തിരുവുത്ഥാനഫലങ്ങളുടെ അവകാശിയാകുന്ന ബർ അബ്ബാ
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Tuesday, March 26, 2024 9:03 AM IST
ഈശോ നിരപരാധിയാണെന്ന് തിരിച്ചറിഞ്ഞ പീലാത്തോസ്, കാരുണ്യത്തിന്റെ പേരിൽ പെസഹാതിരുനാൾ ദിവസം ഒരു കുറ്റവാളിയെ മോചിപ്പിക്കുന്ന യഹൂദരുടെ പതിവ് ഉപയോഗിച്ച് അവനെ വിട്ടയയ്ക്കാൻ നടത്തുന്ന അവസാനശ്രമം കൊടുംഭീകരനായ ബർ അബ്ബായുടെ മോചനത്തിൽ കലാശിക്കുന്ന രംഗം തീർച്ചയായും ഇന്നും നമ്മിൽ ഞെട്ടലുളവാക്കും.
ബർ അബ്ബാ എന്ന വാക്കിന്റെ അർഥം ‘പിതാവിന്റെ പുത്രൻ’എന്നാണ്. ഈ തടവുകാരനായ ബർ അബ്ബായുടെ പേര് ഈശോ എന്നായിരുന്നുവെന്ന് മേർവിലെ ഈശോദാദ് സൂചിപ്പിച്ചിട്ടുണ്ട്. ഈശോയുടെ വിചാരണയുടെ അവസരത്തിൽ റോമൻ അധികാരികളാൽ തടവിൽ അടയ്ക്കപ്പെട്ടിരുന്ന കുപ്രസിദ്ധനായ ഒരു വ്യക്തിയായിരുന്നു ബർ അബ്ബാ. ഈശോ നിഷ്കളങ്കനാണെന്ന് കരുതിയതുമൂലം മരണശിക്ഷ ഈശോ അർഹിക്കുന്നില്ലെന്ന് ഹേറോദേസിനും ഉറപ്പായിരുന്നു.
എന്നാൽ പീലാത്തോസ് തന്റെ ബോധ്യത്തിനു വിപരീതമായി ജനസമ്മർദത്തിനു വഴങ്ങി ഈശോയെ കുരിശുമരണത്തിന് കൈയാളിച്ചു. ഇവിടെ ഈശോയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് പീലാത്തോസിനും യൂദപ്രമാണികൾക്കും ഒഴിഞ്ഞുമാറാനാവില്ല. തങ്ങളുടെ അധികാരത്തിന് ഭീഷണിയായേക്കുമോ എന്ന് ഭയന്ന് ഈശോയെ വധശിക്ഷയ്ക്ക് വിധിച്ച ആചാര്യഗണത്തിന്റെ ഉത്തരവാദിത്വം നിസാരമല്ല. ഒപ്പം ജനത്തിന്റെ സമ്മർദത്തിനു വഴങ്ങി ക്രൂശിക്കാനായി ഈശോയെ ഏൽപ്പിച്ചുകൊടുക്കുന്ന പീലാത്തോസിന്റെ കൃത്യവും കുറ്റകരംതന്നെ.
ഈശോയെ കുരിശുമരണത്തിന് വിധിച്ച പീലാത്തോസും ദൈവപിതാവിന്റെ പുത്രനു പകരം (അതായത് യഥാർഥ ബർ അബ്ബായ്ക്കു പകരം) മോചിതനായ തടവുകാരനായ ബർ അബ്ബായും പോലും ഈശോമിശിഹായുടെ മരണത്തിന്റെ സത്ഫലം ആസ്വദിച്ചുവെന്നാണ് പാരന്പര്യം സാക്ഷിക്കുന്നത്.
പീലാത്തോസ് ജീവിതാന്ത്യത്തിൽ മിശിഹായിൽ വിശ്വസിച്ചതായും അദ്ദേഹത്തിന്റെ ഭാര്യ (മത്താ 27,19) വിശുദ്ധയായതുമൊക്കെ ചില അപ്രമാണികരേഖകളും ഐതിഹ്യങ്ങളുമൊക്കെ സാക്ഷിക്കുന്നു. ഈശോയ്ക്കു പകരം മോചിതനായ ബർ അബ്ബായ്ക്ക് എന്തു സംഭവിച്ചുവെന്ന് സുവിശേഷങ്ങളിൽ കാണുന്നില്ല.