വചനോപാസനയുടെ നല്ല നടപ്പുകൾ
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Tuesday, March 12, 2024 9:26 AM IST
നോന്പിന്റെ ദിനങ്ങളിൽ അപ്പം വർജിക്കുന്പോൾ ദൈവവചനം ആഹരിച്ചു സ്വന്തമാക്കാനുള്ള യജ്ഞം നടത്തുന്നത് വിശ്വാസിസമൂഹത്തിന്റെ സാമാന്യ പതിവാണ്.
വിശുദ്ധഗ്രന്ഥം വായിക്കാനും ധ്യാനിക്കാനും വചനം ഉരുവിടാനും ഹൃദിസ്ഥമാക്കാനും വചനത്തിന്റെ ക്രിയാത്മക വായനയായ ദൈവിക വായന സംഘടിതമായി നടത്താനുമൊക്കെ നോന്പിൽ ആളുകൾ ആവേശത്തോടെ ശ്രമിക്കാറുണ്ട്.
മനുഷ്യന്റെ ഭാഷയിലേക്ക് ദൈവം ഇറങ്ങിവന്നപ്പോഴാണ് വിശുദ്ധലിഖിതങ്ങൾ ക്രോഡീകരിക്കപ്പെട്ടത്. അതിലെ ഭാഷ മനുഷ്യന്റേതാണെങ്കിലും അതിൽ അനാവൃതമാകുന്ന ശാശ്വതസത്യം മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമാണ്; എന്നാൽ വിശ്വാസത്തിനു ഗ്രാഹ്യവും. കേവലം ബുദ്ധികൊണ്ടുമാത്രം അതു ഗ്രഹിക്കാൻ ശ്രമിക്കുന്നവർ പരാജയപ്പെടും.
വിശുദ്ധഗ്രന്ഥത്തെ സ്വകാര്യവത്കരിക്കാനുളള ശ്രമമാണ് ഇന്നു പലരും നടത്തുക. വിശുദ്ധഗ്രന്ഥത്തിലൂടെ ദൈവം സംസാരിക്കുന്നത് തന്നോടുമാത്രമാണെന്നു കരുതുന്നതും ദൈവവചനത്തിന്റെ യഥാർഥ അർഥം ഗ്രഹിക്കാതെ സ്വകാര്യ ലക്ഷ്യങ്ങൾക്കുവേണ്ടി അതിൽനിന്ന് ആകർഷകമായ ദൈവശാസ്ത്രചിന്തകൾ മെനയുന്നതും ഒറ്റപ്പെട്ട വാക്യങ്ങളെടുത്ത് അടിസ്ഥാനരഹിതമായ രീതിയിൽ അവനവന്റെ വാദത്തിനുപകരിക്കുന്ന ആയുധമാക്കുന്ന ശൈലിയുമൊക്കെ തികച്ചും അപലപനീയമാണ്.
ആധുനികകാലത്ത് വർധിച്ചുവരുന്ന ഈ പ്രവണതകളെ മാർ അപ്രേം നിശിതമായി എതിർത്തിരുന്നു. അദ്ദേഹം പറയുന്നു: “തനിക്കു പറ്റിയ ഭാഗങ്ങൾമാത്രം സാത്താൻ തിരുലിഖിതങ്ങളിൽനിന്നു തപ്പിപ്പെറുക്കി എടുക്കുന്നു. തനിക്കു പറ്റാത്തവ അവൻ വിട്ടുകളയും.
പാഷണ്ഡികളും ഇതുപോലെതന്നെ. തങ്ങളുടെ തെറ്റായ പഠനങ്ങൾക്കു ചേരുന്ന ഭാഗങ്ങൾ അവർ തിരുലിഖിതത്തിൽനിന്നെടുക്കുന്നു. തങ്ങളുടെ തെറ്റുകൾക്ക് എതിരായതൊക്കെ അവർ വിട്ടുകളയും. അങ്ങനെ ഈ യജമാനന്റെ അതായത് സാത്താന്റെ ശിഷ്യരാണ് തങ്ങളെന്ന് അവർ വ്യക്തമാക്കുന്നു’’.
അവനവന്റെ സ്വകാര്യ അനുഭവങ്ങളെ മുൻനിർത്തി ‘വചനപ്പെട്ടി’ തുറന്നു തനിക്കുള്ള ദൈവികസന്ദേശം സ്വീകരിക്കുന്ന രീതിയിലേക്കു നമ്മുടെ വചനമനനം ഒതുങ്ങരുത്.
ദൈവിക വെളിപാടിന്റെ ലിഖിതരൂപമായ ബൈബിൾ അതിന്റെ അലിഖിത രൂപമായ സഭയുടെ പാരന്പര്യത്തോടു ചേർത്തു മനസിലാക്കാൻ നാം പരിശീലിക്കപ്പെടണം. വിശുദ്ധലിഖിതത്തെ ആധികാരികമായി വ്യാഖ്യാനിക്കാനും പഠിപ്പിക്കാനും അധികാരമുള്ള സഭാമാതാവിൽനിന്നു വചനത്തിന്റെ പൊരുൾ മനസിലാക്കാനുള്ള പരിശീലനമാണ് നാം നേടേണ്ടത്.
ആരാധനാവത്സരത്തിലെ ഓരോ ദിവസവും ലിറ്റർജിയുടെ മധ്യേ, സഭയുടെ വചനപീഠത്തിൽ പ്രഘോഷണം ചെയ്യപ്പെടുന്ന വിശുദ്ധഗ്രന്ഥ ഭാഗം ആ ദിവസത്തെ നയിക്കുന്ന പ്രകാശമായി നമ്മുടെ ഹൃദയങ്ങളിൽ സ്വീകരിക്കാനുളള പരിശീലനമാണ് സഭ നൽകുക.
അവയിലൂടെയാണു ദൈവികസന്ദേശത്തിന്റെ സമഗ്രതയും രക്ഷാകരപദ്ധതിയുടെ പൊരുളും നമ്മുടെ മുന്പിൽ അനാവൃതമാകുക. സഭയിൽ സഭയോടൊപ്പം സഭ പ്രഘോഷിക്കുന്ന, വ്യാഖ്യാനിച്ചു നൽകുന്ന വിശുദ്ധലിഖിത ഭാഗങ്ങളെ ഹൃദയത്തിൽ ധ്യാനിച്ച് ആ സന്ദേശത്തിന് ജീവിതംകൊണ്ടു ഭാഷ്യമേകാൻ നിരന്തരം നമ്മെ പരിശീലിപ്പിക്കുന്ന സഭയുടെ സ്വരത്തിന് ഈ നോന്പുകാലത്ത് നമുക്കു ശ്രദ്ധാപൂർവം കാതോർക്കാം.