ഉപവസിച്ച് ഉപാസകരായ സ്ത്രീനിര
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Saturday, March 16, 2024 9:37 AM IST
കർത്താവിനെ കണ്ട് അവന്റെ സാമിപ്യത്തിന്റെ ഊഷ്മളതയറിഞ്ഞ് അവന്റെ ഉപാസകരായിത്തീർന്ന സ്ത്രീനിരയെ ഉപവാസകരായ നമുക്ക് മാതൃകയായി മാർ അപ്രേം നമ്മുടെ മുന്നിൽ അക്കമിട്ടു നിരത്തുന്നു (കന്യാത്വഗീതം 26).
എല്ലാവരും ഭയക്കുന്നവനെ ഭയം കൂടാതെ ശുശ്രൂഷിച്ച മർത്ത, എല്ലാവർക്കും അപ്പം സൗജന്യമായി നൽകുന്നവന് അവന്റെ മേശയ്ക്കരികിലിരുന്ന് അപ്പം വിളന്പി. ദൈവദാസന്മാരെ സത്കരിച്ച സാറായെക്കാൾ ദൈവത്തെ സത്കരിച്ച അവളുടെ ഭാഗ്യം കിർത്തിക്കപ്പെടട്ടെ.
കർതൃപാദം പരസ്യമായി ചുംബിച്ച് അവനോടുള്ള സ്നേഹം പ്രകടമാക്കാൻ ധൈര്യം കാണിച്ച പാപിനിയും ഭാഗ്യവതി. പരിശുദ്ധനായ മിശിഹായെ തന്റെ കൈകളാൽ അഭിഷേകം ചെയ്തു ചുംബിച്ച അവളുടെ പാപങ്ങളല്ലാം ആ ഒറ്റ ചുംബനത്താൽ ക്ഷമിക്കപ്പെട്ടു.
കർത്താവിനെ വഹിച്ച ഉദരത്തിന്റെ ഭാഗ്യത്തെ നിശബ്ദരുടെ ഇടയിൽ കാഹളമുയർത്തി പ്രകീർത്തിച്ച സ്ത്രീയും ഭാഗ്യവതി. ദൈവവചനം കേട്ട് അനുസരിക്കുന്നവർക്കുള്ള അനുഗ്രഹം അവൾ മൂലം തന്പുരാൻ പ്രഖ്യാപിച്ചു. തന്റെ വിരലിന്റെ അഗ്രംകൊണ്ടു കരുണയുടെ പ്രവാഹത്തെ സ്പർശിച്ച് അവനിൽനിന്നു തന്റെ രക്തസ്രാവം നിലയ്ക്കാനുള്ള കൃപ നേടിയെടുത്തവളും കീർത്തിക്കപ്പെട്ടവൾ.
തന്റെ ഉപജീവനത്തിനുള്ള രണ്ടു ചില്ലിക്കാശുകൾ ഉന്നതത്തിൽ നിക്ഷേപിച്ച ദരിദ്രയും അവന്റെ നയനങ്ങളിൽ ശ്രേഷ്ഠത കണ്ടെത്തി. ദൈവത്തിന്റെ തൂക്കത്തിൽ അവ ഒരു താലന്തിനെക്കാൾ ഭാരമുള്ളതായി കാണപ്പെട്ടു.
സുവിശേഷം പുറജാതികളുടെ നാട്ടിലേക്കു കടക്കാൻ അതിർത്തിയിലുണ്ടായിരുന്ന തടസം തന്റെ ധൈര്യം മൂലം നീക്കിയ കാനാൻകാരിയും ഭാഗ്യവതി. അതിർത്തികളുടെ നാഥൻ അവളുടെ വിശ്വാസസ്ഥിരതയെ പ്രകീർത്തിച്ചുകൊണ്ടു ദൂരെ നിന്നുതന്നെ അവളുടെ മകളെ സുഖപ്പെടുത്തി.
തന്റെ പ്രാർത്ഥന കൂടാതെതന്നെ കർത്താവിനെ മൃതനായ തന്റെ പുത്രന്റെ ശവമഞ്ചത്തിന്റെ പക്കലെത്തിച്ച് അവനു ജീവൻ നൽകാൻ തക്കവിധം കർത്താവിൽനിന്ന് അവന്റെ കാരുണ്യം ഏറ്റുവാങ്ങിയ വിധവയും ഭാഗ്യവതി. നമ്മുടെ നിലവിളികൂടാതെ തന്നെ രോഗിക്ക് സൗഖ്യം നൽകാൻ താഴേക്കിറങ്ങി വരുന്ന വൈദ്യനെ അവൾ വഴി ലോകം കണ്ടു. കർത്താവ് കൈക്കുപിടിച്ച് എഴുന്നേൽപ്പിച്ചു ജീവനിലേക്കു തിരിച്ചു നടത്തിയ നിഷ്കളങ്ക സമൂഹത്തിന്റെ പ്രതിനിധിയായ ബാലികയും കീർത്തിക്കപ്പെടട്ടെ.
തങ്ങളുടെ മക്കളെ നമ്മുടെ രക്ഷന്റെ പക്കലേക്ക് നയിക്കാൻ യത്നിക്കുന്ന അമ്മമാരുടെ പ്രതിനിധിയായ സെബദി പുത്രന്മാരുടെ മാതാവും ശ്രേഷ്ഠതന്നെ. നമ്മുടെ കർത്താവു ഭൂമിയിലായിരിക്കെതന്നെ അവൻ ഉന്നതത്തിൽ ഉപവിഷ്ടനായിരിക്കുന്നതു കാണാൻ അവളുടെ സ്നേഹത്തിനു കഴിഞ്ഞു. അത് സ്വർഗം തുളച്ചുകയറി പുത്രനെ കണ്ടു. എല്ലാവരുടെയും ന്യായാധിപനായ കർത്താവിനെ വിധിക്കാൻ ന്യായാസനത്തിൽ ഇരുന്ന പീലാത്തോസിന്റെ ധീരയായ ഭാര്യയും ഭാഗ്യവതി.
അവൻ ക്രൂശിക്കപ്പെടട്ടെ എന്ന് ജറുസലേം അട്ടഹസിച്ചപ്പോൾ അവനെ വെറുതെ വിടണമെന്ന് അവൾ അപേക്ഷിച്ചു. നിദ്രയിൽ നല്ല സ്വപ്നത്തിന്റെ അലകളാൽ കർത്താവ് അവളെ ശുദ്ധീകരിച്ചു. കർതൃസാമിപ്യത്തിന്റെ മാധുര്യം അനുഗ്രഹമായി സ്വീകരിച്ചവരുടെ ഈ നീണ്ട നിരയിൽ അംഗങ്ങളാകാൻ നമുക്കും യത്നിക്കാം.