മിശിഹാ രാജാവിന്റെ വാഹനമായ ഭാഗ്യപ്പെട്ട കഴുത
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Saturday, March 23, 2024 8:55 AM IST
ഈശോയുടെ മഹത്വപൂർണമായ ഓർശലെം പട്ടണപ്രവേശനത്തിന്റെ വാങ്മയചിത്രം കോറിയിടപ്പെട്ടിരിക്കുന്ന സുവിശേഷങ്ങളുടെ ഏടുകൾ മറിയുന്പോൾ നമ്മിൽ കൗതുകം ജനിപ്പിക്കുന്ന കഥാപാത്രമാണു കർത്താവിന്റെ വാഹനമായി അവന്റെ രാജകീയയാത്രയിൽ നിശബ്ദസാക്ഷിയായി അവനെ വഹിച്ചുകൊണ്ടു നടന്ന കഴുത.
സഭാപിതാക്കന്മാർക്ക് ഈ നിശബ്ദമൃഗം മിശിഹായുടെ രാജത്വത്തിന്റെ തനിമ തലമുറകളോട് ഉദ്ഘോഷിക്കുന്ന വാചാലമായ പ്രതീകമാണ്. മറ്റെല്ലാ സുവിശേഷങ്ങളും ഒരു കഴുതയെക്കുറിച്ചു പറയുന്പോൾ യഹൂദർക്കുവേണ്ടി സുവിശേഷം അറിയിച്ച മത്തായി ശ്ലീഹാ കഴുതയെയും കഴുതക്കുട്ടിയെയും കുറിച്ചാണു പ്രതിപാദിക്കുക. ഉത്പത്തി പുസ്തകത്തിലും (49:11) സക്കറിയായുടെ പുസ്തകത്തിലും (9:9) പരാമർശിക്കപ്പെടുന്ന കഴുതയെയും കഴുതക്കുട്ടിയെയും അദ്ദേഹം ഇവിടെ സന്നിഹിതമാക്കുന്നതാകാം.
വിഖ്യാത സുറിയാനി വിശുദ്ധഗ്രന്ഥ വ്യാഖ്യാതാവായ മേർവിലെ ഈശോദാദ് പറയുന്നത്, ഈശോ മാറിമാറി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്തു കയറി യാത്ര ചെയ്തത് സ്വന്ത ജനമായ യഹൂദരെയും ഇതര ജനതകളെയും ഒന്നിച്ച് അവിടുന്ന് തന്റെ നുകത്തിനു കീഴിലാക്കി എന്നു കാണിക്കാനാണെന്നാണ്.
ഈശോദാദിന്റെ അഭിപ്രായത്തിൽ ഈശോ യാത്ര ചെയ്തതു വെളുത്ത കഴുതയുടെ പുറത്തായിരുന്നു. വെളുത്ത കഴുത അവിടുത്തെ കർതൃത്വവും രാജത്വവും സൂചിപ്പിക്കുന്നു. പഴയനിയമ രാജാക്കന്മാരുടെ ഇടയിൽ കഴുതപ്പുറത്തു യാത്ര ചെയ്യുന്നത് സമാധാനത്തിന്റെ അടയാളമാണ്.
സമാധാനരാജാവായ മിശിഹാരാജാവിന്റെ രാജത്വം പ്രഘോഷിക്കപ്പെട്ട അവസരമായിരുന്നു മഹത്വപൂർണമായ ഓർശലെം പ്രവേശനം. ഈശോയുടെ കാര്യത്തിൽ കഴുത അവന്റെ സ്വന്തമായിരുന്നില്ല, മറിച്ചു കടം വാങ്ങിയതായിരുന്നു. ഈ കഴുതസവാരി ഈശോയുടെ രാജത്വത്തിന്റെ അപൂർവതകളിലേക്കാണു വെളിച്ചം വീശുന്നത്.
മർക്കോസും ലൂക്കായും ഈശോയ്ക്കു വാഹനമായ കഴുതയെ വിശേഷിപ്പിക്കുക ആരും അന്നുവരെയും കയറിയിട്ടില്ലാത്ത കഴുത എന്നാണ്. അതു രാജാവിന്റെ അവകാശമാണ്. ഈശോയുടെ ജീവിതത്തിൽ പലപ്പോഴും ഈ വിശേഷണം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഒരു ശിശുവും അന്നുവരെയും പിറന്നിട്ടില്ലാത്ത കന്യകയുടെ ഉദരത്തിലാണ് അവൻ പിറന്നത്. ആരും സംസ്കരിപ്പെട്ടില്ലാത്ത കല്ലറയിലാണ് അവൻ സംസ്കരിക്കപ്പെട്ടത്.
ഇവിടെയിതാ ആരും കയറിയിട്ടില്ലാത്ത കഴുത. രാജാവിനായി, ദൈവത്തിനായി മാറ്റിവയ്ക്കപ്പെട്ട ഈ മൃഗം മാമ്മോദീസാ സ്വീകരിച്ച ഏതൊരു വ്യക്തിയുടെയും പ്രത്യേകിച്ചു കർത്താവിനായി സ്വയം സമർപ്പിച്ചിരിക്കുന്ന ബ്രഹ്മചാരികളായ കന്യകകളുടെയും താപസികരുടെയും പ്രതീകമാണ്.
ആരും ഇതുവരെയും കയറിയിട്ടില്ലാത്ത കഴുത കർത്താവിന്റെ ത്രോണോസായി ഉയർത്തപ്പെട്ടു. ഓരോ ഓശാനത്തിരുനാളും അവന്റെ കഴുതയാകാനുള്ള നമ്മുടെ വിളിയെ അനുസ്മരിപ്പിക്കുന്നു.