ഗോതന്പുമണിയുടെ മിശിഹാഭാഷ്യം
സിസ്റ്റര്‍ റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Thursday, March 21, 2024 9:42 AM IST
പ്രകൃതിയിലെ പല വസ്തുക്കളും തങ്ങളുടെ സത്തയിൽ സ്രഷ്ടാവിനെ പ്രതിഫലിപ്പിക്കുന്നുവെന്നത് സുറിയാനി മല്പാന്മാരുടെ അടിസ്ഥാന ചിന്തയാണ്. സുവിശേഷങ്ങളിൽ പലപ്പോഴും ഈ രീതിയിലുള്ള അവതരണം കാണാം.
നിലത്തുവീണഴിഞ്ഞു പുതിയ ചെടിയായി കിളിർത്തു ധാരാളം ഫലം പുറപ്പെടുവിക്കുന്ന ഗോതന്പുമണി (യോഹ12, 24) പീഡസഹിച്ചു മരിച്ച് ഉത്ഥാനം ചെയ്തു മഹത്വീകൃതനായ ഈശോമിശിഹായ്ക്കു സ്വജീവിതത്തിലൂടെ സുന്ദര ഭാഷ്യം രചിക്കുന്നു.
ഗോതന്പുമണിയുടെ ഉപമ സൂചിപ്പിക്കുന്നത് ഭൗമികജീവൻ കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ യഥാർഥജീവൻ നഷ്ടമാക്കും; ഭൗമികജീവൻ നഷ്ടമാക്കാൻ തയാറാകുന്നവർ യഥാർഥ ജീവൻ നേടും എന്ന ഈശോയുടെ നിയമമാണ്. ഈശോ തനിക്കുവേണ്ടി സൂക്ഷിക്കാതെ മറ്റുള്ളവർക്കുവേണ്ടി സ്വജീവൻ സമർപ്പിച്ചപ്പോൾ വിത്ത് അഴുകി കിളിർത്ത് ഫലം പുറപ്പെടുവിക്കുന്നതുപോലെ ഈശോയുടെ മരണവും ഫലം പുറപ്പെടുവിച്ചു.
നാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജീവിച്ചിരുന്ന സുറിയാനി കവിയായ മാർ സിറിലോണ പീഡാസഹനത്തിലൂടെയും മരണത്തിലൂടെയും മഹത്വീകൃതനായ കർത്താവിനെ, നിലത്തു വീണഴിഞ്ഞു പുതിയ ചെടിക്ക് ജന്മം നൽകുന്ന ഗോതന്പുമണിയോട് തുലനം ചെയ്യുന്നുണ്ട്. അദ്ദേഹം പറയുന്നു: “പീഡിപ്പിച്ചപ്പോൾ നിശബ്ദം നിലകൊണ്ട കർത്താവിനെപ്പോലെ നിലത്തു വീണഴുകിയ ഗോതന്പുമണി നിലവിളിയുതിർക്കാതെ നിശബ്ദം നിലകൊണ്ടു.
കൊലയാളികളുടെ കൈയിൽ സ്വയം ഭരമേല്പിച്ച കർത്താവിനെപ്പോലെ ഗോതന്പുമണിയും അഴുകാനായി വിട്ടുകൊടുത്തു. കർത്താവിന്റെ വസ്ത്രം ഉരിഞ്ഞെടുക്കപ്പെട്ടതുപോലെ ഗോതന്പുമണിയുടെയും പതിര് നീക്കം ചെയ്തു. നിലത്തുവീണഴുകി മരിച്ചതുപോലെ കാണപ്പെട്ടിരുന്നപ്പോഴും അതിന്റെ വേരുകൾ ആഴങ്ങളിലേക്കിറങ്ങുകയായിരുന്നു. അതിൽനിന്നു പുതിയ ചെടി വളർന്നു പൊങ്ങി’’.
ചുരുക്കത്തിൽ മരിക്കുക എന്നതു ഫലം പുറപ്പെടുവിക്കാനുള്ള മുൻവ്യവസ്ഥയാണന്ന് ഈശോ സമർഥിക്കുന്നു. ലിയോണ്‍സിലെ മാർ ഇരണേവൂസിന്റെ ഭാഷ്യമനുസരിച്ചു നിലത്തു വീണഴുകി പുതുജീവനു ജന്മം നൽകുന്ന ഗോതന്പുമണി റൂഹാദ്ഖുദ്ശായാൽ പെരുകി, പൊടിഞ്ഞ് അപ്പമായി, കർത്താവിന്റെ വചനം സ്വീകരിച്ച്, കർത്താവിന്റെ ശരീരമായ പരിശുദ്ധ കുർബാനയായി രൂപാന്തരപ്പെടുന്നു. ആ അപ്പത്താൽ പരിപോഷിതമാകുന്ന നമ്മുടെ ശരീരങ്ങളും മണ്ണിലടിഞ്ഞ് അഴുകി നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്തു പുതുജീവൻ പ്രാപിക്കും. ചുരുക്കത്തിൽ ബലഹീനതയിലാണു ദൈവത്തിന്റെ ശക്തി കുടികൊള്ളുന്നത് (1 കോറി 15, 43; 2 കോറി 13, 4).
പ്രകൃതിയിൽ സർവസാധാരണമായ ഗോതന്പുമണിയുടെ ദൃശ്യം നമ്മുടെ ഹൃദയങ്ങളിൽ കോറിയിട്ടുകൊണ്ടു കർത്താവ് വലിയൊരു സത്യം പഠിപ്പിക്കുന്നു: “തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതു നശിപ്പിക്കും. ഈ ലോകത്തിൽ തന്റെ ജീവനെ ദ്വേഷിക്കുന്നവൻ നിത്യജീവനുവേണ്ടി അതു കാത്തുസൂക്ഷിക്കും’’ (യോഹ 12, 25). ഗോതന്പുമണിയുടെ മിശിഹാഭാഷ്യം അപരനു വളമാകാനുള്ള സാഹസികത നമ്മിൽ ജനിപ്പിക്കട്ടെ.