ജീവവൃക്ഷത്തിന്റെ വിജയഗാഥ
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Thursday, March 21, 2024 9:51 AM IST
പ്രപഞ്ചകർത്താവും മനുഷ്യനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ മനോഹരവേദിയായിരുന്നു പറുദീസ. വിലക്കപ്പെട്ട വൃക്ഷത്തിന്റെ ഫലം പറിച്ചുതിന്നു മരണത്തിന്റെ രുചിയറിഞ്ഞ് പറുദീസയിൽനിന്നു പുറത്താക്കപ്പെട്ട ആദത്തിന്റെ കദന കഥ എന്നും മനുഷ്യവംശത്തിന്റെ നൊന്പരമാണ്. പിന്നീട് രണ്ടാം ആദമായ ഈശോമിശിഹായാണ് ഈ പറുദീസയിലേക്കുള്ള വഴി തുറന്നുതന്നത്.
മാർ അപ്രേമിന്റെ അഭിപ്രായത്തിൽ, ഈശോ തന്റെ പാർശ്വം തുറന്നു പറുദീസയിലേക്കുള്ള കുറുക്കുവഴി മനുഷ്യവംശത്തിനു കാണിച്ചു കൊടുത്തു. മരത്താലേ വന്ന മരണത്തിനുള്ള മറുമരുന്നു നൽകിയ മറ്റൊരു മരത്തിന്റെ വിജയഗാഥയാണ് രണ്ടാം ആദമായ മിശിഹാ തുറന്നുതന്ന പറുദീസയ്ക്കു പറയാനുള്ളത്.
ആദത്തിനു രുചിക്കാൻ കഴിയാതിരുന്ന ജീവന്റെ വൃക്ഷത്തിന്റെ ഫലം ഈശോ മനുഷ്യവംശത്തിനു സമ്മാനിച്ചു. ഈ വൃക്ഷത്തിന്റെ പ്രതീകാത്മകത സുറിയാനി പിതാക്കന്മാരുടെ ഇഷ്ടവിഷയമാണ്.
മാർ അപ്രേം പഠിപ്പിക്കുന്നതനുസരിച്ചു; ജീവന്റെ വൃക്ഷം ഗാഗുൽത്തായിലെ വൃക്ഷമായ സ്ലീവായാണ്. വിലക്കപ്പെട്ട കനി ഭക്ഷിക്കാൻ ഒന്നാം ആദം മരത്തിലേക്കു കരങ്ങൾ നീട്ടിയെങ്കിൽ മാനവകുലത്തിന്റെ പാപക്കറ കഴുകിക്കളയാനായി രണ്ടാം ആദമായ ഈശോ കുരിശുമരത്തിലേക്കു കരങ്ങൾ നീട്ടി. പൗരസ്ത്യസഭാ പിതാക്കന്മാരിൽ ഒരാളായ നർസായി പറയുന്നു:
ഏദൻ തോട്ടത്തിൽവച്ചു നാശത്തിന്റെ പഴം പറിക്കാൻ നീട്ടിയ അതേ കരങ്ങളിൽ അവൻ നമുക്കു ജീവന്റെ പഴം വച്ചുനീട്ടുന്നു. ഒരു വൃക്ഷമാണ് ആദത്തിന്റെ നാശം കൊണ്ടുവന്നതെങ്കിൽ മറ്റൊരു വൃക്ഷം രക്ഷയും ജീവനും പ്രദാനം ചെയ്തു. മരത്തിന്റെ ഫലം ആദം ഭക്ഷിച്ചതുവഴിയായി മാനവകുലത്തിൽ പാപം പ്രവേശിച്ചെങ്കിൽ, മരക്കുരിശു വഹിച്ചുകൊണ്ട് ഈശോ മരണത്തെ ഇല്ലാതാക്കിയെന്നാണ് അലക്സാൻഡ്രിയായിലെ മാർ സിറിൾ പറയുന്നത്.
ആദ്യത്തെ ആദത്തിനു ഭക്ഷിക്കാനായി പറുദീസയിലെ മറ്റു വൃക്ഷങ്ങൾ നൽകപ്പെട്ടെങ്കിൽ നമുക്കുവേണ്ടി ആ തോട്ടത്തിന്റെ തോട്ടക്കാരൻ തന്നെ നമ്മുടെ ആത്മാവിന്റെ ഭക്ഷണമായിത്തീർന്നു. ചില പിതാക്കന്മാർക്കു ജീവന്റെ വൃക്ഷം ഈശോമിശിഹായും വൃക്ഷത്തിന്റെ ഫലം പരിശുദ്ധ കുർബാനയുമാണ്. പറുദീസയിലേക്കുള്ള വാതിൽ കർത്താവു തുറന്നുതന്നപ്പോൾ സ്വർഗവാസികളും ഭൂവാസികളും തമ്മിൽ കണ്ടുമുട്ടുന്നു. സ്വർഗവും ഭൂമിയും തമ്മിൽ കണ്ടുമുട്ടുന്നത് പരിശുദ്ധ കുർബാനയിലാണ്.
ഈ കണ്ടുമുട്ടലിലാണു ജീവന്റെ വൃക്ഷത്തിന്റെ ഫലം നാം ഭക്ഷിക്കുന്നത്. പൗരസ്ത്യസുറിയാനി പാരന്പര്യത്തിൽ ഹൈക്കലയ്ക്കും മദ്ബഹയ്ക്കും മധ്യേയുള്ള സ്ഥലമായ ഖെസ്ത്രോമയുടെ കവാടത്തിൽ വച്ചാണ് പരിശുദ്ധ കുർബാന സ്വീകരണം നടക്കുക. ഖെസ്ത്രോമ പറുദീസയുടെ പ്രതീകമായി വ്യാഖ്യാനിക്കപ്പെടുന്നു.
അതുകൊണ്ടാണ് പറുദീസയിലെ ജീവന്റെ വൃക്ഷത്തിന്റെ ഫലമായ വിശുദ്ധ കുർബാന ഖെസ്ത്രോമയുടെ കവാടത്തിൽവച്ചു സ്വീകരിക്കുന്നത്. ഏദൻതോട്ടത്തിലെ പഴം ഭക്ഷിച്ചതു വഴി നഷ്ടപ്പെട്ട പ്രതാപം ഈ അപ്പം വഴി നേടിയെടുക്കാനും അങ്ങനെ അമർത്യത പ്രാപിക്കാനും നമുക്കു കഴിയുന്നു.
നോന്പിന്റെ നാളുകളിൽ പറുദീസയിലെ ജീവന്റെ വൃക്ഷമായ കുരിശുമരത്തിന്റെ ഈ വിജയഗാഥ നമ്മുടെ ധ്യാനവിഷയമാകട്ടെ.