അമൂല്യസഹനത്തിന്റെ പവിത്രവെള്ളി
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Sunday, March 31, 2024 10:02 AM IST
സഭയിൽ ആചരിക്കപ്പെടുന്ന തിരുനാളുകളിൽ ശോകത്തിന്റെ അരൂപിയിൽ കൊണ്ടാടപ്പെടുന്ന ഏക തിരുനാളാണ് ഈശോയുടെ സ്ലീവാമരണം അനുസ്മരിച്ചാഘോഷിക്കുന്ന പീഡാനുഭവ വെള്ളി. ഈശോ സ്ലീവായിൽ തറയ്ക്കപ്പെട്ട ആ ചരിത്ര വെള്ളിദിനം അവിസ്മരണീയമാക്കാൻ അന്നു സൃഷ്ടലോകം മുഴുവനും യത്നിച്ചിരുന്നു.
സകലത്തിന്റെയും അധിനാഥനായ മിശിഹാ സ്ലീവായിൽ തറയ്ക്കപ്പെട്ട്, ദാരുണമായി സഹിച്ചു മരിക്കുന്നതു കാണുക എന്നത് സമസ്ത സൃഷ്ടികളിലും വേദനയുളവാക്കി. തങ്ങളുടെ പരിഭ്രമവും ദുഃഖവുമൊക്കെ പല പ്രകാരത്തിലും അചേതനങ്ങളെന്ന് കരുതപ്പെടുന്ന സൃഷ്ടികൾപോലും പ്രകടിപ്പിച്ചു. ഈ പ്രതികരണങ്ങൾ യഥാർഥത്തിൽ മിശിഹായുടെ പീഡാസഹനങ്ങളിലുള്ള അവരുടെ പങ്കുചേരലും മിശിഹായുടെ ദുഃഖം കണ്ടുകൊണ്ടുള്ള അവരുടെ വിലാപത്തിന്റെ സ്വരവുമൊക്കെയായി സഭാപിതാക്കന്മാർ വ്യാഖ്യാനിക്കുന്നു.
സർവശക്തൻ ബലഹീനനായി കവിളുകളിൽ അടിയും, മുഖത്ത് തുപ്പലും, അവഹേളനങ്ങളും ഏറ്റുവാങ്ങി സ്ലീവായിലേക്ക് കരേറുന്ന ദൃശ്യം പ്രകൃതിയെപ്പോലും കരയിപ്പിച്ചു. പ്രധാനാചാര്യന്മാരായ അന്നായും കയ്യാപ്പായും, വിജാതീയനായ പീലാത്തോസിന് അവനെ കയ്യേൽപ്പിച്ചുകൊടുത്തു. പീലാത്തോസിന്റെ മുന്പിൽ വച്ച് അവൻ മുൾമുടി ധരിപ്പിക്കപ്പെട്ടു. കയ്പുള്ള വിനാഗിരി അവനെ കുടിപ്പിച്ചു. സ്വകീയർ എന്ന് അവൻ കരുതിയിരുന്നവർ അവനെ ക്രൂശിക്കാനായി മുറവിളികളുയർത്തി.
അവന്റെ പ്രിയതോഴനായ യൂദാ അവനെ മുപ്പതു വെള്ളിനാണയങ്ങൾക്ക് വിറ്റു. ക്രൂശിക്കപ്പെടാനായി ദൈവപുത്രൻ ബന്ധനസ്ഥനായപ്പോൾ ഭൂമി കുലുങ്ങി തന്റെ പരിഭ്രമം വെളിവാക്കി. കാരണം ഈ മനുഷ്യന്റെ മരണം ഉൾക്കൊള്ളാൻ അതിനായില്ല. .
ദൈവത്തിന്റെ വചനവും അതിന്റെ വലിയ ശക്തിയും സകല ഉറപ്പുള്ളവയിലും തുളച്ചുകയറിയതിനാൽ പാറകൾക്ക് പിളരാതിരിക്കാനായില്ല. മരണവാതിലുകളുടെ പൂട്ടുകൾ തകർന്നതിനാൽ ശവകുടീരങ്ങൾ തുറക്കപ്പെട്ടു. സൂര്യൻ മുഖം മറച്ചുകൊണ്ട് വിലപിച്ചു. ഭൂമിയിലെങ്ങും ഇരുളു പരന്നു.
കർത്താവിന്റെ മരണസമയത്ത് ഭൂമിയിൽ വ്യാപിച്ച ഇരുട്ട് യഥാർഥത്തിൽ ക്രൂശിച്ചവരുടെ മനസിലെ ഇരുട്ടായിരുന്നുവെന്ന് മാർ അപ്രേം പറയുന്നുണ്ട്. നോഹയുടെ നഗ്നത കാണാതിരിക്കാനായി അദ്ദേഹത്തിന്റെ മക്കൾ തോളിൽ വിരിയിട്ട് പുറകോട്ടു നടന്ന് പിതാവിന്റെ നഗ്നത മറച്ചതുപോലെ (ഉത്പ 9, 23) ഈശോ നഗ്നനായി സ്ലീവായിൽ തൂങ്ങിക്കിടക്കുന്നത് ആരും കാണാതിരിക്കാനായി സൂര്യചന്ദ്രന്മാർ തങ്ങളുടെ പ്രകാശം പിൻവലിച്ചുവെന്ന് പ്രാർഥനകൾ പരാമർശിക്കുന്നുണ്ട്. ദേവാലയ തിരശ്ശീല രണ്ടായി കീറി.
അവിശ്വാസികളാലും ക്രൂരന്മാരാലും കർത്താവ് വിധിക്കപ്പെട്ട സമയം എത്രയോ ഭീകരം! യാതൊരു ദാക്ഷിണ്യവും കാണിക്കാതെയാണ് ജീവന്റെ നാഥനെ ക്രൂശിക്കാനായി അവർ വിധിച്ചത്. അവന്റെ പ്രിയപ്പെട്ട ശ്ലീഹന്മാർ, അവനെ ഇട്ടിട്ട് ഓടിപ്പോയി. അവരുടെ തലവനായ കേപ്പാപോലും അവനെ അറിയില്ല എന്നു പറഞ്ഞ് ഒഴിഞ്ഞു. പ്രകൃതിയുടെ സ്വാഭാവിക താളക്രമങ്ങൾ തെറ്റുന്നത് കണ്ട് ശതാധിപനും ഇതര പടയാളികളും “ഇവൻ സത്യമായും ദൈവപുത്രനാണ്’’ എന്ന് ഏറ്റുപറഞ്ഞു.
എന്നാൽ സ്വകീയരാൽ പരിത്യക്തനായ അവന്റെ സഹനങ്ങളുടെ ഫലം ലോകത്തിന്റെ ജീവനു കാരണമായതിനു ചരിത്രം സാക്ഷി. നമുക്കും ആ ചരിത്രവെള്ളി ഉചിതമായ ആദരവോടെ ആചരിക്കാം. എല്ലാ ജോലികളും മാറ്റിവച്ചു പൂർണമായും ദിവ്യരഹസ്യങ്ങളുടെ പരിചിന്തനത്തിനും ആചരണത്തിനുമായി മാർ തോമ്മാ നസ്രാണികൾ ചെലവഴിക്കുന്ന വിശുദ്ധ ദിനമാണിത്.
ദീർഘമായ പ്രാർഥനയും കർമങ്ങളും സന്പൂർണ ഉപവാസവും ഈ ദിനത്തിന്റെ സവിശേഷതകളാണ്. നമ്മുടെ ആരാധനാവത്സരത്തിൽ ഏറെ പ്രത്യേകതകളോടെ ആചരിക്കപ്പെടുന്ന ഈ ദിനത്തിന്റെ സവിശേഷതകൾ മനസിലാക്കി നമുക്ക് അതിൽ പങ്കുചേരാം.