തമ്മിലടിയിൽ പുകഞ്ഞു വെറുതെ കുറ്റിയടിച്ചിരിക്കുകയായിരുന്നു കോണ്ഗ്രസുകാർ. അപ്പോഴാണ് എൽഡിഎഫ് സർക്കാർ കെ-റെയിൽ കുറ്റി തലയിൽ വച്ചു കൊടുത്തിരിക്കുന്നത്. കുറ്റി കുറിക്കുകൊള്ളിക്കുന്ന കാര്യം ഇനി ഞങ്ങളേറ്റു എന്നു പ്രസിഡന്റ് സുധാകരൻജിതന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇതിനിടയിൽ മന്ത്രിയുടെ ഒൗദ്യോഗിക വസതിയുടെ വളപ്പിൽത്തന്നെ കെ-റെയിൽ കുറ്റി നാട്ടി പ്രതിഷേധം കടുപ്പിച്ച ബിജെപിക്ക് ഉള്ളിലൊരു അങ്കലാപ്പ് ഇല്ലാതില്ലെന്നാണ് പ്രതികരണങ്ങളിൽനിന്നുള്ള സൂചന. ഇപ്പോഴുള്ള ചെറിയ കുറ്റിയല്ല വരാൻ പോകുന്ന വന്പൻ സിറ്റിയാണ് കെ റെയിൽ എന്നു പിണറായിജി പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ നേരിട്ടുതന്നെ അറിയിച്ചിരിക്കുകയാണ്.
സാധാരണ വന്പൻ പദ്ധതികളെ കൈയടിച്ചു വരവേൽക്കുന്ന പ്രധാനമന്ത്രി ഇനി കെ-റെയിൽ പദ്ധതിക്ക് എങ്ങാനും അനുമതി കൊടുത്തുകളയുമോയെന്ന ആശങ്കയാണ് അവരെ അലട്ടുന്നത്. ഇതിനിടയിൽ കേന്ദ്രം ഗ്യാസ് കുറ്റിക്കു വില കുത്തനെ കൂട്ടി ജനങ്ങൾക്കെതിരേ ഒരു മറുകുറ്റി പായിച്ചിരിക്കുകയാണ്.
കുറ്റിയിൽ ചുറ്റി കെ-റെയിൽ മുടന്തുന്പോൾ നാട്ടുകാർക്കു ചെറിയൊരു സംശയം ഇല്ലാതില്ല, കെ-റെയിൽ എന്തായിരിക്കും കേരളത്തിലെ പ്രമുഖരുടെ ആരുടെയും കിടപ്പാടം വഴി കടന്നുപോകാത്തത്? കുറ്റിയിലുമുണ്ടോ ചുറ്റിക്കളി!
മിസ്ഡ് കോൾ=സമരം നടത്തിയാലും ഇല്ലെങ്കിലും ബസ് ചാർജ് കൂട്ടുമെന്നു ഗതാഗതമന്ത്രി.
- വാർത്ത
= കൂട്ടിയാലും ഇല്ലെങ്കിലും ജനത്തിന്റെ കാര്യം കട്ടപ്പുറത്ത്!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്