പവിഴമുത്ത് തേടി
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Friday, March 15, 2024 9:47 AM IST
പ്രകൃതിയിൽ നിന്നുള്ള പ്രതീകങ്ങൾ ഉപയോഗിച്ചു ദൈവികരഹസ്യങ്ങൾ വർണിക്കാൻ അപാരമായ ചതുരതയുള്ളവരാണു സുറിയാനി പിതാക്കന്മാർ. ഈശോമിശിഹായെക്കുറിച്ചു വിവരിക്കാൻ അവർ ഉപയോഗിക്കുന്ന ഏറ്റവും ഹൃദ്യമായ പ്രതിരൂപമാണ് പവിഴമുത്ത്.
മുത്തുച്ചിപ്പിയിൽ മണൽത്തരി കടന്നാലോ ഇടിമിന്നലേറ്റാലോ ആണ് അതിനുള്ളിൽ പവിഴം രൂപംകൊള്ളുന്നത് എന്നാണു പറയപ്പെടുക. അത്യുന്നതന്റെ ശക്തി മറിയത്തിൽ ആവസിച്ചു സ്ത്രീ-പുരുഷ സഹവാസംകൂടാതെ ഈശോ അവളിൽനിന്നു പിറന്നതുപോലെ മുത്തുച്ചിപ്പിയിൽനിന്നും പവിഴമുത്തു പിറക്കുന്നു.
അതുപോലെ പവിഴം കിഴിച്ചാണ് മാലകളിലും കിരീടങ്ങളിലുമൊക്കെ അതിനെ ഉറപ്പിക്കുക. ആ വേദന നിശബ്ദം സഹിച്ച്, പ്രഭചൊരിഞ്ഞു നിലകൊള്ളുന്ന പവിഴത്തെ കുരിശിൽ തറയ്ക്കപ്പെട്ടപ്പോഴുള്ള സഹനങ്ങളിൽ നിശബ്ദത പുലർത്തി മനുഷ്യവംശത്തിന്മേൽ പ്രഭ ചൊരിഞ്ഞ് സ്ലീവാരോഹിതനായി നിലകൊള്ളുന്ന ഈശോയുടെ പ്രതിബിംബമായി മാർ അപ്രേം അവതരിപ്പിക്കുന്നു.
മുത്തുവാരാൻ മുങ്ങുന്നവരിലേക്കും അപ്രേം പിതാവ് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നുണ്ട്. അദ്ദേഹം പാടുന്നു: “വസ്ത്രമുരിഞ്ഞു നഗ്നരായവർ താഴ്ന്നു മുങ്ങി നിന്നെ ഉയർത്തിയെടുത്തു. ഓ മുത്തേ രാജാക്കന്മാരല്ല നിന്നെ ആദ്യം മനുഷ്യവർഗത്തിനു നല്കിയത്. പ്രസ്തുത വസ്ത്രമുരിഞ്ഞ മനുഷ്യർ, ശ്ലീഹന്മാരുടെ പ്രതീകങ്ങൾ. പാവപ്പെട്ട ഗലീലിയാ മുക്കുവർ” (വിശ്വാസഗീതം 85, 6).
മുത്തു തേടിയുള്ള തങ്ങളുടെ യാത്രയിൽ മുങ്ങാംകുഴിയിടുന്നവർ സ്വന്തം വസ്ത്രമുരിഞ്ഞുവച്ചു നഗ്നരായി എണ്ണതേച്ച ശരീരത്തോടെയാണ് വെള്ളത്തിലിറങ്ങുക. നഗ്നരായി മുത്തു വാരാൻ മുങ്ങാംകുഴിയിടുന്നവനെ നമുക്ക് ചിരപരിചിതമായ ശ്ലീഹാ എന്ന വാക്കുപയോഗിച്ചാണ് മാർ അപ്രേം പരിചയപ്പെടുത്തുക.
സാമാന്യഗതിയിൽ ശ്ലീഹാ എന്ന വാക്കിന് അയക്കപ്പെട്ടവൻ എന്നാണർഥം. എന്നാൽ ആ വാക്കിന്റെ പ്രസക്തമായ മറ്റൊരർഥം നഗ്നൻ എന്നാണ്. മിശിഹായാൽ അയയ്ക്കപ്പെടണമെങ്കിലും മിശിഹായെ നേടണമെങ്കിലും നമ്മുടെ സുരക്ഷിതത്വവും സന്പത്തും താൻപൊരിമയുമൊക്കെ പ്രതീകാത്മകമായി സൂചിപ്പിക്കുന്ന എന്റെ ‘വസ്ത്രം’ ഞാൻ ഉരിഞ്ഞു മാറ്റി നഗ്നനാകണം.
എണ്ണ മിശിഹായെയാണ് സൂചിപ്പിക്കുക. എണ്ണതേച്ച ശരീരം മിശിഹായെ ധരിച്ച അവസ്ഥ അല്ലെങ്കിൽ മിശിഹായാൽ അഭിഷേകം ചെയ്യപ്പെട്ട അവസ്ഥയെ സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ പവിഴമായ മിശിഹായെ സ്വന്തമാക്കണമെങ്കിൽ നാം ശ്ലീഹന്മാർ അഥവാ നഗ്നരാകണം. എന്റെ വസ്ത്രം പ്രതീകാത്മകമായി എന്തൊക്കെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ഞാൻ കണ്ടുപിടിക്കണം.
മിശിഹായെ സ്വന്തമാക്കാൻ തടസമായതെന്തും എന്റെ വസ്ത്രമാണ്. അതുരിഞ്ഞുനീക്കി അവന്റെ മുന്നിൽ ശ്ലീഹായായി, നഗ്നനായി നിൽക്കൂ. അവൻ നിന്നെ പൊതിയും. പവിഴമായ അവൻ നിന്റെ സ്വന്തമായിത്തീർന്നു നിന്നെ തന്റെ മഹത്വത്തിന്റെ പ്രഭയാൽ ആവരണം ചെയ്യും. തീർച്ച!!!