ബുവാനോസ് ആരീസിലെ ബെല്ല വിസ്റ്റ സെമിത്തേരിയിൽ വ്യാഴാഴ്ചയാണു ഡിയേഗോ മാറഡോണയുടെ (60) സംസ്കാരം നടന്നത്. 24 പേർ മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. അതേസമയം, കാസ റൊസാഡ കൊട്ടാരത്തിൽ നിന്നാരംഭിച്ച വിലാപയാത്രയിൽ ആയിരങ്ങൾ എത്തി.
ദേശീയ പതാക ചുറ്റി ലോകപ്രശസ്തമായ അർജന്റീനയുടെ 10-ാം നന്പർ ജഴ്സി പുതപ്പിച്ചാണ് മാറഡോണയുടെ മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോയത്. ബൊക്ക ജൂണിയേഴ്സ് ക്ലബ്ബിന്റെ പതാകയുമുണ്ടായിരുന്നു. വിലാപയാത്രയ്ക്കിടെ ഒഴുകിയെത്തിയ ആളുകളെ പിരിച്ചുവിടാൻ പോലീസിനു കണ്ണീർ വാതകവും ജലപീരങ്കിയും റബർ ബുള്ളറ്റും പ്രയോഗിക്കേണ്ടിവന്നു.
മരണശേഷം തന്റെ ശരീരം എംബാം ചെയ്യണമെന്ന മാറഡോണയുടെ ആഗ്രഹം നടന്നില്ലെന്നതും അർജന്റീനയിൽ വാർത്തകളിൽ ഇടംപിടിച്ചു.