അഭിമാനമായി നാവിക്
Saturday, May 6, 2023 10:21 PM IST
ഡോ. ജൂബി മാത്യു
ഇന്ത്യയിൽ വികസിപ്പിച്ച നാവിഗേഷൻ സംവിധാനമായ നാവിക് ചിപ്പ് സംയുക്തസേന മേധാവി ജനറൽ അനിൽ ചൗഹാൻ പുറത്തിറക്കിയപ്പോൾ അത് 142 കോടി ജനങ്ങളുടെ പുതിയ പ്രതീക്ഷയും അഭിമാനവും ആകുകയാണ്. ലോക ശക്തികൾക്ക് മാത്രം കുത്തകയായിരുന്ന നാവിഗേഷൻ സംവിധാനമാണ് ഇപ്പോൾ ഇന്ത്യയും സ്വന്തമാക്കിയിരിക്കുന്നത്. യുഎസ് നിർമിത ഗ്ലോബൽ പൊസിഷനിങ് സിസ്റ്റമായ ജിപിഎസ്സിന് (GPS)ബദലായി ഉപയോഗിക്കാം എന്നതാണ് ഇതിന്റെ നേട്ടം. ഇന്ത്യയുടെ ഗതി നിർണയ ഉപഗ്രഹ ശൃംഖലയായ ഇന്ത്യൻ റീജണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം(IRNSS) ആണ് നാവിക് എന്ന പേരിൽ അറിയപ്പെടുന്നത്. അമേരിക്കയുടെ ജിപിഎസ് ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റത്തിന്റെ ഇന്ത്യൻ പതിപ്പാണ് നാവിക് (NavIC - Navigation with Indian Constellation).
ജിപിഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗൂഗിൾ മാപ്പ് ഉപയോഗിക്കാത്തവരായി ആരും കാണില്ല. വിവരങ്ങൾ അറിയുന്നതിനായി മറ്റൊരു രാജ്യത്തിന്റെ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് നല്ലതല്ല. അവർക്ക് എപ്പോൾ വേണമെങ്കിലും സേവനങ്ങൾ നൽകുന്നത് നിർത്താനാവും. 1999 കാർഗിൽ യുദ്ധസമയത്ത് ഇന്ത്യ അമേരിക്കയോട് ശത്രു സ്ഥാനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും അമേരിക്ക നൽകിയില്ല. അന്ന് ഇസ്രായേലാണ് നാവിഗേഷൻ സംവിധാനങ്ങൾ നൽകി ഇന്ത്യയെ സഹായിച്ചത്. തത്ഫലമായി നാവിഗേഷൻ സിസ്റ്റത്തിന്റെ പ്രാധാന്യം മനസിലാക്കുകയും അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.
2013 ജൂലൈ ഒന്നിനാണ് ഇന്ത്യ സ്വന്തമായി നാവിഗേഷൻ സംവിധാനം ഉണ്ടാക്കുന്നതിന് ആദ്യ ഉപഗ്രഹമായ ഐആർഎൻഎസ്എസ് (IRNSS 1 A) വിക്ഷേപിക്കുന്നത്. 2018 മുതൽ നാവിക് ലഭ്യമാണെങ്കിലും കൂടുതൽ വാണിജ്യവത്്കരണം ഇപ്പോഴാണുണ്ടായത്. റഫറൻസ് സ്റ്റേഷനുകൾ, സൈന്യത്തിനായുള്ള ഐആർഎൻഎസ്എസ് ഉള്ള ഡിഎസ്എം മാപ്പ് ഡിസ്പ്ലേ സിസ്റ്റങ്ങൾ, പട്രോളിംഗ് ബോട്ടുകൾക്കുള്ള മാപ്പ് ഡിസ്പ്ലേ സിസ്റ്റങ്ങൾ, മറൈൻ നാവിക് റിസീവറുകൾ, ഇന്റലിജന്റ് വെഹിക്കിൾ ട്രാക്കിംഗ് ഉപകരണങ്ങൾ, നാവിക് ഡ്രോൺ നാവിഗേഷൻ തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നാവികിന്റെ സേവനം ഉപയോഗിച്ചു വരുന്നു. മൊത്തം ഒന്പത് ഉപഗ്രഹങ്ങൾ ആണുള്ളത്. ഏഴെണ്ണം മുകളിലും രണ്ടെണ്ണം ഭൂമിയിലും. ബഹിരാകാശത്തെ ഏഴ് എണ്ണത്തിൽ ഏതെങ്കിലും തകരാർ ഉണ്ടായാൽ പകരം വിക്ഷേപിക്കാനുള്ളതാണ് ഭൂമിയിൽ സൂക്ഷിച്ചിട്ടുള്ള ഉപഗ്രഹങ്ങൾ. മുകളിലുള്ള ഏഴ് ഉപഗ്രഹങ്ങളിൽ മൂന്നെണ്ണം ജിയോ സ്റ്റേഷനറി ഭ്രമണപഥത്തിലും നാലെണ്ണം ജിയോ സിംക്രണൈസ് ഭ്രമണപഥത്തിലും ആകും സ്ഥിതിചെയ്യുക. ഒന്നിലധികം ഉപഗ്രഹങ്ങളിൽനിന്ന് സിഗ്നലുകൾ സ്വീകരിക്കാൻ കഴിയുന്ന നാവിക് റിസീവർ ഉപയോഗിച്ചാണ് സ്ഥാനം നിർണയിക്കുക. ഒരു ഉപഗ്രഹം വഴി ഒരു സിഗ്നൽ കൈമാറ്റം ചെയ്യപ്പെടുമ്പോഴും അത് സ്വീകരിക്കപ്പെടുമ്പോഴും ഇടയ്ക്കുള്ള കാലതാമസം റിസീവർ അളക്കുന്നു. കുറഞ്ഞത് നാല് ഉപഗ്രഹങ്ങളിൽനിന്നുള്ള സമയ-കാലതാമസം അളക്കുന്നതിനെ അടിസ്ഥാനമാക്കി, ട്രൈലേറ്ററേഷൻ എന്ന പ്രക്രിയ ഉപയോഗിച്ച് റിസീവറിന് ഉപയോക്താവിന്റെ സ്ഥാനം കണക്കാക്കാൻ കഴിയും. ഈ ഉപഗ്രഹ സംവിധാനം നിയന്ത്രിക്കാൻ 15 ഗ്രൗണ്ട് സ്റ്റേഷനുകൾ ഉണ്ട്.
വഴികാട്ടി മാത്രമല്ല...
വണ്ടിയോടിക്കുമ്പോൾ വഴി പറഞ്ഞു കൊടുക്കുക മാത്രമല്ല നാവിക് നൽകുന്ന സഹായം, വാഹനങ്ങളെ തിരഞ്ഞു കണ്ടുപിടിക്കുക, മൊബൈൽ ഫോൺ പ്രവർത്തനം, കൃത്യതയുള്ള സമയ നിയന്ത്രണം, പിഴവില്ലാത്ത ഭൂപടം തയാറാക്കൽ, കൃഷിക്കാർക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പ്, ലോജിസ്റ്റിക്സ് തുടങ്ങിയ കാര്യങ്ങളിലെല്ലാം സഹായത്തിന് എത്തും. കടലിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് മത്സ്യത്തിന്റെ ലഭ്യതയെക്കുറിച്ചും കടലിൽ ഉണ്ടാവുന്ന മാറ്റത്തെക്കുറിച്ചും കാലാവസ്ഥ വ്യതിയാനങ്ങളെ കുറിച്ചും പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുമുള്ള ശരിയായ വിവരങ്ങൾ നൽകാനും നാവികിന് സാധിക്കും. സാധാരണ ജനങ്ങൾക്കും രാജ്യത്തിന്റെ അതിർത്തിയിൽനിന്ന് ദൂരെ യാത്ര ചെയ്യുന്ന കപ്പലുകൾക്കും വിമാനങ്ങൾക്കും കൂടി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഇന്ത്യയുടെ സ്വന്തം പ്രാദേശിക നാവിഗേഷൻ സാറ്റലൈറ്റ് സംവിധാനമായ നാവിക് വികസിപ്പിച്ചത്.
മൊബൈൽ ഫോൺ, യുദ്ധക്കപ്പൽ, അന്തർവാഹിനി, റഡാർ, ഡ്രോൺ, സേനാംഗങ്ങൾ ഉപയോഗിക്കുന്ന ആയുധങ്ങൾ എന്നിവയിൽ ഈ ചിപ്പ് ഘടിപ്പിക്കാനാവും. ഇന്ത്യയുടെ ഉപഗ്രഹ ശൃംഖലയിൽനിന്നുള്ള സിഗ്നലുകൾ ഉപയോഗിച്ചാണ് നാവിക് പ്രവർത്തിക്കുന്നത്. ഇത് അധികം വൈകാതെ സ്മാർട്ട്ഫോണുകളിൽ എത്തും. സ്മാർട്ട്ഫോൺ ചിപ്പുകളിൽ സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്ന നിർമ്മാതാക്കളായ ക്വാൽകോമുമായി, ഐഎസ്ആർഒധാരണയിൽ ആയിട്ടുണ്ട്. കൂടുതൽ ഉപഗ്രങ്ങൾ വിക്ഷേപിച്ച് നാവിക് ലോകമെമ്പാടും വ്യാപിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം.
നിസാരനല്ല നാവിക്
നാവിക് ഒരു പ്രാദേശിക നാവിഗേഷൻ സംവിധാനമാണ്. ഇന്ത്യയെയും അതിനുചുറ്റും 1,500 കിലോമീറ്റർ (930 മൈൽ) വ്യാപിച്ചുകിടക്കുന്ന പ്രദേശത്തെയും നാവിക് സംവിധാനം ഉൾക്കൊള്ളുന്നു. രണ്ട് രീതിയിലുള്ള സേവനങ്ങൾ ആണ് നാവിക് നൽകുന്നത്. സാധാരണ ഉപയോക്താക്കൾക്കായി സ്റ്റാൻഡേർഡ് പൊസിഷൻ സർവീസ് , സൈനിക മേഖലയ്ക്കു വേണ്ടി റെസ്ട്രിക്ടഡ് സർവീസ്.
നാവിക് ഉപഗ്രഹങ്ങൾ ഡ്യൂവൽ ഫ്രീക്വൻസി ബാൻഡുകൾ ഉപയോഗിക്കുമ്പോൾ ജിപിഎസ് ഒരൊറ്റ ഫ്രീക്കൻസി ബാൻഡ് ആണ് ഉപയോഗിക്കുക. അതുകൊണ്ട് നാവിക്കിന് ജിപിഎസിനെക്കാൾ കൃത്യത കൂടുതലാണ്. ഇന്ത്യയുടെ ഭൂപ്രദേശത്ത് 10 മീറ്റർ താഴെയും ഇന്ത്യൻ മഹാസമുദ്രത്തിൽ 20 മീറ്ററിൽ താഴെയുമാണ് കൃത്യത.
ഒരു മില്ലി സെക്കൻഡിൽ 1023 എന്ന നിരക്കിൽ ബിറ്റുകൾ കൈമാറ്റം ചെയ്യപ്പെടുകയും പ്രകാശം ഒരു മില്ലി സെക്കൻഡിൽ ഏകദേശം 300,000 മീറ്റർ സഞ്ചരിക്കുകയും ചെയ്യുന്നതിനാൽ മൂന്നു മീറ്റർ വരെ കൃത്യത ലഭിക്കുന്നുണ്ട്. നാവിക് സിഗ്നലുകൾക്ക്, മറ്റ് ആഗോള നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റവുമായി ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കാനും സാധിക്കും.
(കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് വിഭാഗം മേധാവിയാണ്)