ലൗ ജിഹാദും ‘സ്വപ്ന’ പ്രവചനവും
Saturday, May 6, 2023 10:26 PM IST
അനന്തപുരി /ദ്വിജന്
സുദിപ്തോ സെന്നിന്റെ വിവാദ സിനിമ ‘ദ കേരളാ സ്റ്റോറി’ മുസ്ലിം തീവ്രവാദികളുടെ കേരള സമൂഹത്തിലെ സാന്നിധ്യവും പ്രണയക്കെണിയിലൂടെ കേരളത്തിലെ അമുസ്ലിംകളായ പെണ്‍കുട്ടികളെ തീവ്രവാദികളാക്കുന്നുവോ എന്ന ചോദ്യവും വീണ്ടും ഏറെ സജീവമാക്കി. പ്രണയം നടിച്ച് അമുസ്ലിംകളായ യുവതികളെ വശത്താക്കി മുസ്ലിം തീവ്രവാദികൾ ബോധപൂർവം നടത്തുന്ന സാമൂഹിക തിന്മയെ ലൗജിഹാദ് എന്നു വിളിച്ചുതുടങ്ങിയത് കർണാടകയിലാണ്. 2009ൽ പത്തനംതിട്ടക്കാരിയായ ക്രൈസ്തവ യുവതി ഒരു മുസ്ലിം യുവാവിനോടൊപ്പം വീടു വിട്ടതോടെ ഈ പദവും ആശയവും കേരള സമുഹത്തിൽ ശക്തമായി.
ഈ സാമൂഹിക വിപത്തിനെക്കുറിച്ച് അന്വേഷിക്കാൻ കേരള ഹൈക്കോടതി പലവട്ടം കേരളാ പോലീസിന് നിർദേശം കൊടുത്തു. 2009 നവംബർ 11ന് സംസ്ഥാന ഡിജിപി ജേക്കബ് പൂന്നൂസ് കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പോലീസിന്റെ 18 മേഖലകളിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ മൂന്ന് ഉദ്യോഗസ്ഥർ ലൗ ജിഹാദ് നടക്കുന്നതായി സംശയം പ്രകടിപ്പിച്ചതായി പറഞ്ഞു. എന്നാൽ ലൗ ജിഹാദ് എന്നരീതിയിൽ ഒരു സംഘടിത നീക്കം ഇല്ലെന്നാണ് ഡിജിപി അവസാനമായി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
കേരളാ പോലീസിന്റെ അക്കാലത്തെ ഇന്റലിജൻസ് വിഭാഗം മേധാവി സിബി മാത്യു കൊടുത്ത റിപ്പോർട്ടിന് വിരുദ്ധമായിട്ടാണ് ഡിജിപി നേരിട്ട് ഈ റിപ്പോർട്ട് സമർപ്പിച്ചത്. കേരളത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നതായി സിബി മാത്യുവും റിപ്പോർട്ട് ചെയ്തിരുന്നു. ലൗ ജിഹാദ് എന്ന സംഘടനയില്ലെന്നാണ് അന്ന് ഡിജിപി പറഞ്ഞത്. അതുകൊണ്ട് ഹൈക്കോടതിക്കും കൂടുതൽ പറയാനായില്ല. കോടതികൾ ഇത്തരം കാര്യങ്ങളിൽ തീരുമാനിക്കുന്നത് പോലീസ് പറയുന്നത് വിശ്വസിച്ചാണ്. സർക്കാരും ഔദ്യോഗികമായി പറയുന്നത് അങ്ങനെ തന്നെ. കോടതി ഇല്ലെന്ന് പറഞ്ഞാൽ ലൗ ജിഹാദ് ഇല്ലാതാകുമോ?
വിഎസ് മാത്രമല്ല പിണറായിയും
2010 ജൂലൈയിൽ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ കേരളത്തെക്കുറിച്ച് ഒരു സത്യം തുറന്നു പറഞ്ഞു. 20 വർഷത്തിനുള്ളിൽ കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കി മാറ്റാൻ മുസ്ലിം തീവ്രവാദികൾ ആസൂത്രിത ശ്രമം നടത്തുന്നു. വിഎസിന്റെ വലിയ വിമർശകനായിരുന്ന പിണറായി അന്ന് ഇക്കാര്യത്തിൽ പക്ഷേ വിഎസിന് പരസ്യമായി പിന്തുണ കൊടുക്കുകയും തീവ്രവാദികൾക്ക് ജനാധിപത്യമുന്നണിയുമായാണ് ബന്ധമെന്ന് ആക്ഷേപിക്കുകയും ചെയ്തു.
കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുവെന്ന് ഒരു മതവിഭാഗം ആദ്യമായി പറഞ്ഞത് കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ സാമൂഹിക ഐക്യത്തിനും ജാഗ്രതയ്ക്കും വേണ്ടിയുള്ള കമ്മീഷനാണ്. 2009ൽ അവർ ആപത് സൂചന നൽകി. കമ്മീഷൻ നടത്തിയ പഠനം അനുസരിച്ച് 2006 മുതൽ 2009 വരെ 2,868 കത്തോലിക്കാ പെണ്‍കുട്ടികൾ മുസ്ലിം മതത്തിലേക്ക് മാറി. ജില്ല തിരിച്ചുള്ള കണക്കും ജാഗ്രതാ കമ്മീഷൻ പ്രസിദ്ധികരിച്ചു. കാസർഗോഡ് ജില്ലയിൽനിന്നും 508 കത്തോലിക്കർ ഇങ്ങനെ മതം മാറി. ഇരയാക്കപ്പെടുന്ന യുവതികൾ ലൈംഗിക അരാജകത്വത്തിനും ഭീകരപ്രവർത്തനങ്ങൾക്കും ഉപയോഗിക്കപ്പെടുന്നു എന്നും കമ്മീഷൻ സംശയം പ്രകടിപ്പിച്ചു. അന്നു മുതൽ സഭ ഈ സങ്കടം ഉയർത്തുന്നുണ്ട്. 2020 ജനുവരി 14ന് സീറോമലബാർ സഭയുടെ സിനഡ് കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് തുറന്നു പറഞ്ഞു. ഇക്കാര്യത്തിൽ കേരളാ പോലീസ് കാണിക്കുന്ന നിസംഗതയെയും സിനഡ് കുറ്റപ്പെടുത്തി.
ഈഴവരെ മുസ്ലിംകൾ ലൗ ജിഹാദിന് ഇരയാക്കുന്നു എന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും ആരോപിച്ചു. 2006നു ശേഷം കേരളത്തിൽ മതപരിവർത്തനം നടത്തിയ 6129 പേരിൽ ബഹുഭൂരിപക്ഷവും വിവാഹം വഴി ഇസ്ലാം മതം സ്വീകരിച്ച ഹിന്ദു, ക്രിസ്ത്യൻ യുവതികളാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളാ സ്റ്റോറിയുടെ കഥ
ഈ പശ്ചാത്തലത്തിലാണ് മുസ്ലിം കെണികളിൽ പെട്ട യുവതികളുടെ കഥപറയുന്ന കേരളാ സ്റ്റോറിയുടെ വരവ്. സിനിമ കാണാതെ അതു കേരളത്തിന്റെ കഥയല്ലെന്ന് വി.ഡി. സതീശനും പിണറായിയും വരെ പറയുന്നു. ചതിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ കഥ ഹൃദ്യമായി പറയുന്ന മനോഹരമായ സിനിമ എന്നാണ് സിനിമ കാണാൻ സാധിച്ചവർ പറയുന്നത്. കേരളാ സ്റ്റോറിയുടെ ടീസറിൽ വന്ന യുവതി അവകാശപ്പെടുന്നത് 32,000 യുവതികൾ കെണിയിൽ പെട്ടതായാണ്. അതു കള്ളമാണെന്ന് കോണ്‍ഗ്രസുകാരും സിപിഎമ്മുകാരും മുസ്ലിം വക്താക്കളും പറയുന്നു. എങ്കിൽ എത്രപേർ പോയി? കണക്കു ശരിയല്ലെന്ന് പറയുന്നവർ പറയേണ്ടേ? തീവ്രവാദത്തിന്റെ യാഗശാലകളിൽ മലയാളി യുവതികളെ കണ്ടെത്തുന്പോഴും ഇവിടെ തീവ്രവാദികളോ ലൗ ജിഹാദോ ഇല്ലെന്ന് ഇവിടുത്തെ ബുദ്ധിജീവികൾ പോലും എന്തേ ഉച്ചത്തിൽ പറയുന്നു?
സതീശൻ പറയണം
കേരളാ സ്റ്റോറിക്കെതിരേ ഇത്ര വചാലനാകുന്ന വി.ഡി. സതിശനോട് ഒരു ചോദ്യം. ‘കക്കുകളി എന്ന നാടകം കേരളത്തിലെ ക്രൈസ്തവരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നു’ എന്ന് ഇനി ആരുടെ സർട്ടിഫിക്കറ്റാണ് നിങ്ങൾക്കു വേണ്ടത്? സതീശനോട് മാത്രമല്ല ഇക്കാര്യത്തിൽ അഴകൊഴന്പൻ സമീപനം സ്വീകരിക്കുന്ന സിപിഎമ്മിന്റെ സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ളവരോടും കേരളത്തിലെ ക്രൈസ്തവർക്ക് ഈ ചോദ്യമുണ്ട്. കേരളത്തിലെ കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ തലവൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവയും ഓർത്തഡോക്സ് സഭയുടെ സെക്രട്ടറി ബിജു ഉമ്മനും അടക്കം ക്രൈസ്തവ സമൂഹത്തിന്റെ യഥാർഥ വക്താക്കൾ എല്ലാം വ്യക്തമാക്കിയിട്ടും എന്തേ ഇപ്പോഴും ‘നാടകം ക്രൈസ്തവ വികാരത്തെ ഘനിക്കുന്നുവെങ്കിൽ’ എന്ന ആർക്കാനും വേണ്ടിയുള്ള ഓക്കാന ശബ്ദം സതീശന്റെയും മറ്റ് ഇടതു നേതാക്കളുടെയും വാക്കുകളിൽ മുഴങ്ങുന്നു.
യാഥാർഥ്യമാകുന്ന വെളിപ്പെടുത്തലുകൾ
നിർമിത ബുദ്ധി കാമറയുടെയും കെ-ഫോണിന്റെയും അടക്കം ഇടപാടുകളിലെ അതിഭീകരമായ അഴിമതിയുടെ കഥകൾ പുറത്തു വരുന്പോൾ 2022 ഒക്ടോബറിൽ പ്രസിദ്ധികരിച്ച സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹത്തിൽ’ കേരളത്തിലെ ഐടി വകുപ്പിനെക്കുറിച്ച് അവർ നടത്തിയ വെളിപ്പെടുത്തലുകളാണ് നിറവേറുന്നത്. അവർ പറഞ്ഞതെല്ലാം എത്ര സത്യം! അന്ന് അവർ എഴുതി: “ഐടി ഡിപ്പാർട്ടിമെന്റ് ശിവശങ്കർ സാറിന്റെ നിയന്ത്രണത്തിലാണ്. അതിനെ കാശുകിട്ടുന്ന ഏതെല്ലാം മേഖലകളോട് കണക്ട് ചെയ്യാമെന്നു കണ്ടെത്തുന്നതിൽ അദ്ദേഹം വലിയ സാമർത്ഥ്യം പ്രകടിപ്പിച്ചിരുന്നു.’’ (അദ്ദേഹം ജയിലിലാണെങ്കിലും കമ്മീഷൻ കിട്ടേണ്ടവർക്കു കിട്ടുന്നുണ്ട്). “സെക്രട്ടേറിയറ്റിന്റെ ഇടനാഴികളിലും പരിസരങ്ങളിലും നടക്കുന്ന ഇത്തരം കൂട്ടുകച്ചവടങ്ങൾ സാധാരണ ജനത്തിനറിയില്ല. ഞാൻ ചുരുക്കിപ്പറയാം. ഡീകാർബണൈസേഷൻ വാഹനങ്ങൾക്ക് ആവശ്യമാണ്. അപ്പോൾ കാർബണ്‍ ഡോക്ടർ എന്ന സ്ഥാപനം ഉദയം ചെയ്യുന്നു. ആ സ്ഥാപനത്തിന് കെഎസ്ആർടിസിയുടെ ഡീകാർബണൈസേഷൻ കോണ്‍ട്രാക്ട് കിട്ടുന്നു.’’ (അതിലും എത്രയോ വലിയ കമ്മീഷനാവും നിർമിത ബുദ്ധി കാമറായുടേത്. 68 കോടിക്ക് തീരുമായിരുന്ന പദ്ധതിക്ക് 232 കോടി!)
“സ്ഥാപനത്തിന്റെ പ്രവർത്തന മികവൊന്നും നോക്കാതെ കണ്‍സൽട്ടൻസി കിട്ടുന്നു. കെ-ഫോണ്‍ പദ്ധതി നോക്ക്, സ്വകാര്യതകൾ പോലും നിരീക്ഷിക്കപ്പെടുന്ന വിധമാണ് കളമൊരുക്കപ്പെടുന്നത്. എല്ലാ ഡീലുകൾക്കും മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഉണ്ടായിരുന്നു താനും. എല്ലാറ്റിലും കമ്മീഷൻ പ്രധാനമാണ്.’’ (അദ്ദേഹം പക്ഷേ വാ തുറക്കുന്നില്ല. സ്വപ്നയുടെ പുസ്തകക്കാര്യത്തിലും അങ്ങനെതന്നെ. എം.വി. ഗോവിന്ദനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല.)
“ഐടി വകുപ്പിന്റെ സുവർണ കാലമായിരുന്നു കോവിഡ് കാലം. സകലതും ഐടി ബന്ധിതമായി, അതിനിടയിലാണ് സ്പ്രിംഗളർ വരുന്നത്. ജനങ്ങളുടെ ഡേറ്റാ ബേസ് ആ തക്കത്തിന് ശിവശങ്കർ അമേരിക്കൻ കന്പനിക്കു വിറ്റു. അതിലൂടെ വീണാ വിജയൻ കോടികൾ സന്പാദിച്ചു. അക്കാര്യത്തിൽ ശൈലജ ടിച്ചറും ശിവശങ്കറും ഏറ്റുമുട്ടി.’’ (കോവിഡ് കാല കച്ചവടങ്ങൾ ലോകായുക്തയുടെ മുന്നിലുണ്ട്. രണ്ടു വർഷം കഴിയുന്പോൾ ഇത് പരിശോധിക്കുന്നതു ശരിയല്ലെന്നും അവർക്കു തോന്നാം.) “സ്മാർട്ട് സിറ്റി, സ്പ്രിംഗളർ, ലൈഫ് എല്ലാറ്റിലും പ്രതിപക്ഷ നേതാവ് ക്രമക്കേട് ഉന്നയിക്കുന്നുണ്ട്. അവയെ ഒക്കെ നേരിടാനുള്ള സംവിധാനം സർക്കാറിനുണ്ട്.’’ (പറയുന്നവർ പറയട്ടെ. പ്രതികരണം ഇല്ല. ഞങ്ങൾ മുന്നോട്ട് തന്നെ പോകും. പിന്നെ കേസ്. ലാവ്ലിനാണ് മാതൃക!)