പുരുഷ ഹോക്കി (വെങ്കലം)ഇന്ത്യൻ പുരുഷ ഹോക്കി ടീം പാരീസ് ഒളിന്പിക്സിൽ ചരിത്രമെഴുതിയാണ് മടങ്ങിയത്. ടോക്കിയോ ഒളിന്പിക്സിനു പിന്നാലെ ഇന്ത്യൻ പുരുഷ ഹോക്കി ടീം പാരീസ് ഒളിന്പിക്സിലും വെങ്കലമെഡലിലെത്തി. വെങ്കലത്തിനായുള്ള ആവേശപോരാട്ടത്തിൽ ഇന്ത്യ 2-1ന് സ്പെയിനിനെ തോൽപ്പിച്ചു. മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന്റെ അസാമാന്യ പ്രകടനമാണ് ഇന്ത്യക്കു വിജയം സമ്മാനിച്ചത്. തുടർച്ചയായ രണ്ടാം ഒളിന്പിക് മെഡലോടെ ശ്രീജേഷ് വിരമിക്കുകയും ചെയ്തു. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ടു ഗോളും നേടിയത്.
52 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യ ഹോക്കിയിൽ തുടർച്ചയായി മെഡൽ നേടുന്നത്. 1948 ലണ്ടൻ ഒളിന്പിക്സ് മുതൽ 1972 മ്യൂണിക് ഒളിന്പിക്സ് വരെ തുടർച്ചയായ ഏഴ് ഒളിന്പിക്സിൽ ഇന്ത്യ മെഡൽ നേടി. ഇതിനു മുന്‍പ് 1928 ആംസ്റ്റർഡാം ഒളിന്പിക്സ് മുതൽ 1936 വരെ ഹാട്രിക് സ്വർണമെഡൽ നേട്ടം കൈവരിച്ചു. ഒളിന്പിക് ഹോക്കിയിൽ എട്ട് സ്വർണം, ഒരു വെള്ളി, നാലു വെങ്കലം എന്നിങ്ങനെ 13 മെഡലുകളുമായി ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യമെന്ന റിക്കാർഡ് ഇന്ത്യ ഉയർത്തി. ഓസ്ട്രേലിയയാണ് (10) രണ്ടാമത്.
ഗ്രൂപ്പ് ബിയിൽ ശക്തരായ ഓസ്ട്രേലിയ, ബെൽജിയം ടീമുകൾക്കൊപ്പം ഉൾപ്പെട്ട ഇന്ത്യ അഞ്ചു കളിയിൽ മൂന്നു ജയം, ഒരു സമനില, ഒരു തോൽവി എന്നിങ്ങനെ പത്തുപോയിന്റുമായാണ് ക്വാർട്ടറിലെത്തിയത്. ക്വാർട്ടറിൽ ബ്രിട്ടനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് സെമിയിലെത്തിയത്. സെമിയിൽ ജർമനിയോട് തോറ്റു.
മലയാളി സൂപ്പർ താരം പി.ആർ. ശ്രീജേഷിന്റെ അവസാന രാജ്യാന്തര പോരാട്ടമായിരുന്നു പാരീസ് ഒളിന്പിക്സ്. പാരീസിലേക്കു പുറപ്പെടുംമുന്പുതന്നെ തന്റെ വിരമിക്കൽ തീരുമാനം ശ്രീജേഷ് അറിയിച്ചിരുന്നു.
മനു-സരബ് (വെങ്കലം)10 മീറ്റര്‍ എയര്‍ പിസ്റ്റൾ മിക്സഡ് ടീമിൽ മനു ഭാകര്‍ -സരബ്ജോത് സിംഗ് സഖ്യത്തിന്റെ വെങ്കലനേട്ടത്തോടെ ഇന്ത്യയും മനു ഭാകറും ഒളിന്പിക്സിൽ പുതിയൊരു ചരിത്രമാണ് കുറിച്ചത്. ടീം ഇനത്തിലും വിജയിയായതോടെ സ്വാതന്ത്ര്യാനന്തരം ഒരു ഒളിന്പിക്സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ കായികതാരമെന്ന ബഹുമതിയും മനു സ്വന്തമാക്കി.
സ്വപ്നിൽ (വെങ്കലം)സ്വപ്നിൽ കുസാലെയിലൂടെ പാരീസ് ഒളിന്പിക്സിന്റെ ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഇന്ത്യ മൂന്നാം മെഡൽ നേടി. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിലാണ് സ്വപ്നിലിന്റെ വെങ്കലമെഡൽ നേട്ടം. 451.4 പോയിന്റുമായാണ് ഇന്ത്യൻ ഷൂട്ടർ ചൈന, യുക്രെയിൻ ഷൂട്ടർമാർക്കു പിന്നിലായത്. ഈ ഇനത്തിൽ ഇന്ത്യ ഒളിന്പിക്സിൽ നേടുന്ന ആദ്യത്തെ മെഡലാണ്.
ഒളിന്പിക്സിൽ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ഇനത്തിൽ യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യൻ ഷൂട്ടറാണ് കുസാലെ. ഒരു ഒളിന്പിക്സ് പതിപ്പിൽ ആദ്യമായാണ് ഇന്ത്യ ഷൂട്ടിംഗിൽ മൂന്നു മെഡൽ നേടുന്നത്.
അമൻ (വെങ്കലം)ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ നേട്ടം ഇരുപത്തിയെന്നുകാരനായ അമൻ ഷെഹ്റാവത്തിന്റെ വെങ്കലമെഡലിലൂടെയായിരുന്നു. ഷെഹ്റാവത്തിന്റെ ആദ്യ ഒളിന്പിക്സാണ്. വെങ്കല മെഡൽ പോരാട്ടത്തിൽ പ്യൂട്ടോ റിക്കയുടെ ഡാർവിൻ ക്രൂസിനെ 13 - 5 എന്ന വ്യത്യാസത്തിൽ മലർത്തിയടിച്ചാണ് അമൻ ഇന്ത്യൻ പതാക പാരീസിലെ ഗോദയിൽ പാറിച്ചത്. പാരീസ് ഒളിമ്പിക്സില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫ്രീസ്റ്റൈല്‍ ഗുസ്തിക്കാരനും ഷെഹ്റാവത്തായിരുന്നു. പാരീസിൽ ഇന്ത്യക്കായി മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും അമനാണ്.
ഇന്ത്യൻ മെഡൽ>
ഇനം, സ്വർണം, വെള്ളി, വെങ്കലം, ആകെ
അത്ലറ്റിക്സ് 00-01-00-01
ഷൂട്ടിംഗ് 00-00-03-03
ഹോക്കി 00-00-01-01
ഗുസ്തി 00-00-01-01
ആകെ 00-01-05-06