ചുംബിച്ചു വഞ്ചിച്ച യൂദാ
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Wednesday, March 27, 2024 8:43 AM IST
യൂദായുടെ ചതി കലർന്ന വ്യക്തിത്വവും പാഴായ ശിഷ്യത്വവും എന്നും സഭയുടെ നൊന്പരമാണ്. ശ്ലീഹന്മാരുടെ ഗണത്തിൽ വിശുദ്ധനെന്നു വിളിക്കാൻ ആരും തയാറാകാത്ത നിർഭാഗ്യവാനായ ശിഷ്യനാണ് യൂദാ സ്കറിയോത്താ.
‘ഗുരു’ എന്ന ശ്രേഷ്ഠമായ പദവും നിർമലസ്നേഹത്തിന്റെ പ്രതീകമായ ചുംബനവും ദുരുപയോഗിച്ച് കർത്താവിനെ ഒറ്റിക്കൊടുക്കാൻ തയാറായ അവൻ വഞ്ചനയുടെ ആൾരൂപമായി എണ്ണപ്പെടുന്നു. “ചുംബനം വഴി ഒറ്റിക്കൊടുക്കുക” വലിയ വൈരുദ്ധ്യം ഉൾക്കൊള്ളുന്നു.
തീവ്രസ്നേഹത്തിന്റെയും വിശ്വസ്തതയുടെയും ശ്രേഷ്ഠമായ ഈ അടയാളം ഹീനമായ വഞ്ചനയുടെ അടയാളമാക്കിക്കൊണ്ട് ‘മനുഷ്യപുത്രനെയാണ്’ യൂദാ ഒറ്റിക്കൊടുത്തത്. പക്ഷേ തന്നെ വഞ്ചന നിറഞ്ഞ ഹൃദയത്തോടെ ചുംബിച്ചവനോടുള്ള ഈശോയുടെ പ്രതികരണം ഹൃദ്യമായിരുന്നു.
വളരെ സൗമ്യമായാണ് ഈശോ യൂദായോട് ഇപ്രകാരം ചോദിക്കുന്നത്: “സ്നേഹിതാ ഇതിനായിട്ടാണോ നീ വന്നത്?” എന്നാൽ ഈശോയുടെ കരുണയും സ്നേഹവുമൊന്നും അവന്റെ ഹൃദയത്തിന് സ്വീകരിക്കാനാവില്ല. അപ്പത്തിന്റെ സാദൃശ്യത്തിൽ തന്റെ ശരീരം വിഭജിച്ചു ശ്ലീഹന്മാർക്കു നല്കിയ വേളയിൽ ഈശോ, ചതിയനായ യൂദായ്ക്കും അവന്റെ ഓഹരി നല്കി.
എന്നാൽ, മാനസാന്തരപ്പെടാൻ കൂട്ടാക്കാതിരുന്ന യൂദായിൽ സാത്താൻ പ്രവേശിച്ചു. ദൈവികമായ പശ്ചാത്താപമല്ല ആത്മഹത്യാപരമായ നിരാശയാണ് അവനെ ഭരിച്ചത്. ശിഷ്യത്വത്തിന്റെ ദാരുണമായ അന്ത്യമാണ് തൂങ്ങിമരിച്ച അവനിൽ തലമുറകൾ ദർശിച്ചത്. കർത്താവിനെ ഒറ്റിയവനായ യൂദായോടുള്ള സഭാ സമൂഹത്തിന്റെ മനോഭാവത്തിന്റെ ശക്തമായ ആവിഷ്കാരം ഈ ദിവസങ്ങളിലെ സഭയുടെ പ്രാർഥനകളിൽ നിറയുന്നു.
യൂദായോടുള്ള സഭയുടെ ചോദ്യങ്ങൾ ശരമഴയായി പെയ്യുന്നതു ശ്രദ്ധിക്കൂ: “തന്റെ അധരങ്ങളിലെ വചനംകൊണ്ട് അനേകം കുഷ്ഠരോഗികളെ സുഖമാക്കിയവനെതിരേ, വ്യഭിചാരിണിയായ സ്ത്രീയോട് അവളുടെ പാപങ്ങൾ പൊറുത്തവനെതിരേ, മരിച്ച് നാല് ദിവസമായി കല്ലറയിൽ വച്ച് അഴുകാൻ തുടങ്ങിയവന് പുനർജീവൻ നല്കിയവനെതിരേ, തന്റെ ഉപവാസത്താൽ സാത്താനെ ലജ്ജിപ്പിക്കുകയും നമ്മുടെ സ്വഭാവത്തിന് വിജയം നല്കുകയും ചെയ്തവനെതിരേ, കുഞ്ഞുങ്ങളുടെ അധരങ്ങളിൽനിന്ന് ഉതിർന്ന ഓശാനസ്തുതികളാൽ പാടി പുകഴ്ത്തപ്പെട്ടവനെതിരേ, തന്നെ ഒറ്റിക്കൊടുക്കുവാനിരുന്നവന്റെപോലും കാലുകൾ കഴുകാൻ തിരുമനസായ തെരഞ്ഞെടുക്കപ്പെട്ടവന്റെ നിർമലകരങ്ങൾക്കെതിരേ തിരിയാൻ യൂദായേ.. നിനക്കു നാണമില്ലേ...? അതുകൊണ്ട് സഭയുടെ മക്കൾ എഴുന്നേറ്റ് ഒന്നുചേർന്ന് നിനക്കെതിരേ ശാപവചസുകൾ ചൊരിയട്ടെ.