ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യതാ മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്നു വീണ്ടും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ഇതു കേരളത്തിൽ തുടർന്നും അതിശക്തമായ മഴയ്ക്ക് കാരണമായേക്കും. അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കും ചില സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. തിങ്കളാഴ്ച ചില പ്രദേശങ്ങളിൽ അതിതീവ്ര മഴയ്ക്കും ചൊവ്വാഴ്ച ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടുമായിരിക്കും.
കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ഇന്ന് കടലിൽ പോകരുതെന്നും ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി.