ദേവാലയം ശുദ്ധീകരിച്ച യഥാർഥ ദേവാലയം
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Thursday, March 21, 2024 9:32 AM IST
ഓർശലെം ദേവാലയം ശുദ്ധീകരിക്കുന്ന ഈശോയുടെ ചിത്രം അവന്റെ സാമാന്യമുഖങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമാണ്. വ്യത്യസ്ത തലങ്ങളിൽ വ്യാഖ്യാനത്തിനു വഴങ്ങുന്ന ഈ ഭാഗം ഞാനാകുന്ന ദേവാലയത്തിൽ നടക്കുന്ന ക്രയവിക്രയങ്ങളെക്കുറിച്ചുള്ള ആത്മശോധനയിലേക്കു നമ്മെ ഓരോരുത്തരെയും നയിക്കുന്നുണ്ട്.
നമ്മുടെ ഉള്ളിൽ നടക്കുന്ന മൃഗക്കച്ചവടങ്ങളും നാണയമാറ്റവുമൊക്കെ എപ്രകാരമുള്ളതാണെന്നു പഠിപ്പിക്കാൻ പ്രതീകാത്മകമായി ഈ ഭാഗം പിതാക്കന്മാർ വ്യാഖ്യാനിച്ചു നല്കുന്നുമുണ്ട്. എന്നാൽ ഇതിനൊക്കെ അപ്പുറത്ത് ഈശോ ഇവിടെ നൽകുന്ന വലിയ സന്ദേശം നമുക്ക് മറക്കാനാവില്ല.
മഹത്വപൂർണനായി ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവിക്രയം നടത്തിയവരെ പുറത്താക്കി ദേവാലയത്തിന്റെ യഥാർഥ ചൈതന്യം എന്താണെന്ന് അവൻ തലമുറകളെ പഠിപ്പിക്കുകയായിരുന്നു. ബലിമൃഗങ്ങളെ പുറത്താക്കിക്കൊണ്ട് ഓറെശ്ലെം ദേവാലയത്തിലെ എല്ലാത്തരം ബലികളും അവൻ നിർത്തലാക്കി. നാണയമാറ്റം അവസാനിപ്പിച്ചുകൊണ്ട് രാജ്യങ്ങളുടെ വൈവിധ്യം അവസാനിപ്പിച്ച് ഒറ്റ രാജ്യം അതായതു ദൈവരാജ്യം പരസ്യമായി പ്രഖ്യാപിച്ചു.
യാഥാർഥ ദേവാലയവും ആരാധനയും അർപ്പകനും അർപ്പണവസ്തുവും താൻ തന്നെയാണന്നു പ്രഖ്യാപിച്ചു. താൻതന്നെയായ യഥാർഥ ദേവാലയമായ സഭയിലെ ശുശ്രൂഷാസ്ഥാനങ്ങൾ ഈശോ തന്നിൽതന്നെ വരച്ചുകാട്ടിയെന്നാണു മേർവിലെ ഈശോദാദ് വ്യാഖ്യാനിക്കുന്നത്. "അവിടുന്ന് ദേവാലയത്തിൽ പ്രവേശിച്ചു.
തിരുലിഖിതം അവനു നൽകപ്പെട്ടു. കർത്താവിന്റെ ആത്മാവ് എന്റെ മേലുണ്ട് എന്നു തുടങ്ങിയ ഭാഗം അവിടുന്നു വായിച്ചപ്പോൾ വായനക്കാരൻ എന്ന പടി അവിടുന്നു പൂർത്തിയാക്കി. അവൻ ചാട്ടയുണ്ടാക്കി ദേവാലയം ശുദ്ധീകരിച്ചപ്പോൾ സബ്ഡീക്കന്റെ സ്ഥാനം പൂർണമാക്കി.
ശിഷ്യരുടെ പാദം കഴുകിയപ്പോൾ ശെമ്മാശൻ എന്ന പടി പൂർത്തിയാക്കി. തന്റെ ശരീരം മുറിക്കുകയും രക്തം കലർത്തുകയും ചെയ്തപ്പോൾ വൈദികൻ (കശീശാ) എന്ന സ്ഥാനവും നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ എന്നു പറഞ്ഞുകൊണ്ട് അവരുടെമേൽ ഊതിയപ്പോൾ മെത്രാൻ സ്ഥാനവും അവിടുന്നു പൂർണമാക്കി. അവിടുന്നു സ്വർഗാരോഹണം ചെയ്ത അവസരം കൈകൾ ഉയർത്തി അവരെ അനുഗ്രഹിച്ചപ്പോൾ പാത്രിയാർക്കാസ്ഥാനം പ്രകാശിതമാക്കി’’.
സഭയാകുന്ന ദേവാലയം എങ്ങനെയായിരിക്കണമെന്നു പഠിപ്പിച്ച ഈശോ പ്രതീകാത്മകമായി താൻ തന്നെയാണ് യഥാർഥ ദേവാലയമെന്ന് ഓർമിപ്പിക്കുകയായിരുന്നു. ഒപ്പം ദേവാലയത്തിൽ ജീവിതം ആരംഭിച്ച്, ദേവാലയത്തിൽ (സഭയിൽ, പള്ളിയിൽ) പരിശീലിപ്പിക്കപ്പെട്ട്, ദേവാലയമായി തീരേണ്ട, മാമോദീസാ സ്വീകരിച്ച ഒരു വ്യക്തിയുടെ ഗൗരവപൂർണമായ ഉത്തരവാദിത്വവും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.