്രയാണം തുടരുന്പോൾ അറിയാതെതന്നെ അവന്റെ മഹത്വവും സൗന്ദര്യവും കരുണയും സ്നേഹവുമൊക്കെ നമ്മിൽ പ്രതിഫലിക്കാൻ തുടങ്ങും.
കാരണം ദൈവമായിരുന്ന അവൻ മനുഷ്യനായി നമ്മോടൊപ്പം നടന്നതു നമ്മെ ദൈവീകരാക്കാനാണ്. നമ്മുടെ ആത്മീയജീവിതത്തിന്റെ ലക്ഷ്യം ദൈവികീകരണമാണെന്നാണ് പാശ്ചാത്യ-പൗരസ്ത്യ പാരന്പര്യങ്ങളിൽപ്പെട്ട പിതാക്കന്മാർ ഒന്നുപോലെ അവതരിപ്പിക്കുക.
തീയിലേക്ക് എടുത്തുവയ്ക്കപ്പെട്ട ഇരുന്പുകഷണം തീയായി കാണപ്പെടുന്നതുപോലെ ദൈവത്തിന്റെ സ്നേഹാഗ്നിയിൽ എടുത്തുവയ്ക്കപ്പെട്ടവൻ അവിടുത്തെപ്പോലെ കാണപ്പെടും. അവന്റെ കണ്ണുകളിൽ തന്പുരാന്റെ കരുണയും കരങ്ങളിൽ തന്പുരാന്റെ സ്നേഹവും കാതുകളിൽ അവിടുത്തെ ക്ഷമയും നിറയും.
ഇപ്രകാരം മിശിഹായെ സ്നേഹിച്ചു സ്നേഹിച്ചു മിശിഹാമയനായി അവനെപ്പോലെ കാണപ്പെട്ടവനായിരുന്നു മാർ തോമ്മാ ശ്ലീഹാ. യോഹന്നാന്റെ സുവിശേഷത്തിൽ താമാ അഥവാ ദിദിമൂസ് എന്നു വിളിക്കപ്പെടുന്ന തോമാ എന്ന പരാമർശം മൂന്നു പ്രാവശ്യം കാണാം. ഈ രണ്ടു പദങ്ങളുടെയും (താമാ, തോമാ) അർഥം ‘ഇരട്ടപിറന്നവൻ’ എന്നാണ്.
ആരാണ് തോമായുടെ ഇരട്ട പിറന്ന സഹോദരൻ എന്ന ചോദ്യത്തിനു അത് ഈശോയാണ് എന്നു സ്ഥാപിക്കുന്ന പല പാരന്പര്യങ്ങളുമുണ്ട്. എന്നാൽ ഈ സാഹോദര്യം നാം മനസിലാക്കേണ്ടത് ആത്മീയാർഥത്തിലാണ്. ജന്മംകൊണ്ടല്ല, മറിച്ച് കർമംകൊണ്ടാണ് ശ്ലീഹാ ഈശോയുടെ ഇരട്ടയായത്. മിശിഹായെ സ്നേഹിച്ച്, അവനെ അടുത്തനുഗമിച്ച തോമാശ്ലീഹായ്ക്ക് തന്റെ വ്യക്തിത്വത്തിൽ ഈശോയെ പ്രതിഫലിപ്പിക്കാനായി.
അദ്ദേഹത്തിന്റെ മുഖത്ത് ഈശോയുടെ ഭാവങ്ങൾ വിളങ്ങി. ശ്ലൈഹികഗണത്തിൽ തോമായ്ക്ക് ഈശോയുടെ സാദൃശ്യം ഉണ്ടായിരുന്നതിനാലാണ് യൂദായ്ക്ക് യഥാർഥ ഈശോയെ ചുംബിച്ച് ഒറ്റിക്കൊടുക്കേണ്ടിവന്നത് എന്നും വ്യാഖ്യാനിക്കുന്നവരുണ്ട്. തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിതത്വം വിവരിക്കുന്ന എദ്ദേസ്യൻ കൃതിയായ ‘മാർ തോമായുടെ നടപടികൾ’ എന്ന ഗ്രന്ഥത്തിൽ ഈശോയെ കണ്ടവർക്ക് അതു തോമായാണെന്നും തോമായെ കണ്ടവർക്ക് അതു ഈശോയാണെന്നും തോന്നിയെന്നും പരാമർശങ്ങൾ ഉണ്ട്.
നമ്മുടെ ശ്ലീഹാ തന്റെ കർമംകൊണ്ടു നേടിയെടുത്ത ഈ ആത്മീയ ഇരട്ടത്വം ഈ ഉപവാസനാളുകളിൽ നമുക്കു പ്രചോദനമാകണം. മുഖസാദൃശ്യംകൊണ്ടല്ലെങ്കിലും ഈശോയുടെ അടുത്തിരുന്ന് അവന്റെ ഹൃദയഭാവങ്ങൾ സ്വന്തമാക്കി അവന്റെ ഛായ നമ്മിൽ പ്രകാശിതമാകാൻ, അങ്ങനെ അവന്റെ ആത്മീയ ഇരട്ടകളാകാനുള്ള യജ്ഞം നമ്മുടെ തപസിന്റെ ഭാഗമാകട്ടെ.