ഓശാന: രക്ഷിക്കപ്പെട്ടവരുടെ ആർപ്പുവിളി
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Sunday, March 24, 2024 9:29 AM IST
ആമ്മേൻ, ഹല്ലേലുയ്യ തുടങ്ങിയ വാക്കുകളെപ്പോലെ ‘ഹോസിയാനാ’ എന്ന വാക്കും എബ്രായഭാഷയിൽനിന്നു പരിഭാഷയ്ക്കു വഴങ്ങാതെ വിവിധ സഭാ പാരന്പര്യങ്ങളിലും ആരാധനാഗ്രന്ഥങ്ങളിലും സ്ഥാനം പിടിച്ചിട്ടുള്ളതാണ്.
തത്തുല്ല്യ സുറിയാനി വാക്കാണ് ഓശാന. ‘രക്ഷിക്കണമേ’ എന്ന അർഥം വരുന്ന ഈ വാക്കിനു വ്യാപകമായ അർഥമാണു സഭയുടെ സജീവപാരന്പര്യങ്ങളിൽ നൽകപ്പെട്ടിരിക്കുന്നത്. സുറിയാനിയിൽ ഈ പദത്തിന്റെ ബഹുവചന രൂപമായ ‘ഓശാനേ’ എന്ന പദത്തിന് ഓലക്കാലുകൾ എന്നർഥമുണ്ട്. ‘രക്ഷിക്കണമേ’ എന്ന യാചനയിൽ നിന്നു സ്തുതിപ്പായും ആഹ്ലാദം പ്രകടിപ്പിക്കുവാൻ ഉപയോഗിക്കുന്ന പദമായുമൊക്കെ ഓശാന അർഥവ്യാപ്തി നേടി.
കർത്താവിന്റെ മഹത്വപൂർണമായ ഓറെശ്ലെം പട്ടണപ്രവേശന വേളയിൽ ദൃശ്യവും അദൃശ്യവുമായ സൃഷ്ടലോകം ആഹ്ലാദിച്ചു. അവരുടെ ആഹ്ലാദപ്രകടനം ഇന്നും ഓശാനവിളികളായി സഭയിൽ തുടരുന്നു.
കർത്താവിന്റെ വരവേല്പിൽ ഓരോരുത്തരും, കുഞ്ഞുങ്ങൾ സ്തുതികൾ ഉയർത്തിയും ജനക്കൂട്ടം വഴിയിൽ തങ്ങളുടെ വസ്ത്രങ്ങളും മരച്ചില്ലകളും വിരിച്ചുകൊണ്ടും പങ്കുചേർന്നുവെന്നു സുറിയാനി സഭകളുടെ തിരുനാൾ ദിനത്തിലെ പ്രാർഥനകൾ വിശദീകരിക്കുന്നുണ്ട്.
തങ്ങളുടെ ബലഹീനതകളുടെ കെട്ടുപാടുകളിൽനിന്നു വിമോചിതരായി മിശിഹായുടെ മഹത്വത്തിന്റെ വസ്ത്രം ധരിക്കാൻ ആഗ്രഹിച്ചാണ് അവർ തങ്ങളുടെ വസ്ത്രങ്ങൾ ഊരി വഴിയിൽ വിരിച്ചതെന്നാണു പിതാക്കന്മാർ വ്യാഖ്യാനിക്കുന്നത്.
മിശിഹാരാജാവിനെ വരവേറ്റ ജനക്കൂട്ടം, അവനെ എതിരേൽക്കാനായി ഈന്തപ്പനകളുടെ കൈകൾ കരങ്ങളിലേന്തിയിരുന്നുവെന്നു യോഹന്നാന്റെ സുവിശേഷത്തിൽ കാണുന്നുണ്ട്. ഇന്നും ഈ തിരുനാളിൽ പനയോലകളോ കുരുത്തോലകളോ ഒലിവിൻ കൊന്പുകളോ കരങ്ങളിൽ വഹിച്ചുകൊണ്ട് പ്രദക്ഷിണത്തിൽ ജനം പങ്കുചേരുന്ന രീതി പല സ്ഥലങ്ങളിലും കാണാം.
മരച്ചില്ല, പ്രത്യേകിച്ച് ഒലിവിൻകന്പ്, മൂന്നു സവിശേഷ അവസരങ്ങളിലാണ് ഒരാൾക്ക് പരന്പരാഗതമായി നൽകപ്പെടുക. 1. അധികാരത്തിലേക്ക് ഉയർത്തപ്പെടുന്പോൾ 2. ഏതെങ്കിലും മത്സരം ജയിക്കുന്പോൾ 3. രക്തസാക്ഷിയാകുന്പോൾ.
രാജാക്കന്മാർ അഭിഷിക്തരാകുന്പോൾ അവരോടുള്ള ആദരവു പ്രകടമാക്കാനായി അവർക്ക് ഒലിവിൻ കൊന്പുകൾ നൽകാറുണ്ട്. വെളിപാടിന്റെ പുസ്തകത്തിൽ 7:9ൽ കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ വസ്ത്രം കഴുകി വെളുപ്പിച്ച സഹദാമാർ കൈയിൽ കുരുത്തോലകളുമായി നിൽക്കുന്നതു കാണാം.
സഭാ പാരന്പര്യങ്ങളിൽ രക്തസാക്ഷികളുടെ ചിത്രം വരയ്ക്കുന്പോൾ അവർ കരങ്ങളിൽ പനയോലകൾ വഹിച്ചവരായാണു ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു നാം നമ്മുടെ കരങ്ങളിൽ ഏറ്റുവാങ്ങുന്ന ഈ ഓലകളും മരച്ചില്ലകളും (ഓശാനേ) മിശിഹാതന്പുരാന്റെ സാക്ഷികളാവാനുള്ള വിളിയിലേക്കാണു നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.
റോമാക്കാർക്ക് എഴുതപ്പെട്ട ലേഖനം 11-ാം അധ്യായം കർത്താവീശോമിശിഹായെ സൈത്തുമരമായി (ഒലിവ്) ചിത്രീകരിക്കുന്നുണ്ട്. ഈ സൈത്തുമരത്തിലേക്ക് ഒട്ടിച്ചേർക്കപ്പെട്ട കാട്ടുസൈത്ത് മരങ്ങളാണ് നമ്മൾ.
അതായത്, മിശിഹാ തന്നെയാണ് യഥാർഥ ഓശാന. മിശിഹായാകുന്ന സൈത്ത് മരത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട ചെറിയ ഓശാനകളാണു നമ്മൾ. അവനാകുന്ന തായ്ത്തടികളോടു ചേർന്നുനിന്ന് അവന്റെ സത്തയെ പ്രതിഫലിപ്പിക്കേണ്ട ഓശാനകൾ. അതുകൊണ്ട് ഓരോ ഓശാനത്തിരുനാളും ഓശാനയായി മാറാനുള്ള നമ്മുടെ വിളിയെ ഓർമിപ്പിക്കുന്നു.