ഹൃദയതാളമാകുന്ന സങ്കീർത്തനങ്ങൾ
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Wednesday, March 13, 2024 4:00 PM IST
പഴയനിയമജനതയുടെയും പുതിയനിയമജനതയായ സഭയുടെയും പാട്ടുപുസ്തകമാണ് സങ്കീർത്തനങ്ങൾ. ബൈബിളിലെ ഇതരഭാഗങ്ങളിൽ ദൈവം മനുഷ്യരോടു സംസാരിക്കുന്നെങ്കിൽ സങ്കീർത്തനങ്ങളിൽ ദൈവവചനം ഉപയോഗിച്ചു മനുഷ്യൻ ദൈവത്തോടു സംസാരിക്കുന്നു. ദൈവംതന്നെ നമ്മെ പഠിപ്പിച്ച വാക്കുകൾ ഉപയോഗിച്ച് നാം അവിടുത്തെ അഭിസംബോധന ചെയ്യുന്നു. കഷ്ടതയുടെയും ഒറ്റപ്പെടലിന്റെയും സമയത്തുപോലും ദൈവസാന്നിധ്യം അത്ഭുതത്തിന്റെയും ആശ്വാസത്തിന്റെയും ഉറവിടമാണെന്നു സങ്കീർത്തനങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ ഈശോയുടെയും പാട്ടുപുസ്തകമായിരുന്നു. യഹൂദപാരന്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരത്തിരുനാൾ തുടങ്ങിയ വിശേഷാവസരങ്ങളിൽ അവൻ അവ ആലപിച്ചിരുന്നതായി സുവിശേഷങ്ങൾ സാക്ഷിക്കുന്നു. കുരിശിൽ കിടന്നുകൊണ്ട് അവൻ പ്രാർത്ഥിച്ചതും സങ്കീർത്തനങ്ങളായിരുന്നു. ഈശോയിൽ കണ്ടതും ഈശോ പഠിപ്പിച്ചതുമായ മാതൃക ശിഷ്യന്മാർ സ്വന്തമാക്കി. സങ്കീർത്തനങ്ങൾ പാടി ശ്ലീഹന്മാർ പ്രാർത്ഥിക്കുകയും പ്രാർത്ഥിക്കാൻ സഭാസമൂഹത്തെ ഉപദേശിക്കുകയും ചെയ്തു.
സഭയുടെ ഔദ്യോഗിക പ്രാർത്ഥനകളിലും നമ്മുടെ സ്വകാര്യ പ്രാർത്ഥനകളിലും ഒരുപക്ഷേ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് സങ്കീർത്തനങ്ങളായിരിക്കാം. സുറിയാനി ആരാധനാപാരന്പര്യത്തിൽ സങ്കീർത്തനപ്പുസ്തകം അറിയപ്പെടുക ദാവീദായാ എന്നാണ്.
നമ്മുടെ ദൈവാരാധനാശുശ്രൂഷകളിൽ ഉപയോഗിക്കുവാനായി സവിശേഷമായ വിധത്തിൽ ഇതിൽ സങ്കീർത്തനങ്ങൾ ചിട്ടപ്പെടുത്തപ്പെട്ടിരിക്കുന്നു. പഴയനിയമ കാലഘട്ടത്തിലെ സംഭവങ്ങളെന്നു പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും അവയിൽ തെളിയുന്നതു മിശിഹായുടെ മുഖമാണ്. പിതാക്കന്മാരുടെ ഹൃദ്യമായ ഭാഷ്യമനുസരിച്ച് അവ മിശിഹായോടുളള വാക്കാണ്; മിശിഹായെക്കുറിച്ചുള്ള വാക്കാണ്; മിശിഹാ അരുളിയ വാക്കാണ്; സഭയെക്കുറിച്ചുള്ള വാക്കാണ്; ഒപ്പം സഭയുടെ വാക്കുമാണ്.
അവ ആലപിക്കുന്പോൾ ദൈവത്തെ സ്തുതിക്കുന്ന മിശിഹായോടു ചേർന്നു സഭയും പ്രാർത്ഥിക്കുന്നു (സങ്കീ 34,3). അപ്പോൾ, മിശിഹായുടെ പ്രാർത്ഥന സഭയുടേതും സഭയുടെ പ്രാർത്ഥന മിശിഹായുടേതുമായിത്തീരുന്നു. മാർ യോഹന്നാൻ ക്രിസോസ്തോം പറയുന്നു: “സങ്കീർത്തനങ്ങൾ ഉരുവിടുന്പോൾ നാം കർത്താവ് ഉരുവിട്ട വാക്കുകൾ ഉരുവിട്ടുകൊണ്ടു നമ്മുടെ ഹൃദയം അവന്റെ ഹൃദയത്തോട് അനുരൂപമാക്കുന്നു’’.
ഏകാന്തതയിൽ ഒറ്റയ്ക്കിരുന്ന് ആലപിക്കുന്പോൾപോലും സമസ്ത സൃഷ്ടജാലങ്ങളെയും ദൈവിക സാന്നിധ്യത്തിലേക്കു കൊണ്ടുവരാൻ സങ്കീർത്തനങ്ങൾക്കു കഴിയും. മഹാനായ അത്തനാസിയൂസിന്റെ അഭിപ്രായത്തിൽ “സങ്കീർത്തനാലാപം ഒരുവനെ വിശുദ്ധരുടെ ഗണത്തിലേക്കുയർത്തി സ്വർഗരാജ്യത്തിൽ പൗരത്വം നേടാൻ അനുവദിക്കുന്നു. സ്വർഗീയഗായകരുടെ സംഘത്തിൽ അവൻ ഉൾചേർക്കപ്പെടുന്നു’’.
നോന്പിന്റെ നാളുകളിൽ സഭയോടൊപ്പം ഔദ്യോഗികമായും വ്യക്തിപരമായും നാം പ്രാർത്ഥിക്കുന്പോൾ ആലപിക്കുന്ന സങ്കീർത്തനങ്ങൾ നമ്മുടെ അധരങ്ങളിലും ഹൃദയങ്ങളിലും നിറയട്ടെ. അവയിൽ തെളിയുന്ന മിശിഹായുടെ മുഖം ധ്യാനിക്കുന്ന നമ്മുടെ ജീവിതങ്ങളെ അവിടന്നു തനിക്കായി ഉയരുന്ന മനോഹര സങ്കീർത്തനങ്ങളായി പരിണമിപ്പിക്കട്ടെ.