ഒടുവിൽ 1986-87 സീസണിൽ നേപ്പിൾസിന്റെ സ്വപ്നം സഫലമായി. 75 വർഷം നീണ്ടകാത്തിരിപ്പിനൊടുവിൽ ലീഗ് കിരീടം ആദ്യമായി നാപ്പോളിയിലെത്തി. ആ വർഷം തന്നെ ഇറ്റാലിയൻ കപ്പും നേടി അവർ ഇരട്ടക്കിരീടത്തിലെത്തി. അടുത്ത സീസണിൽ ലീഗിൽ രണ്ടാം സ്ഥാനത്തായെങ്കിലും യുവേഫ കപ്പിൽ നാപ്പോളി മുത്തമിട്ടു.
ആദ്യമായി യൂറോപ്യൻ കിരീടവും മാറഡോണയുടെ സുവർണ ബൂട്ടുകൾ നേപ്പിൾസിലെത്തിച്ചു. 1989-90 സീസണിൽ ലീഗ് കിരീടം തിരിച്ചു പിടിക്കാനും അവർക്കായി. പക്ഷേ, 1990-ലെ ഇറ്റാലിയൻ ലോകകപ്പിൽ ചിത്രം മാറി.
സെമി ഫൈനൽ നേപ്പിൾസിലായിരുന്നു. ആവേശകരമായ മത്സരത്തിൽ ഷൂട്ടൗട്ടിൽ അർജന്റീന വിജയിച്ചു. തുടർന്നു ഫൈനലിൽ ജർമനിയോടു വിവാദമായ ഒരു പെനാൽറ്റിയിൽ അർജന്റീന കിരീടം കൈവിട്ടതു ചരിത്രം.
പക്ഷേ, അർജന്റീനയിൽ നിന്നേറ്റ തോൽവിക്ക് ഇറ്റാലിയൻ അധികൃതർ മാറഡോണയോടു പൊറുക്കാൻ തയാറായിരുന്നില്ല. കൊക്കെയ്ൻ ഉപയോഗിച്ചതിനു മാറഡോണയ്ക്കു 15 മാസം വിലക്കു വന്നു. അതോടെ മാറഡോണയുടെ നാപ്പോളി ജീവിതത്തിനു വിരാമമായി. ക്ലബ്ബിന്റെ തകർച്ചയും തുടങ്ങി.
പിന്നീട് അദ്ദേഹം 1992-ൽ സ്പെയിനിലെ സെവിയ്യയ്ക്കു വേണ്ടി കളിച്ചു. അടുത്തവർഷം ജൻമനാട്ടിലെത്തി അർജന്റീനയിലെ ന്യൂവെൽസ് ഓൾഡ് ബോയ്സ് ക്ലബ്ബിനു കളിച്ചു. ഇതിനിടെ ലഹരിക്കടിമപ്പെട്ടതും മാറഡോണയുടെ ജീവിതത്തിന്റെ കറുത്തപാടുകളായി.
ലോകത്തെ കൊതിപ്പിച്ച ഒരുനിര താരങ്ങൾ അർജന്റീനയിൽ പിറവിയെടുത്തുവെങ്കിലും മാറഡോണയ്ക്കുശേഷം അർജന്റീന പഴയ അർജന്റീന ആയിട്ടില്ല.
വി. മനോജ്