ഗോവിന്ദൻസഖാവിന്റെ താത്വികാവലോകനം കേട്ടു കണ്ണുമിഴിക്കുന്ന പത്രക്കാരെപ്പോലെ അന്തംവിട്ടുനിന്ന പയ്യൻ പതിയെ പത്രമെടുത്തു തലക്കെട്ടു വായിച്ചു. “എംഡിഎംഎയുമായി വിദ്യാർഥികൾ... ’’
“അയ്യോ ഇതാണോ വല്യപ്പച്ചൻ പറഞ്ഞ എംഡിയും എംഎയും. ഇതു പഠിച്ചാൽ മിക്കവാറും ഉടനെ പാസാകും, ഒന്നുകിൽ ഉള്ളേ പോകാനുള്ള സർട്ടിഫിക്കറ്റ് കിട്ടും, അല്ലെങ്കിൽ മുകളിലേക്കു പോകാനുള്ള വീസ കിട്ടും. വല്യപ്പച്ചാ ഇതു പഠിത്തവും പത്രാസുമൊന്നുമല്ല. മറ്റവനാ, മറ്റവൻ.’’
“ഏതവനായാലും നീ കാര്യം പറയടാ’’- കാരണവർ അക്ഷമനായി.
“വല്യപ്പച്ചാ, എംഡിഎംഎ, എൽഎസ്ഡി എന്നൊക്കെ പറഞ്ഞാൽ മയക്കുമരുന്നാ കൊടും മയക്കുമരുന്ന്.’’
“ഓഹോ.. പണ്ടൊക്കെ കഞ്ചാവ് എന്നും കറപ്പെന്നുമൊക്കെയായിരുന്നു കേട്ടിട്ടുള്ളത്. കാലം മാറിയപ്പോൾ മയക്കുമരുന്നിനും ചുരുക്കപ്പേരൊക്കെ ആയോ?’’
“ചുരുക്കപ്പേരു മാത്രമല്ല നാട്ടുകാരെ ചുറ്റിക്കുന്ന പേരുകളുമുണ്ട്. ആന്പിള്ളേരും പല പെന്പിള്ളേരും ഇപ്പോൾ ഈ ചുരുക്കപ്പേരിനു പിന്നാലെ പരക്കംപാച്ചിലിലാണ്. പിന്നെ കുളി വേണ്ട, മുടി വെട്ടേണ്ട, പഠിത്തം വേണ്ട, ജോലി വേണ്ട, വീട്ടുകാരെ വേണ്ട, നാട്ടുകാരെ പിന്നെ വേണ്ടേ വേണ്ട... ആകെ വേണ്ടതു രണ്ടു പുകയും പായാനൊരു വണ്ടിയും!’’
എന്തായാലും നാടു മുഴുവൻ പുകഞ്ഞുതീരാറായപ്പോഴാണ് നമ്മുടെ സർക്കാരിന്റെ മൂട് പുകഞ്ഞുതുടങ്ങിയിരിക്കുന്നത്. പുകച്ച കേസ് ആയതുകൊണ്ടാണോ എന്നറിയില്ല, അന്വേഷണം മിക്കവാറും എത്തുന്നതു പുകമറയിലാണ്. ഇതെല്ലാം എവിടെനിന്നാണ് വരുന്നതെന്നോ എങ്ങോട്ടാണ് പോകുന്നതെന്നോ ആർക്കുമറിയില്ല. ഇത്തവണയെങ്കിലും സർക്കാർ ആളിക്കത്തിയില്ലെങ്കിൽ അധികം വൈകാതെ ഈ നാടിന്റെ പുക കാണേണ്ടിവരും!
മിസ്ഡ് കോൾ= ശശി തരൂർ എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ യോഗ്യനെന്നു കെ. സുധാകരൻ.
- വാർത്ത
=കെപിസിസി അല്ലല്ലോ അല്ലേ..!