പൂർവ യൗസേപ്പിൽ തെളിയുന്ന ഈശോയുടെ മുഖം
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Thursday, March 21, 2024 9:49 AM IST
സൃഷ്ടിയുടെ പുസ്തകത്തിൽ വിവരിക്കപ്പെടുന്ന പൂർവയൗസേപ്പിൽ, ഈശോയുടെ തന്നെ ഛായയാണു നാം ദർശിക്കുക. യൗസേപ്പിന്റെ ജീവിതവും അവൻ സഹിച്ച വേദനകളും സ്വസഹോദരരിൽനിന്നു നേരിട്ട തിരസ്കരണവുമെല്ലാം ഈശോയുടെ ജീവിതത്തിൽ പൂർണമാവുകയായിരുന്നു.
സുറിയാനി പിതാവായ അഫ്രഹാത്ത് ഈശോയും യൗസേപ്പും തമ്മിലുള്ള സമാനതകളിലേക്കു വെളിച്ചം വീശുന്നുണ്ട്. പീഡിപ്പിക്കപ്പെട്ട യൗസേപ്പ് പീഡകൾ സഹിച്ച ഈശോയുടെ മുൻകുറിയായിരുന്നു. യൗസേപ്പിന്റെ പിതാവു പലവർണക്കുപ്പായം അവനെ ധരിപ്പിച്ചു; ഈശോയെ അവന്റെ പിതാവ് ഒരു കന്യകയിൽ നിന്നുമെടുത്ത ശരീരം ധരിപ്പിച്ചു. യൗസേപ്പിന്റെ പിതാവ് അവന്റെ സഹോദരന്മാരെക്കാൾ അധികമായി അവനെ സ്നേഹിച്ചു; ഈശോയും അവന്റെ പിതാവിന്റെ പ്രിയഭാജനമായിരുന്നു.
യൗസേപ്പു സഹോദരന്മാരോടൊപ്പം ആടു മേയ്ക്കുകയായിരുന്നു; ഈശോയാകട്ടെ ആട്ടിടയന്മാരുടെ തലവനും. യാക്കോബു യൗസേപ്പിനെ അവന്റെ സഹോദരന്മാരുടെ ക്ഷേമം അന്വേഷിക്കാനായി അയച്ചു. അവനെ ദൂരെനിന്നു കണ്ടപ്പോൾതന്നെ യൗസേപ്പിന്റെ സഹോദരന്മാർ അവനെ കൊല്ലാനായി പദ്ധതികൾ മെനഞ്ഞു.
പിതാവായ ദൈവം ഈശോയെ അവന്റെ സഹോദരന്മാരുടെ പക്കലേക്ക് അയച്ചപ്പോൾ അവർ പറഞ്ഞു: “ഇതാ അവകാശി വരുന്നു. നമുക്കവനെ കൊന്നുകളയാം’’ (മത്താ 21,38). യൗസേപ്പിന്റെ സഹോദരന്മാർ അവനെ പൊട്ടക്കിണറ്റിൽ തള്ളിയിട്ടു. ഈശോയുടെ സഹോദരന്മാർ അവനെ മൃതരുടെ വാസഗേഹമായ പാതാളത്തിലേക്കു തള്ളി. യൗസേപ്പു താൻ വിൽക്കപ്പെട്ടപ്പോൾ സഹോദരന്മാർക്കെതിരായി ഒന്നും സംസാരിച്ചില്ല.
ഈശോയും തന്നെ വിധിക്കാൻ ഒരുന്പെട്ട ന്യായാധിപന്മാർക്കു മുൻപിൽ മൗനം പാലിച്ചു. യൗസേപ്പിനെ അവന്റെ യജമാനൻ അന്യായമായി തടങ്കലിലാക്കി; ഈശോയും അന്യായമായി സ്വന്തക്കാരാൽ തടവിലാക്കപ്പെട്ടു. യൗസേപ്പിന്റെ വസ്ത്രം രണ്ടുപ്രാവശ്യം ഉരിയപ്പെട്ടു. ഈശോയുടെ വസ്ത്രവും ഉരിഞ്ഞെടുക്കപ്പെട്ടു.
യൗസേപ്പു തന്റെ മുപ്പതാം വയസിൽ ഈജിപ്തിന്റെ അധിപനായി. ഈശോയും മുപ്പതാം വയസിൽ യോർദാനിൽ വന്നു മാമോദീസാ സ്വീകരിച്ചു; റൂഹായാൽ അഭിഷിക്തനായി പ്രഘോഷണമാരംഭിച്ചു. യൗസേപ്പ് ക്രൂരനും വിജാതീയനുമായ പുരോഹിതന്റെ മകളെ (ഉത്പ. 46,20) ഭാര്യയാക്കി; ഈശോയും വിജാതീയരിൽനിന്നു സഭയെ വധുവായി സ്വീകരിച്ചു.
യൗസേപ്പ്, മരണമടഞ്ഞ് ഈജിപ്തിൽ സംസ്കരിക്കപ്പെട്ടു. ഈശോയും മരിച്ച് ഓറെശ്ലെമിൽ സംസ്കരിക്കപ്പെട്ടു. യൗസേപ്പിന്റെ അസ്ഥികൾ അവന്റെ സഹോദരന്മാർ ഈജിപ്തിൽനിന്നു കൊണ്ടുപോയി; ഈശോയെ പിതാവു മൃതരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ചു. അവന്റെ ശരീരം അഴുകാൻ അനുവദിക്കാതെ സ്വർഗത്തിലേക്ക് എടുത്തു.
ചുരുക്കത്തിൽ മനുഷ്യവംശം മുഴുവനെയും തന്റെ സഹോദരപദവിയിലേക്കുയർത്തി അവർക്കു ജീവൻ നൽകാനായി മരണത്തെ ആശ്ലേഷിച്ച ഈശോ, പൂർവയൗസേപ്പിന്റെ പൂർണതയാണ്.