ലാസറിൽ തെളിയുന്ന ഉത്ഥാനരഹസ്യം
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Thursday, March 21, 2024 9:52 AM IST
തന്റെ സ്നേഹിതനായ ലാസറിന്റെ മരണവാർത്തയറിഞ്ഞ് അവന്റെ വീട്ടിലെത്തി നാടകീയമായ രീതിയിൽ അവനെ ഉയിർപ്പിക്കുന്ന ഈശോയുടെ ചിത്രം എത്ര ഹൃദ്യമായാണ് യോഹന്നാൻ സുവിശേഷകൻ വരച്ചിടുന്നത്.
ലാസറിനെയും അവന്റെ സഹോദരിമാരെയും ഈശോ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് ലാസറിന്റെ കബറിടത്തിങ്കൽ നിന്നുകൊണ്ടുള്ള ഈശോയുടെ കരച്ചിൽ വ്യക്തമായി ആവിഷ്കരിക്കുന്നുണ്ട്.
ജീവന്റെ ദാതാവിന് ഇത്ര നാടകീയമായി ലാസറിനെ ഉയിർപ്പിക്കേണ്ട കാര്യം ഉണ്ടായിരുന്നോ എന്നു ന്യായമായും നമുക്കു സംശയിക്കാം. പക്ഷേ പിതാക്കന്മാരുടെ ഭാഷ്യമനുസരിച്ച,് ഈശോ അവിടെ ചെയ്ത എല്ലാ പ്രവൃത്തികളും തന്റെ ഉത്ഥാനവും അതുവഴി മനുഷ്യവംശത്തിനു കൈവരാനിരിക്കുന്ന പുതുജീവനുമാകുന്ന മഹാരഹസ്യത്തെ ആവിഷ്കരിക്കാൻ നടത്തിയ ശ്രമങ്ങളാണ്.
മരിച്ചവനെ ഉയിർപ്പിക്കാൻ കഴിവുള്ളവന് കല്ലറയിങ്കലെ കല്ല് അദ്ഭുതകരമായി തന്റെ വചനത്താൽ നീക്കാൻ കഴിയുമായിരുന്നു. ആ കല്ല് അവിടെ സ്ഥാപിച്ച യൂദന്മാർതന്നെ കല്ല് നീക്കുകയും മൃതശരീരത്തിന്റെ ദുർഗന്ധം അവർക്ക് അനുഭവപ്പെടുകയും ചെയ്യട്ടെ എന്ന് അവൻ തീരുമാനിച്ചതിനാലാണ് കല്ലു നീക്കാൻ അവൻ അവരോട് ആവശ്യപ്പെട്ടത്. അവനെ വരിഞ്ഞുകെട്ടിയ അവർ അവന്റെ കെട്ട് അഴിച്ചുവിടട്ടെ എന്നും ഈശോ അഭിലഷിച്ചു. കാരണം, ഒരു കാരണവശാലും ഈ അടയാളം പീന്നീട് യൂദന്മാർ നിഷേധിക്കാൻ പാടില്ല.
ആത്മാവ് കല്ലറയിൽ ഇല്ലായിരുന്നെന്നും അത് വിദൂരതയിലാണെന്നും അവർ ഗ്രഹിക്കാൻവേണ്ടിയാണ് “ലാസറേ പുറത്തു വരുവിൻ” എന്ന് ഈശോ ഉറക്കെ പറഞ്ഞത്. ഈ അടയാളത്തെക്കുറിച്ചുള്ള മാർ അപ്രേമിന്റെ ഹൃദ്യമായ വ്യാഖ്യാനം ശ്രദ്ധിക്കൂ: മരിച്ചവനെ കല്ലറയിൽനിന്നു പുറത്തുകൊണ്ടുവരാൻ നമ്മുടെ കർത്താവ് പുറപ്പെടുകയും നിങ്ങൾ അവനെ എവിടെവച്ചുവന്ന് ചോദിക്കുകയും ചെയ്തു.
നമ്മുടെ കർത്താവിന്റെ കണ്ണീർ ധാരധാരയായി ഒഴുകി. അവന്റെ കണ്ണുനീർ മഴ പോലെയും ലാസർ ഗോതന്പുമണി പോലെയും, കല്ലറ ഭൂമിപോലെയും ആയിരുന്നു. “ലാസറേ പുറത്തു വരിക” എന്ന് ഇടിമുഴക്കംപോലെ അവിടുന്ന് വിളിച്ചുപറഞ്ഞു. അവന്റെ സ്വരത്തിൽ മരണം വിറച്ചു. ഒരു ഗോതന്പുമണി പോലെ ലാസർ പുറത്തുവരികയും തന്നെ ഉയിർപ്പിച്ച കർത്താവിനെ ആരാധിക്കുകയും ചെയ്തു.
ജന്മനാ അന്ധനായവനെ സുഖപ്പെടുത്താൻ അവിടുന്ന് ഇറങ്ങിപ്പുറപ്പെട്ടു. എന്നാൽ, ലാസർ മരിക്കുന്നതുവരെ രണ്ടു ദിവസം അവൻ അവിടെ തങ്ങി. അവിടന്നു ലാസറിനു ജീവൻ തിരികെ നൽകി. അവനു പകരം മരിച്ചു. കാരണം, ലാസറിനെ കല്ലറയിൽനിന്നു പുറത്തെടുത്തശേഷം അവിടന്ന് അവനോടൊപ്പം ഭക്ഷണത്തിനിരുന്നു.
അപ്പോൾ മറിയം അവന്റെ ശിരസിൽ ഒഴിച്ച തൈലത്തിന്റെ പ്രതീകത്തിലൂടെ അവിടത്തെ സംസ്കാരം നടന്നു. ഉയിർപ്പിക്കപ്പെട്ട ലാസർ പിന്നീട് ഏറെക്കാലം ജീവിച്ചുവെന്നും മെത്രാനായി ദീർഘകാലം കർത്താവിന്റെ സഭയിൽ ശുശ്രൂഷ ചെയ്തുവെന്നുമൊക്കെയാണ് പാരന്പര്യം സാക്ഷിക്കുന്നത്. എന്തൊക്കെയാണെങ്കിലും ലാസർ ഇന്നും കർത്താവിന്റെ ഉത്ഥാനവും നമ്മുടെ ഉയിർപ്പിലുള്ള പ്രത്യാശയും പ്രഘോഷിക്കുന്ന അടയാളമായി സഭയിൽ പരിശോഭിക്കുന്നു.