പള്ളികള്‍ തകര്‍ക്കുന്നത് എന്തിന് ?
Tuesday, May 9, 2023 10:54 PM IST
ജോണ്സണ് വേങ്ങത്തടം
ബുധനാഴ്ച രാത്രിയിലാണ് ഒരു സംഘം ആളുകള്‍ ഇംഫാല്‍ സിറ്റിയിലെ പഠനകേന്ദ്രത്തിലെത്തിയത്. അവര്‍ കലാപം അഴിച്ചു വിടുമെന്നുറപ്പായപ്പോഴാണ് അന്നു രാത്രി തന്നെ വൈദികമന്ദിരത്തിലേക്കു മാറിയത്.
മണിപ്പുര്‍ സ്വദേശിയായ ഒരു വിശ്വാസിയും വൈദികനും ചേര്‍ന്നാണ് അങ്ങോട്ടു മാറ്റിയത്. ഞായറാഴ്ച രാവിലെ നാഗാലാന്‍ഡില്‍ എത്തി. എന്നോടൊപ്പം പാലാ കവീക്കുന്ന് സ്വദേശിയായ സിസ്റ്റര്‍ സെലിനും രക്ഷപ്പെട്ടു നാഗാലാന്‍ഡിലേക്കു വരികയായിരുന്നു. 75 വയസുള്ള സിസ്റ്റര്‍ വര്‍ഷങ്ങളായി അവിടെ സേവനം ചെയ്യുകയാണ്.
ഒരു വര്‍ഷമായി താൻ സേവനം ചെയ്തിരുന്ന ഇംഫാല്‍ സിറ്റിയിലെ ദേവാലയവും പഠന കേന്ദ്രവും കൊള്ളയടിച്ചു തകര്‍ത്തുകളഞ്ഞതായി ബിഷപ് പറഞ്ഞു. അവിടെ പാസ്റ്ററല്‍ ട്രെയിനിംഗ് പരിശീലനമാണ് നല്കി വന്നിരുന്നത്. 1972 കാലഘട്ടത്തില്‍ നിര്‍മിച്ച ദേവാലയവും കെട്ടിടങ്ങളുമാണ് തകര്‍ത്തത്. ഇനി അത്തരമൊരു ദേവാലയവും പഠനകേന്ദ്രവും സ്ഥാപിക്കാന്‍ സമയമെടുക്കും. പഠന കേന്ദ്രത്തില്‍ ഒരു ബാച്ചില്‍ 38 പേരുണ്ട്.
ഇവരാണ് വില്ലേജുകളിൽ ശുശ്രൂഷ ചെയ്യുന്നത്. വചനസന്ദേശവും വേദപാഠം പഠിപ്പിക്കലും മാത്രമല്ല, വൈദികന്റെ അസാന്നിധ്യത്തില്‍ സംസ്കാരച്ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ശുശൂഷകളിലും ഇവര്‍ പങ്കാളികളാകുന്നുണ്ട്. ഇവരെല്ലാം ഗോത്രവര്‍ഗത്തില്‍പ്പെട്ടവരാണ്. ഇവരുടെ സേവനം ജനത്തിന് വലിയൊരു അനുഗ്രഹമാണ്.
സ്ഥാപനങ്ങളെല്ലാം തകര്‍ക്കപ്പെട്ട സാഹചര്യത്തില്‍ തല്ക്കാലം തിരിച്ചു മണിപ്പുരിലേക്കു പോകുന്നത് വൈകും. ഇതുവരെയും വൈദികരെയും സന്യസ്തരെയും ആക്രമിച്ചിട്ടില്ലെങ്കിലും ദേവാലയങ്ങള്‍ തെരഞ്ഞുപിടിച്ചു നശിപ്പിക്കുന്നതു വ്യക്തമായ പ്ലാനോടു കൂടിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നതും ദേവാലയങ്ങളും രൂപതയുടെ സ്ഥാപനങ്ങളും സ്കൂളുകളും തകര്‍ക്കുന്നതും വ്യക്തമായ അജണ്ടയോടെയാണ്. മറ്റു മതസ്ഥരുടെ ദേവാലയങ്ങളൊന്നും തകർത്തതായി ഇതുവരെ കേട്ടില്ല.
മണിപ്പുരില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി അക്രമസംഭവങ്ങളൊന്നുമില്ലെന്ന സര്‍ക്കാര്‍ വാദത്തെയും ബിഷപ് വിമര്‍ശിച്ചു. കലാപം തുടങ്ങിയ ദിവസങ്ങളില്‍ പോലും സമാധാനാന്തരീക്ഷമാണെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. പള്ളികള്‍ തകര്‍ക്കുന്നതെന്തിന് എന്നു മാത്രം മനസിലാകുന്നില്ല. സര്‍ക്കാരും മൗനത്തിലാണ്.
പോലീസിനെ സംരക്ഷണത്തിന്റെ പേരില്‍ വിട്ടിട്ടുണ്ടെങ്കിലും അവരുടെ സാന്നിധ്യത്തിലും ആക്രമണം നടക്കുന്നു. സാധാരണനിലയില്‍ എല്ലാം നശിപ്പിച്ചു കഴിയുമ്പോഴാണ് പോലീസ് എത്തുന്നത്. മണിപ്പുരില്‍നിന്നും പലായനം ചെയ്ത കുക്കികള്‍ ഉള്‍പ്പെടെയുള്ള ഗോത്രവിഭാഗത്തില്പെട്ടവര് ദുരിതജീവിതമാണ് നയിക്കുന്നതെന്നാണ് കിട്ടുന്ന വിവരം. കുക്കി ജനവിഭാഗത്തില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണമോ സൗകര്യങ്ങളോ എത്തിക്കാന്‍ സര്‍ക്കാര്‍ തയാറായാല്‍ മാത്രമേ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന് അല്പം ആശ്വാസമാകുകയുള്ളൂ. തകര്‍ക്കപ്പെട്ട ഇവരുടെ ഭവനങ്ങള്‍, ആരാധനാലയങ്ങള്‍, സ്കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവ പുനർനിർമിച്ചു നല്കാന് സര്‍ക്കാര്‍ തയാറാകണം. സാധനസാമഗ്രികൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകിയേ മതിയാവൂ.
എത്ര പള്ളികള്‍ തകര്‍ക്കപ്പെട്ടു, എത്ര പേര് ആക്രമിക്കപ്പെട്ടു, ആരുടെ ഏതൊക്കെ വസ്തുവകകൾ മോഷണം പോയി, എത്ര വളർത്തുമൃഗങ്ങൾ അപഹരിക്കപ്പെട്ടു എന്നൊന്നും കണക്ക് എടുക്കാന്‍ സാധിക്കുന്നില്ല. മണിപ്പുരിലെ അന്തരീക്ഷം അത്ര തൃപ്തികരമല്ല. കടകളും ഇതരസ്ഥാപനങ്ങളും തുറന്നതായി അറിവില്ല. വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നില്ല. ശ്മശാനമൂകതയാണ് നാട്ടിലെങ്ങും. ഇപ്പോള്‍ അത്ര സുരക്ഷിതമല്ല കാര്യങ്ങളെന്നും അദ്ദേഹം വേദനയോടെ പറഞ്ഞു. പാലാ കവീക്കുന്ന് സ്വദേശിയായ അദ്ദേഹം 1997 മുതല്‍ 2009 വരെ കൊഹിമ രൂപതയുടെ ബിഷപ്പായിരുന്നു.