വെള്ളിയാഴ്ചയുടെ നല്ലോർമകൾ
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Saturday, March 23, 2024 8:53 AM IST
സഭയുടെ വിശുദ്ധ പാരന്പര്യത്തിൽ ഈശോയുടെ പീഡാസഹനവും മരണവും നടന്ന ദിനത്തിന്റെ ഓർമ നിറഞ്ഞുനിൽക്കുന്ന വെള്ളിയാഴ്ചകളുടെ സവിശേഷ ആചരണത്തിനു സഭയോളംതന്നെ പഴക്കമുണ്ട്. നമ്മോടുള്ള സ്നേഹത്താൽ സ്ലീവായിൽ ബലിയായി തീർന്നവനോടുള്ള പ്രതിസ്നേഹം പ്രകാശിപ്പിക്കാനുള്ള ദിവസമായി വെള്ളിയാഴ്ച എണ്ണപ്പെട്ടു.
ആണ്ടുവട്ടത്തിലെ എല്ലാ വെള്ളിയാഴ്ചകളും പ്രാർഥനയുടെയും ഉപവാസത്തിന്റെയും മൗനത്തിന്റെയും മാംസവർജനത്തിന്റെയുമൊക്കെ ദിനമായി നസ്രാണി പാരന്പര്യത്തിൽപ്പെട്ട എല്ലാ സഭകളിലും സവിശേഷ ശ്രദ്ധ നൽകി വിശ്വാസികൾ ആചരിക്കുന്നുണ്ട്. ഈശോയുടെ മരണദിനം എന്ന നിലയ്ക്കു സാധാരണയായി ഇന്നും വെള്ളിയാഴ്ചകളിൽ ആരും ആഘോഷങ്ങൾ നടത്താറില്ല.
അവന്റെ ബലിയോടുചേർത്ത് തങ്ങളുടെ ജീവിതബലിയർപ്പിച്ച വിശുദ്ധരുടെയും രക്തസാക്ഷികളുടെയും, മരണംമൂലം നമ്മിൽനിന്നു വേർപെട്ടു പോയവരുടെയുമൊക്കെ ദുക്റാനകൾ, സുറിയാനി സഭകൾ ആചരിക്കുക ആരാധനാവത്സരത്തിലെ നിശ്ചിത വെള്ളിയാഴ്ചകളിലാണ്.
കർത്താവിന്റെ സ്ലീവാമരണത്തോടൊപ്പം നിരവധി സംഭവങ്ങൾ അരങ്ങേറിയ ദിനമാണു വെള്ളിയാഴ്ചയെന്നാണ് വിശുദ്ധ ഗ്രന്ഥവും നമ്മുടെ പ്രാർഥനകളിലെ പരാമർശങ്ങളും സാക്ഷിക്കുക. ദൈവം ആരംഭത്തിൽ ആദത്തെ പൊടിയിൽനിന്നു മെനഞ്ഞതും അവന്റെമേൽ ഊതി തനിക്കു സ്തുതി പാടുന്നതിനായി അവനെ സംസാരശക്തിയുള്ളവനാക്കിയതും, ജീവനുള്ള ആദം ജീവജാലങ്ങൾക്കു പേരിട്ടതുമെല്ലാം വെള്ളിയാഴ്ചയായിരുന്നു.
പറുദീസയിൽ രാജതുല്യം വാണിരുന്ന ആദത്തിന്റെ ശിരസിൽ സൃഷ്ടജാലങ്ങളുടെമേലുള്ള അധികാരത്തിന്റെ കിരീടം വയ്ക്കപ്പെട്ട വെള്ളിദിനത്തിൽ തന്നെയാണ് ഈശോയുടെ ശിരസിൽ പിന്നീട് മുൾക്കിരീടം വയ്ക്കപ്പെട്ടതും. ആദവും ഹവ്വായും പാപം ചെയ്തു ദുഃഖത്താൽ തലതാഴ്ത്തി പറുദീസായിൽനിന്നു പുറപ്പെട്ടുപോയത് ഒരു വെള്ളിയാഴ്ചയായിരുന്നു.
അന്നേദിവസംതന്നെ മഹത്വത്തിന്റെ വസ്ത്രം നഷ്ടപ്പെട്ട ആദം നഗ്നനായി മൂന്നു മണിക്കൂർ നേരം പറുദീസായിൽ ഇരുന്നു. ഈശോയും കുരിശിന്മേൽ നഗ്നനായി മൂന്നു മണിക്കൂർ നേരം കിടന്നതും വെള്ളിയാഴ്ചയായിരുന്നു. ആദത്തിനു മുന്നിൽ വെള്ളിയാഴ്ച അടയ്ക്കപ്പെട്ട പറുദീസ മനുഷ്യവംശത്തിനു മുന്പിൽ വീണ്ടും തുറക്കപ്പെട്ടതും വലതുഭാഗത്തെ കള്ളൻ അതിൽ പ്രവേശിച്ചതും വെള്ളിയാഴ്ചയാണ്.
ആദത്തിന്റെ പാർശ്വത്തിൽനിന്നു അവന്റെ മണവാട്ടിയായ ഹവ്വായും രണ്ടാം ആദമായ ഈശോയുടെ പിളർക്കപ്പെട്ട വിലാവിൽനിന്നു അവന്റെ മണവാട്ടിയായ സഭയും ജനിച്ചതു വെള്ളിയാഴ്ചയായിരുന്നു. ഇസ്രായേൽ ഈജിപ്തിൽനിന്നു പുറപ്പെട്ടതും മറിയത്തെ ദൂതൻ മംഗളവാർത്ത അറിയിച്ചതുമൊക്കെ വെള്ളിയാഴ്ചകളിലായിരുന്നുവെന്നാണ് പ്രാർഥനകൾ സാക്ഷിക്കുക.
ഇപ്രകാരം രക്ഷാചരിത്രത്തിലെ പല നിർണായക സംഭവങ്ങളും അരങ്ങേറിയ വെള്ളിയാഴ്ചയുടെ നന്മയുടെ വെള്ളിവെളിച്ചം നോന്പുകാലത്തെ വെള്ളിയാഴ്ചകൾ തീക്ഷ്ണതയോടെ അചരിക്കാൻ ശ്രമിക്കുന്പോൾ നമ്മുടെ ഉള്ളിൽ നിറയട്ടെ!!!