ഒരു പോയിന്റിനു മാത്രം മുന്നിൽ നിൽക്കേ ശക്തമായൊരു സ്മാഷിലൂടെ സിന്ധു 6-4ന് ലീഡാക്കി. ഒരു ലോംഗ് റാലിയുടെ അവസാനത്തിൽ ഇന്ത്യൻ താരം 7-5നു മുന്നിലെത്തി. അടുത്തൊരു സ്മാഷിലൂടെ 8-5നായി സിന്ധുവിന്റെ ലീഡ്. തുടർച്ചയായി രണ്ടു പോയിന്റ് നേടിയ ചൈനീസ് താരം ലീഡ് കുറച്ചുകൊണ്ടിരുന്നു.
എന്നാൽ, ബിംഗ് ജിയാവോയുടെ രണ്ടു പിഴവുകൾ സിന്ധുവിനെ 10-7ലെത്തിച്ചു. നീണ്ടയൊരു റാലിക്കൊടുവിൽ ക്രോസ് കോർട്ട് സ്മാഷിലൂടെ സിന്ധു 16-13 മുന്നിലായി. തുടർന്ന് സിന്ധു 18-14ന് മുന്നിൽ. ബിംഗ് ജിയാവോ ഒരു പോയിന്റുകൂടി നേടിയെങ്കിലും സിന്ധു പിന്നീട് തിരിഞ്ഞു നോക്കിയില്ല. മികച്ചൊരു സ്മാഷിലൂടെ സിന്ധു ഗെയിമും വെങ്കല മെഡലും സ്വന്തമാക്കി.
ഇരട്ട മെഡൽ...ഇന്ത്യക്കായി ഒളിന്പിക്സിൽ ഇരട്ട മെഡൽ സ്വന്തമാക്കുന്ന ആദ്യ വനിതയെന്ന റിക്കാർഡ് കുറിച്ച സിന്ധു ഈ നേട്ടത്തിൽ ഗുസ്തിതാരം സുശീൽ കുമാറിനും ഓട്ടക്കാരൻ നോർമൻ പ്രിച്ചാർഡിനും ഒപ്പം.
ബ്രിട്ടീഷ് ഇന്ത്യൻ അത്ലറ്റായിരുന്ന പ്രിച്ചാർഡ് 1900 പാരീസ് ഒളിന്പിക്സിൽ പുരുഷ വിഭാഗം 200, 200 മീറ്റർ ഹർഡിൽസ് ഇനങ്ങളിൽ വെള്ളി സ്വന്തമാക്കി. പിന്നീട് ഒരു ഇന്ത്യക്കാരൻ ഡബിൾ മെഡൽ നേടിയത് 2008 ബെയ്ജിംഗിലും (വെങ്കലം) 2012 ലണ്ടനിലുമായി (വെള്ളി) സുശീൽകുമാറാണ്.