ശരീരങ്ങളുടെ ബോധപൂർവമായ സജീവബലി
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Thursday, March 14, 2024 3:45 PM IST
ലോകത്തെയും ശരീരത്തെയും പിശാചിനൊപ്പം എണ്ണുന്ന താപസിക ആധ്യാത്മികതയിൽനിന്നു വിഭിന്നമായി സ്രഷ്ടാവായ ദൈവം നല്ലതെന്നു കണ്ട് അനുഗ്രഹിച്ച പ്രപഞ്ചവും ദൈവപുത്രൻ സ്വന്തമാക്കിയ മനുഷ്യശരീരവുമൊക്കെ സുറിയാനി പാരന്പര്യത്തിൽ കൂദാശകളാണ്.
പൂർണതയിലേക്കുള്ള നമ്മുടെ പ്രയാണത്തിൽ അവയൊന്നും ഒരിക്കലും പ്രലോഭന കാരണങ്ങളല്ല. ശരീരത്തെയും ആത്മാവിനെയും വേർതിരിച്ചു കാണുന്ന പ്രത്യയശാസ്ത്രവും നമുക്ക് അന്യമാണ്. ആധ്യാത്മികവളർച്ചയിൽ ശരീരവും ആത്മാവും ഒരുപോലെ റൂഹായുമായി സഹകരിക്കണം.
ഒരാളുടെ ശരീരമോ ആത്മാവോ ഒറ്റയ്ക്കൊറ്റയ്ക്കല്ല വ്യക്തി മുഴുവനായുമാണ് ഉപവാസത്തിലും അതുവഴിയുള്ള ദൈവാനുഭവത്തിലും പങ്കാളിയാവുക. ശരീരത്തിന്റെ തപസിന്റെ ചൂട് ആത്മാവിലേക്കും ആത്മാവിന്റെ പരിശുദ്ധി ശരീരത്തിലേക്കും വ്യാപിച്ചു വ്യക്തി റൂഹാലയമാകണം. മഹാനായ മാർ ഗ്രിഗോറിയോസ് പറയുന്നതുപോലെ “പ്രപഞ്ചശില്പി ദൃശ്യവും അദൃശ്യവുമായ ഇരുസ്വഭാവങ്ങളോടുകൂടെ മനുഷ്യനു രൂപം നൽകി. ദൈവത്തോട് ഏറ്റവും അടുത്ത സാദൃശ്യമുള്ള ഈ സൃഷ്ടി ഒരേസമയം ദൃശ്യനും അദൃശ്യനും അനശ്വരനും നശ്വരനും മഹനീയനും നിസാരനും മാംസവും ആത്മാവുമാണ്. സ്വർഗത്തിലും ഭൂമിയിലും പൗരത്വമുള്ള ഇവൻ ഈ ലോകത്തിൽ തീർഥാടകനാണ്.’’
മനുഷ്യൻ ആത്മാവു മാത്രമല്ല ശരീരവും ചേർന്നവനായതിനാൽ ദൈവികജ്ഞാനം നേടാൻ ശരീരവും ആത്മാവും ഒരു പോലെ അധ്വാനിക്കണം. നിനിവേയിലെ മാർ ഇസഹാക്കിന്റെ അഭിപ്രായത്തിൽ നമ്മുടെ ഹൃദയത്തിനു പുതിയ ലോകത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനാവണമെങ്കിൽ ശരീരം ഉപവാസത്തിലും ജാഗരണത്തിലും പരസ്നേഹ പ്രവൃത്തികളിലും താപസികതയിലും ക്ഷമയിലും ദുഷിച്ചചിന്തകളിൽനിന്നുള്ള വിടുതലിലും മുഴുകണം.
“നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമർപ്പിക്കുവിൻ. ഇതായിരിക്കണം നിങ്ങളുടെ യഥാർഥമായ ആരാധന’’ (റോമാ 12,1) എന്ന പൗലോസ് ശ്ലീഹായുടെ പ്രബോധനം ദൈവാരാധനാ ശുശ്രൂഷകളിലും തപശ്ചര്യകളിലുമൊക്കെയുള്ള ശരീരത്തിന്റെ ദൗത്യം ഹൃദയപൂർവം നിർവഹിക്കാനുള്ള ആഹ്വാനമാണ്.
നമ്മുടെ വാചികപ്രാർഥനകളും ഗീതങ്ങളുടെയും സങ്കീർത്തനങ്ങളുടെയും ആലാപനങ്ങളും സ്വരവും ആംഗ്യങ്ങളും കരമുയർത്തലുകളും മുട്ടുകുത്തലുകളും നിൽപ്പും ഇരുപ്പും സ്ലീവായാൽ സ്വയം ആശീർവദിക്കുന്നതും സാഷ്ടാംഗപ്രണാമങ്ങളും പ്രദക്ഷിണങ്ങളും പ്രാർഥനാവേളകളിലെ കണ്ണീരും വിലാപവുമെല്ലാം ഉപവാസത്തിലും തപസിലുമുള്ള നമ്മുടെ ശരീരത്തിന്റെ പങ്കാളിത്തമാണ്. ഇവയെല്ലാം നാം ബോധപൂർവം ചെയ്യുന്പോൾ നമ്മുടെ ശരീരത്തിന്റെ തപസ് നമ്മെ മുഴുവനും പവിത്രീകരിക്കും.
അതുവഴി നമ്മുടെ കർത്താവിന്റെ ഉത്ഥാനത്തിന്റെ പ്രഘോഷകരാകാൻ നാം നമ്മുടെ ശരീരത്തിലൂടെ പരിശീലിപ്പിക്കപ്പെടുകയാണ്. ഈ നോന്പുകാലത്ത് നമ്മുടെ ശരീരത്തിന്റെ താപസികദൗത്യം നമുക്കു നിറവേറ്റാം. ബോധപൂർവമായ സജീവബലിയുടെ വേദികയായി നമ്മുടെ ശരീരങ്ങൾ പരിണമിക്കട്ടെ.