സ്വർഗീയ നിധിയോടൊപ്പം ക്രൂശിക്കപ്പെട്ടവർ
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Tuesday, March 26, 2024 9:19 AM IST
വിശുദ്ധ സ്ലീവായിൽ ഈശോ തറയ്ക്കപ്പെട്ടപ്പോൾ അവന്റെ ഇരു വശങ്ങളിലും രണ്ടു കള്ളന്മാർ ഉണ്ടായിരുന്നതായി വിശുദ്ധ ഗ്രന്ഥം സാക്ഷിക്കുന്നുണ്ട്. സുറിയാനി സഭയുടെ പ്രാർത്ഥനകളിൽ വലതുഭാഗത്തുണ്ടായിരുന്ന മാനസാന്തരപ്പെട്ട കള്ളൻ തെത്തോസ് എന്നും ഇടതുഭാഗത്തുള്ളവൻ ദുമാക്കൂസ് എന്നും അറിയപ്പെടുന്നു.
സ്വർഗീയ നിധിയായ മിശിഹായോടൊപ്പം ക്രൂശിക്കപ്പെട്ടിരിക്കുന്ന രണ്ടു കള്ളന്മാർ ദൈവത്തോടും ദൈവിക രഹസ്യങ്ങളോടുമുള്ള മനുഷ്യവംശത്തിന്റെ രണ്ടു പ്രതികരണങ്ങളുടെ പ്രതീകങ്ങളാണ്: ഇടതുവശത്തുള്ളവൻ ദൈവത്തോട് മറുതലിക്കുന്നവരുടെയും വലതുവശത്തുള്ളവൻ അനുതപിച്ച് ദൈവത്തിലേക്കു തിരിയുന്ന വിഭാഗത്തിന്റെയും.
കർത്താവിന്റെ വലതുഭാഗത്തായി ക്രൂശിക്കപ്പെട്ടവൻ തന്റെ മനോഭാവങ്ങളുടെ നൈർമല്യംകൊണ്ട് നമ്മെ പിടിച്ചിരുത്തും. അനുതാപത്തിന്റെ അഗ്നിയിൽ ശുദ്ധീകരിക്കപ്പെട്ടതിനാൽ അവന്റെ പരിശുദ്ധമായ ഹൃദയത്തിന് ദൈവികരഹസ്യങ്ങൾ ഗ്രഹിക്കാനുള്ള ജ്ഞാനവും അവന്റെ നയനങ്ങൾക്ക് ദൈവത്തെ ദർശിക്കാനുള്ള ഭാസുരതയും ലഭിച്ചു.
തന്നോടൊപ്പം ക്രൂശിക്കപ്പെട്ടിരിക്കുന്നവനിൽ, ലോകത്തിന്റെ ദൃഷ്ടിയിൽ പരാജിതനും അപഹാസിതനും ദൈവദൂഷകനും മരണം കാത്തു കഴിയുന്നവനുമായവന്റെ തകർക്കപ്പെട്ട അവസ്ഥയിൽ, ദൈവത്തിന്റെ രാജത്വത്തിന്റെ ശക്തി അവൻ ദർശിച്ചു. തന്നോടൊപ്പമുള്ളവൻ ‘ദൈവപുത്രനാണ്’ എന്ന സത്യം അവൻ തിരിച്ചറിഞ്ഞു.
കുരിശിൽ കിടക്കുന്പോൾ മാത്രമല്ല ഈശോയുടെ വരാനിരിക്കുന്ന രാജ്യത്തിലും അവന്റെ സാമിപ്യം കൊതിച്ചു കൊണ്ട് അയാൾ സ്വന്തം തെറ്റ് ഏറ്റുപറയുകയും ഈശോയെ നിരപരാധിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. മരണത്തിൽനിന്ന് രക്ഷപ്പെടാൻ സാധിക്കയില്ലെങ്കിലും മരണശേഷം രക്ഷപ്പെടാൻ വേണ്ടിയാണ് അയാൾ ഈശോയോട് അപേക്ഷിക്കുന്നത്.
എന്നാൽ അയാൾ അപേക്ഷിച്ചതിൽ കൂടുതലാണ് അയാൾക്ക് ലഭിക്കുന്നത്. “എന്റെ കർത്താവേ, നീ നിന്റെ രാജ്യത്തിൽ വരുന്പോൾ എന്നെ ഓർക്കണമേ” (ലൂക്കാ 23,42) എന്ന അയാളുടെ പ്രാർത്ഥന അപ്പോൾതന്നെ കേൾക്കപ്പെടുന്നു.
ഈശോ അയാൾക്ക് നൽകിയ മറുപടിയും ശ്രദ്ധേയമാണ്ഃ “നീ ഇന്ന് എന്നോടുകൂടെ പറുദീസായിലായിരിക്കും’’ (ലൂക്കാ 23,43). ദൈവവുമായുള്ള സഹവാസത്തിൽ പുനഃപ്രവേശിക്കുന്ന മനുഷ്യവംശത്തിന് ഈ ‘ഇന്ന്’ പുതുജീവന്റെ ആഘോഷദിനമാണ്. സഭയുടെ വിശുദ്ധ പാരന്പര്യങ്ങളിൽ മാർ ബെനദിക്തോസ് 16-ാമൻ പാപ്പാ പറയന്നതുപോലെ ഈ മാനസാന്തരപ്പെട്ട നല്ല കള്ളൻ പ്രത്യാശയുടെ അടയാളമായി പരിശോഭിക്കുന്നു.
നമ്മുടെ അന്ത്യനിമിഷങ്ങളിൽ പോലും നമ്മെ തേടിയെത്തുന്ന ദൈവത്തിന്റെ കരുണയുടെ ഉറപ്പായി അവൻ നിലകൊള്ളുന്നു. കർത്താവിനെ വശത്താക്കി അവനൊടുവിൽ പറുദീസായും കട്ടെടുത്തു എന്നാണ് പ്രാർത്ഥനകൾ സാക്ഷിക്കുന്നത്.
അത് അവന്റെ അവസാനത്തെ കൊള്ളയായി ചിത്രീകരിക്കപ്പെടുന്നു. കള്ളൻ പറുദീസാ കട്ടുവെന്ന് പറയുന്പോഴും ഈശോയെ കർത്താവ് എന്ന് വിശ്വാസപൂർവം ഏറ്റുപറഞ്ഞ അവന്റെ വിശ്വാസത്തിനുള്ള പ്രതിഫലം തന്നെയാണ് അവന് ലഭിച്ച പറുദീസാ ഭാഗ്യം.