അനുപമ പാദക്ഷാളനം
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Thursday, March 28, 2024 9:05 AM IST
യോർദാനിൽ സൃഷ്ടിയുടെ മുന്നിൽ തലകുനിച്ചു നിൽക്കുന്ന സ്രഷ്ടാവിന്റെയും സെഹിയോൻ മാളികയിൽ ശിഷ്യരുടെ പാദങ്ങൾ ദാസസമാനം കഴുകിത്തുടയ്ക്കുന്ന ഗുരുവിന്റെയും ചിത്രങ്ങൾ സമാനതകൾ ഇല്ലാത്തവയായി മനുഷ്യഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു. തന്റെ ശിഷ്യന്മാരെ അവസാനത്തോളം സ്നേഹിച്ച (യോഹ 13:1) ഈശോ തന്റെ ഈ പരമമായ സ്നേഹം അവരുടെ പാദങ്ങൾ കഴുകിക്കൊണ്ടാണു പ്രകാശിപ്പിച്ചത്.
സ്ലീവായിൽനിന്നൊഴുകിയ ഈശോയുടെ ജീവരക്തത്തിൽ അവൻ മനുഷ്യവംശത്തിന്റെ പാപങ്ങൾ കഴുകി വെടിപ്പാക്കിയതിന്റെ പ്രതീകാത്മക മുൻ ആവിഷ്കാരമായി ഈ പ്രവൃത്തിയെ പിതാക്കന്മാർ അവതരിപ്പിക്കാറുണ്ട്.
സ്നേഹത്തിന്റെ ഈ അനുപമ ആവിഷ്കാരം ഇന്നും സാമാന്യമനസുകളിൽ വിസ്മയം നിറയ്ക്കുന്നു. തന്റെ പാദങ്ങൾ കഴുകാനെത്തിയ ദൈവപുത്രനായ മിശിഹായെ കണ്ടപ്പോൾ പരിഭ്രമിച്ചുപോയ പത്രോസ് ശ്ലീഹായുടെ വാക്കുകൾ വർണിക്കുന്ന സുറിയാനി കവിയായ സിറിലോണാ മനുഷ്യവംശം മുഴുവന്റെയും അങ്കലാപ്പാണ് പത്രോസിന്റെ മൊഴികളായി വിവരിക്കുന്നത്:
‘"സ്വർഗത്തിൽ നീയാകുന്ന അഗ്നിയിൽ തങ്ങളുടെ പാദങ്ങൾ കത്തി ചാന്പലാകുമോയെന്നു ഭയന്ന് ഈറേമാർ തങ്ങളുടെ പാദങ്ങൾ പൊതിഞ്ഞു സൂക്ഷിക്കുന്നു. ആ നീ, ഇവിടെയിതാ എന്റെ പാദങ്ങൾ കൈയിൽ വഹിക്കാനെത്തിയിരിക്കുന്നുവോ? എന്റെ കർത്താവേ നീ എന്നെ പരിചരിക്കാമെന്നോ?... സ്രാപ്പേന്മാർ നിന്റെ വസ്ത്രത്തിന്റെ വിളുന്പിൽപോലും ഒരിക്കലും സ്പർശിച്ചിട്ടില്ല. ആ നീയാണോ ഈ നിസാരരായ മനുഷ്യരുടെ പാദങ്ങൾ കഴുകുന്നത്...
എന്റെ കർത്താവേ നീ എന്റെ പാദങ്ങൾ കഴുകിയെന്ന വാർത്ത ഏതു നാടിന് ഉൾക്കൊള്ളാനാകും? നിന്റെ ഈ പ്രവൃത്തിയെക്കുറിച്ചുള്ള വാർത്ത സൃഷ്ടലോകത്തെ പ്രകന്പനം കൊള്ളിക്കും. ഭൂമിയിൽ നടന്ന ഈ കാര്യം കേട്ടാൽ സ്വർഗവാസികളിൽ ഭയം നിറയും. അതുകൊണ്ട് എന്റെ കർത്താവേ, ഞാൻ ഇതിനു നിന്നെ അനുവദിക്കില്ല’’. ശ്ലീഹന്മാരുടെയെല്ലാവരുടെയും പാദങ്ങൾ കഴുകിയ ഈശോ തീർച്ചയായും യൂദായുടെ പാദങ്ങൾ കഴുകിയിരിക്കണം.
പല പിതാക്കന്മാരുടെയും വ്യാഖ്യാനങ്ങളിൽ ഒരുപക്ഷേ ഈശോ ആദ്യം പാദങ്ങൾ കഴുകിയതു യൂദായുടേതായിരിക്കണം എന്നു പറഞ്ഞുകാണുന്നുണ്ട്. ദൃക്സാക്ഷിയായിരുന്നാലെന്നപോലെ യൂദായുടെ പ്രതികരണവും സിറിലോണാ വർണിക്കുന്നുണ്ട്: ‘"അവൻ യൂദായുടെ പക്കലെത്തി, അവന്റെ പാദങ്ങൾ കരങ്ങളിലാക്കി. അതുകണ്ട് അധരങ്ങൾ ഇല്ലെങ്കിലും ഭൂമി വിലപിച്ചു.
മുറിയുടെ ഭിത്തികളിലെ കല്ലുകൾ അലറിക്കരഞ്ഞു... കരുണയുടെ ആഴിയിതാ തന്റെ കൊലയാളിയുടെ പാദങ്ങൾ കഴുകുന്നു. നമ്മുടെ കർത്താവിന്റെ കരങ്ങൾ അവനെ തഴുകിയപ്പോൾ വലിയ ഭീതിയുളവായി. എന്നാൽ കർത്താവ് അവന്റെ ചതി വെളിപ്പെടുത്തിയില്ല. അവന്റെ ദുഷ്ടത പരസ്യപ്പെടുത്താതെ ഈശോ അവനെ മറ്റുള്ളവരെപ്പോലെ തന്നെ കരുതി’’.
മനുഷ്യവംശത്തിന്റെ വിശുദ്ധീകരണത്തിനും രക്ഷയ്ക്കുമായുള്ള ഈശോയുടെ മരണത്തിന്റെ പ്രതീകമാണു പാദക്ഷാളനം പ്രകടമാക്കുന്ന സ്വയം സമർപ്പണം. സ്ലീവായിലാണു പാദക്ഷാളനത്തിൽ പ്രകാശിതമായ ഈശോയുടെ സ്നേഹം അതിന്റെ പാരമ്യത്തിൽ എത്തിയത്. സ്ലീവായിൽ ഈശോ ചൊരിഞ്ഞ രക്തം മനുഷ്യവംശത്തിന്റെ പാപക്കറകൾ കഴുകിക്കളഞ്ഞു. സ്ലീവായിൽ നടന്ന ഈ പവിത്രീകരണം മാമ്മോദീസായിലൂടെ ഇന്നു തുടരുകയാണ്.