ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ നാപ്പോളി, ബാഴ്സലോണ ക്ലബ്ബുകളുടെ താരമായിരുന്നു മാറഡോണ. അന്നത്തെ റിക്കാർഡ് തുകയായ 80 ലക്ഷം ഡോളറിനായിരുന്നു മാറഡോണയെ ബാഴ്സലോണ സ്വന്തമാക്കിയത്. 1984ൽ ബാഴ്സ, ഡിയേഗോയെ നാപ്പോളിക്കു വിറ്റു. മാറഡോണ എത്തിയതോടെ നാപ്പോളിയുടെ തലവര മാറി. 1987ൽ 60 വർഷത്തിനിടെ ആദ്യമായി നാപ്പോളി ഇറ്റാലിയൻ സീരി എ ചാന്പ്യന്മാരാകുകയും ചെയ്തു.
അർജന്റീനയുടെ തലസ്ഥാനമായ ബുവാനോസ് ആരീസിന്റെ പ്രാന്തത്തിലുള്ള ദരിദ്ര കത്തോലിക്കാ കുടുംബത്തിൽ 1960 ഒക്ടോബർ 30നായിരുന്നു മാറഡോണയുടെ ജനനം. എട്ടു മക്കളിൽ അഞ്ചാമനായ ഡിയേഗോ ബുവാനോസ് ആരീസിലെ തെരുവുകളിൽ പന്തു തട്ടിയാണ് വളർന്നത്.
പത്തു വയസുള്ളപ്പോൾ പ്രഫഷണൽ മത്സരങ്ങളിലെ ഹാഫ് ടൈമിൽ പന്തുകൊണ്ട് അഭ്യാസം കാണിച്ച് ശ്രദ്ധ നേടി. വൈകാതെ അർജന്റിനോസ് ജൂണിയേഴ്സ് യൂത്ത് ടീമിൽ ഇടംനേടിയ മാറഡോണ 1976-81ൽ സീനിയർ ടീമിലെത്തി. അവിടെനിന്ന് ബൊക്ക ജൂണിയേഴ്സിലെത്തിയപ്പോഴേക്കും അറിയപ്പെടുന്ന താരമായി.
1978ൽ ലോകകപ്പ് നേടിയ അർജന്റൈൻ ടീമിലേക്കു പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ ഒഴിവാക്കപ്പെട്ടു. പതിനേഴു വയസു മാത്രമേയുള്ളൂ എന്നതിന്റെ പേരിലായിരുന്നു ഒഴിവാക്കിയത്. അതു തന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്തമെന്നു 2000ൽ പുറത്തിറങ്ങിയ ‘ഐ ആം ഡിയേഗോ’ എന്ന ആത്മകഥയിൽ മാറഡോണ പറയുന്നുണ്ട്.