മറക്കാനുള്ളതല്ല മണിപ്പുർ
Friday, May 5, 2023 10:25 PM IST
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
മണിപ്പുരിലെ കലാപം മുന്നറിയിപ്പാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു മാത്രമല്ല രാജ്യത്തിനാകെയും. ജാതി, മത, വർഗ, പ്രാദേശിക വാദം മൂപ്പിക്കുന്ന സ്വത്വവാദത്തിന്റെയും സംവരണ-വർഗീയ- വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും ബാക്കിപത്രം. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന് എതിരേയുണ്ടായ 1990ലെ കലാപങ്ങളിലൂടെ തുറന്നുവിട്ട ഭൂതംതന്നെ.
ചരിത്രപരമായ കാരണങ്ങളാൽ അടിച്ചമർത്തപ്പെട്ടിരുന്ന വിഭാഗങ്ങളെ പൊതുധാരയിലേക്കെത്തിക്കുക എന്നതാണു സംവരണത്തിന്റെ ലക്ഷ്യം. എങ്കിലും ജാതി ഉന്മൂലനം ചെയ്യുക പ്രധാനമാണെന്ന നിലപാടിലായിരുന്നു ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കർ. പക്ഷേ എക്കാലവും ജാതി നിലനിൽക്കേണ്ടതാണെന്ന സ്വത്വവാദത്തെയാണു പ്രധാന രാഷ്ട്രീയ പാർട്ടികൾ പുണരുന്നത്. ജാതി മത സംവരണ രാഷ്ട്രീയത്തിലൂടെ ഭരണം പിടിക്കാൻ ഏതാണ്ടെല്ലാ പാർട്ടികളും വളഞ്ഞ വഴികൾ തേടുന്നതു പതിവാണ്.
സംവരണ-വർഗീയ രാഷ്ട്രീയം
ശക്തരും ഭൂരിപക്ഷവുമായ മെയ്തേയ് വിഭാഗത്തിനുകൂടി പട്ടികവർഗ സംവരണം കൊടുത്താൽ നിലവിൽ പിന്നാക്കമായ മലയോരത്തെ ഗോത്രവർഗക്കാർ വീണ്ടും തഴയപ്പെടുമെന്ന ചിന്തയാണു പ്രശ്നം. നിലവിൽ മൂന്നിലൊന്നു പട്ടികവർഗ സംവരണമുള്ള സംസ്ഥാനത്ത് ഭൂരിപക്ഷമായ മെയ്തേയ്ക്കാരെ കൂടി ഉൾപ്പെടുത്തിയാൽ വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങളിൽ വലിയ അസന്തുലിതാവസ്ഥ ഉണ്ടാകുമെന്നതാണ് ആശങ്ക. ബിജെപി സർക്കാരും പോലീസും മാധ്യമങ്ങളും മെയ്തേയ് വിഭാഗത്ത തുണയ്ക്കുകയാണെന്ന് ആദിവാസികൾ പറയുന്നു.
തലസ്ഥാനമായ ഇംഫാലിലടക്കം ജനനിബിഡമായ താഴ്വാരത്തെ മെയ്തേയ് വിഭാഗത്തിനാണു മണിപ്പുർ ഭരണത്തിലും പൊതുജീവിതത്തിലും മേൽക്കൈ. ഇംഗ്ലീഷ് മുഖ്യമാണെങ്കിലും മണിപ്പുരിന്റെ ഔദ്യോഗിക ഭാഷയാണു മെയ്തേയ്.
മണിപ്പുരി എന്നാണ് ഈ ഭാഷയുടെ പേര്. മെയ്തേയ് സമുദായത്തിന്റെ പട്ടികവർഗ പദവി സംബന്ധിച്ചു നാലാഴ്ചയ്ക്കകം കേന്ദ്രത്തിനു ശിപാർശ അയക്കണമെന്ന് മണിപ്പുർ ഹൈക്കോടതി കഴിഞ്ഞമാസം സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടതോടെയാണു ഗോത്രവർഗക്കാർ തെരുവിലിറങ്ങിയത്.
അക്രമികൾക്കു കൂട്ട് പോലീസ്
മെയ്തേയ് വിഭാഗത്തിനു പട്ടികവർഗ പദവിയും സംവരണവും നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു ഓൾ ട്രൈബൽ സ്റ്റുഡന്റസ് യൂണിയൻ മണിപ്പുരിന്റെ (എടിഎസ്യുഎം) ആഭിമുഖ്യത്തിൽ നടത്തിയ ആദിവാസി മാർച്ചിനെ തുടർന്നാണു കലാപം പൊട്ടിപ്പുറപ്പെട്ടത്. പത്തു മലയോരജില്ലകളിൽ ഗോത്രവർഗക്കാർ സംഘടിപ്പിച്ച ഐക്യദാർഢ്യ മാർച്ചിനുനേരേ മെയ്തേയ് സമുദായക്കാർ ആക്രമണം നടത്തിയെന്നു ആദിവാസിനേതാക്കൾ പറയുന്നു.
ചുരാചന്ദ്പൂർ ജില്ലയിലെ ടോർബംഗിൽ നടന്ന മാർച്ചിനിടെ സായുധരായ ജനക്കൂട്ടം ഏറ്റുമുട്ടിയതോടെ കലാപത്തിനു തുടക്കമായി. പ്രതികാര ആക്രമണങ്ങളിലേക്ക് ഇതു നയിച്ചെന്നും സംസ്ഥാനത്തുടനീളം അക്രമം വേഗം വ്യാപിച്ചുവെന്നുമാണു പോലീസ് ഭാഷ്യം. എന്നാൽ സംസ്ഥാനസർക്കാരും സൈന്യവും പോലീസും കലാപകാരികളെ സഹായിക്കുകയാണെന്ന് ഗോത്രവർഗ നേതാക്കൾ ആരോപിച്ചു. അക്രമം നടത്തിയ ജനക്കൂട്ടത്തോടൊപ്പം പട്ടാള യൂണിഫോമിലുള്ളവർ നടക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.
ഇംഫാൽ വെസ്റ്റ്, കക്ചിംഗ്, തോബൽസ ജിരിബാം, ബിഷ്ണുപുർ ജില്ലകളിലും ആദിവാസികേന്ദ്രങ്ങളായ ചുരാചന്ദ്പുർ, കംഗ്പോക്പി, ടെംഗ്നോപൽ ജില്ലകളിലും കർഫ്യൂ പ്രഖ്യാപിച്ചശേഷവും അക്രമങ്ങളുണ്ടായി. ഒഴിവാക്കാനാകാത്ത അവസരങ്ങളിൽ കണ്ടാലുടൻ വെടിവയ്ക്കാൻ (ഷൂട്ട് അറ്റ് സൈറ്റ്) സർക്കാർ ഉത്തരവിറക്കി.
ദേവാലയങ്ങൾക്കും തീയിട്ടു
വീടുകളും കടകളും വാഹനങ്ങളും വ്യാപകമായി തീവച്ചു നശിപ്പിക്കപ്പെട്ടു. വ്യാപക അക്രമങ്ങളിൽ ചുരുങ്ങിയത് 14 പേരെങ്കിലും കൊല്ലപ്പെട്ടു. സാധാരണക്കാരായ ജനങ്ങൾ പ്രാണനുവേണ്ടി എല്ലാം ഉപേക്ഷിച്ചോടി. 9,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയെന്ന് സൈന്യം പറയുന്നു. മലയാളികൾ പഠിക്കുന്ന യൂണിവേഴ്സിറ്റികളിലും അക്രമം ഉണ്ടായി. മണിപ്പുർ യൂണിവേഴ്സിറ്റിയുടെ വനിതാഹോസ്റ്റലിലും അക്രമികൾ കടന്നുകയറി.
കലാപത്തിന്റെ മറവിൽ ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും മെയ്തേയ് സമുദായക്കാർ തീയിട്ടു നശിപ്പിച്ചു. ഗോത്രവിഭാഗക്കാരുടേതായ 32 ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇംഫാലിൽ 40 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ത്രുലോക് തിയോളജിക്കൽ സെമിനാരിയും അഗ്നിക്കിരയാക്കി. മൂന്നുതവണ എംഎൽഎയും ഗോത്രവർഗകാര്യ മുൻ മന്ത്രിയുമായ ബിജെപി നേതാവ് വുംഗ്സാജിൻ വൽതേയും ആക്രമിക്കപ്പെട്ടു. മുഖ്യമന്ത്രി എൻ. ബിരേൻ സിംഗുമായി ചർച്ച നടത്തി മടങ്ങവേയാണു ജനക്കൂട്ടം കാർ തടഞ്ഞു അദ്ദേഹത്തെ ആക്രമിച്ചത്.
മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജി ആവശ്യപ്പെട്ടു ന്യൂഡൽഹിയിലെ മണിപ്പുർ ഭവനുപുറത്ത് വ്യാഴാഴ്ച കുക്കി സമുദായത്തിൽനിന്നുള്ള അഞ്ഞൂറോളം പേർ ഒത്തുകൂടിയതോടെ പ്രശ്നം ഡൽഹിയിലേക്കും വ്യാപിച്ചു. മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടു വിദ്യാർഥി യൂണിയൻ നേതാക്കളടക്കമുള്ളവർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി. തോക്കുമായി നടന്നുപോകുന്ന മെയ്തേയ് സമുദായക്കാർക്ക് പോലീസ് പിന്തുണ നൽകുന്നുവെന്നാണ് കുക്കി വിഭാഗക്കാരുടെ പരാതി.
ക്രമസമാധാനം കേന്ദ്രം നേരിട്ട്
മണിപ്പുരിന്റെ ക്രമസമാധാന പാലന ചുമതല കേന്ദ്രസർക്കാർ നേരിട്ട് ഏറ്റെടുത്തിട്ടുണ്ട്. ഭരണഘടനയുടെ 355-ാം വകുപ്പനുസരിച്ചാണ് ഈ അസാധാരണ നടപടി. സൈന്യം, ആസാം റൈഫിൾസ്, ദ്രുതകർമസേന, സിആർപിഎഫ് എന്നിവയുടെ നിരവധി സംഘങ്ങളെ എത്തിച്ചാണു കലാപം ഒതുക്കുന്നത്. നിരവധി കേന്ദ്രങ്ങളിൽ പട്ടാളം ഫ്ളാഗ് മാർച്ച് നടത്തി. മുഖ്യമന്ത്രി, മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവരുമായി സംസാരിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പുരിലെ നടപടികൾക്കു ചുക്കാൻ പിടിക്കുന്നു.
പട്ടാളം ഇറങ്ങിയിട്ടും ബുധനാഴ്ച വൈകുന്നേരം തുടങ്ങിയ കലാപം പൂർണമായി അടിച്ചമർത്താനായില്ലെന്നതു സ്ഥിതിയുടെ ഗൗരവം വ്യക്തമാക്കുന്നു. മൊബൈൽ ഇന്റർനെറ്റ് സേവനം അഞ്ചു ദിവസത്തേക്കു റദ്ദാക്കിയതും പോലീസിന്റെ ഏകപക്ഷീയ നടപടികളും നാട്ടുകാരെ കൂടുതൽ രോഷാകുലരാക്കിയിട്ടുമുണ്ട്. ബോക്സിംഗ് താരവും മുൻ എംപിയുമായ മേരി കോമിന്റെ ജീവഭയത്തോടെയുള്ള അപേക്ഷ കേൾക്കാനും ആരുമുണ്ടായില്ല. ഇന്നലെയോടെ സ്ഥിതി നിയന്ത്രിക്കാനായെന്നാണു സൈന്യം പറഞ്ഞത്. ഏതുനിമിഷവും വീണ്ടും അക്രമം ആവർത്തിക്കപ്പെടാനുള്ള സാധ്യതകൾ ആരും തള്ളുന്നില്ല.
സംവരണ, വർഗീയ രാഷ്ട്രീയം
മറനീക്കിയ വർഗീയതയും സംവരണ രാഷ്ട്രീയവുമാണു രാജ്യത്ത് ജാതി-മത-വർഗ ഭിന്നതകൾ രൂക്ഷമാക്കുന്നത്. ജാതി സെൻസസും പട്ടികജാതി വർഗ, പിന്നാക്ക, ന്യൂനപക്ഷ സംവരണവുമെല്ലാം മുതലെടുപ്പിനുള്ള ഉപാധികളാക്കി മാറ്റി. ഭീകരസംഘടനകളും തീവ്രവാദ ഗ്രൂപ്പുകളും വളരുന്നതും വ്യാപിക്കുന്നതും ഇത്തരം തെറ്റായ നീക്കങ്ങളുടെ ബാക്കിപത്രമാണ്.
സംവരണ വിഭാഗങ്ങളുടെ തൊഴിൽ, വിദ്യാഭ്യാസ, സാന്പത്തിക ആനുകൂല്യങ്ങൾ ഏതാനും ചിലർ റാഞ്ചുന്നുവെന്നതു വെറും പരാതി മാത്രമല്ല. സ്കോളർഷിപ്പുകൾ അടക്കം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിൽ 80 ശതമാനവും ഒരു വിഭാഗത്തിനു മാത്രമാക്കിയത് കേരളത്തിലും സമുദായങ്ങൾ തമ്മിൽ അകൽച്ചയ്ക്കു വഴിയൊരുക്കി. മറാത്ത, ജാട്ട്, ഗുജ്ജർ, പട്ടേൽ തുടങ്ങി രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ജാതിസംവരണം പുതിയ പുതിയ തലവേദനകളാണ്. ദളിത് ക്രൈസ്തവരെയും മുസ്ലിംകളെയും സംവരണത്തിൽനിന്ന് ഒഴിവാക്കി നിർത്തുന്ന അനീതിയും ഇനിയും പരിഹരിച്ചിട്ടില്ല.
ഉറപ്പാക്കേണ്ടതു തുല്യനീതി
അസമത്വങ്ങളും അനീതികളും വിവേചനങ്ങളുമാണു കാതലായ പ്രശ്നം. സാന്പത്തികവും സാമൂഹികവുമായ വിവേചനങ്ങൾ കൂടിവരികയുമാണ്. സന്പന്നർ അതിസന്പന്നരാകുന്പോൾ പാവങ്ങളും കർഷകരടക്കമുള്ള സാധാരണക്കാരും കൊടിയ ദുരിതത്തിലുമാണ്. പട്ടിണിപ്പാവങ്ങളും പാവപ്പെട്ട തൊഴിലാളികളും വിലക്കയറ്റം മുതൽ തൊഴിലില്ലായ്മ വരെയുള്ളവയുടെ ഇരകളാണ്. വികസനവും സാന്പത്തികവളർച്ചയും ചില മേഖലകൾക്കും സമൂഹങ്ങൾക്കും അപ്രാപ്യമാണ്. അനന്തമായി 50 ശതമാനം സംവരണം തുടരുന്പോൾ മെറിറ്റ് പിന്തള്ളപ്പെടുന്നതും യുവാക്കളെ നിരാശരാക്കുന്നു.
വോട്ടുകൾ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളുടെ പക്ഷപാതപരമായ നയങ്ങളും നടപടികളും പ്രശ്നം വഷളാക്കുന്നു. നല്ല വിദ്യാഭ്യാസവും വികസനവും എല്ലാവരിലും എത്തിച്ചാലേ രാജ്യത്തു സമാധാനവും സുരക്ഷയും ശരിയായ വികസനവും ഉണ്ടാകൂ. ദളിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്കുകൂടി തുല്യനീതിയും തുല്യ അവസരങ്ങളും വികസനവും ലഭ്യമാക്കുന്പോഴാണ് പുതിയ ഇന്ത്യ പിറക്കുക.
അത്ര വേഗം കെട്ടടങ്ങില്ല
തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടെയുള്ള താഴ്വാരവും ചുറ്റുമുള്ള മലന്പ്രദേശങ്ങളും ഉൾപ്പെട്ടതാണ് മണിപ്പുർ. വടക്ക് നാഗാലാൻഡ്, തെക്ക് മിസോറാം, പടിഞ്ഞാറ് ആസാം സംസ്ഥാനങ്ങളാണ്. അയൽരാജ്യമായ മ്യാൻമറുമായും അതിർത്തി പങ്കിടുന്നു. ആളിക്കത്തുന്ന കലാപം ശമിച്ചാലും മണിപ്പുരിലെ ഗോത്രവർഗക്കാരും ഭൂരിപക്ഷമായ മെയ്തേയ് സമുദായവും തമ്മിലുള്ള സംഘർഷവും ഭിന്നതയും പരിഹരിക്കുക എളുപ്പമാകില്ല.
ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തേയ് സമുദായക്കാർക്ക് പട്ടികവർഗ സംവരണം വേണമെന്ന ആവശ്യമാണു ഇപ്പോഴത്തെ കലാപത്തിനു കാരണം. പട്ടികജാതി, പിന്നാക്ക (ഒബിസി) വിഭാഗത്തിലാണു നിലവിൽ ഹിന്ദുഭൂരിപക്ഷമായ മെയ്തേയ്ക്കാർ. ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന ആദിവാസികൾ പട്ടികവർഗക്കാരാണ്. നാഗാ, കുക്കി തുടങ്ങിയ ഗോത്രവർഗക്കാരാണു ആദിവാസികളിലേറെയും. മണിപ്പുരിലെ ക്രൈസ്തവരും ഇവരാണ്. വംശീയ അക്രമങ്ങളെ തുടർന്ന് മ്യാൻമറിൽനിന്ന് അതിർത്തി കടന്നെത്തിയ മുസ്ലിം അഭയാർഥികളും പ്രശ്നം സങ്കീർണമാക്കുന്നു.