കാടിറങ്ങി അരുംകൊല
Saturday, May 20, 2023 10:20 PM IST
നാട്ടിൽ വേണ്ട കാട്ടു നീതി -1 / റജി ജോസഫ്
കാട്ടാനയ്ക്കും കടുവയ്ക്കും കാട്ടുപോത്തിനും അരുംകൊല തുടരാം. മനുഷ്യജീവനേക്കാൾ
വിലകല്പിക്കുന്ന വന്യമൃഗത്തെ കൊല്ലാനോ നോവിക്കാനോ വകുപ്പില്ല. കണമലയിലും
അഞ്ചലിലും കൊല്ലപ്പെട്ട ഇരകളുടെ നിലവിളിയും പിടച്ചിലും കണ്ട ബന്ധുക്കളുടെയും
നാട്ടുകാരുടെയും ഭീതി ആരറിയുന്നു.
ജനരോഷം ഇരന്പുകയാണ് എരുമേലി കണമലയിൽ. വെള്ളിയാഴ്ച രാവിലെ കാട്ടുപോത്ത് അരുംകൊല ചെയ്ത പുറത്തേൽ ചാക്കോച്ചന്റെയും പുന്നത്തറ തോമസിന്റെയും വീട്ടിൽ ഉയരുന്നത് നാടിന്റെ നിലവിളിയാണ്, പ്രദേശത്തിന്റെ മുറവിളിയാണ്. ഒരു പകൽ റോഡ് ഉപരോധത്തിനൊടുവിൽ കോട്ടയം ജില്ലാ കളക്ടർ ഉത്തരവിട്ടു, കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാൻ. മന്ത്രിയും എംപിയും ആ ഉത്തരവ് ഉയർത്തിക്കാട്ടി ജനത്തെ ശാന്തരാക്കിയതിനു പിന്നാലെ വനംവകുപ്പ് പറഞ്ഞു, കൊല്ലാൻ തങ്ങൾക്ക് അധികാരമില്ലെന്ന്. വേണമെങ്കിൽ മയക്കുവെടി വയ്ക്കാമത്രെ. രണ്ടു പേരെ കൊലചെയ്യുകയും നാലു പേരുടെ മുന്നേ പാഞ്ഞടുക്കുകയും ചെയ്ത പോത്ത് എത്ര പേരെക്കൂടി കൊന്നാലും അതിനു നേരേ തോക്കുയരുമെന്നും തോന്നുന്നില്ല. ഇതാണ് നാട്ടിൽ നടമാടുന്ന കാട്ടുനീതി.
കാട്ടാനയ്ക്കും കടുവയ്ക്കും കാട്ടുപോത്തിനും അരുംകൊല തുടരാം. മനുഷ്യജീവനേക്കാൾ വിലകല്പിക്കുന്ന വന്യമൃഗത്തെ കൊല്ലാനോ നോവിക്കാനോ വകുപ്പില്ല. കണമലയിലും അഞ്ചലിലും കൊല്ലപ്പെട്ട ഇരകളുടെ നിലവിളിയും പിടച്ചിലും കണ്ട ബന്ധുക്കളുടെയും നാട്ടുകാരുടെയും ഭീതി ആരറിയുന്നു. പിളർക്കപ്പെട്ട ഉദരവും ഒടിഞ്ഞുനുറുങ്ങിയ കൈകാലുകളും പൊട്ടിത്തകർന്ന നെഞ്ചുകൂടും കാണാനിടയായവർ ചോദിക്കുന്നു, നാളെ ഞങ്ങളാകുമോ ഇരകൾ.
ദാരുണമരണം കൊലവിളിപ്പാടകലെയെന്നു ഭയപ്പെടുന്ന അനേകരുടെ നാവിൽനിന്ന് ഇത് ആവർത്തിച്ചുകേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. അഴകൊഴന്പൻ പ്രസ്താവനകളും ഉണ്ടയില്ലാവെടികളുമായി അധികാരികൾ ജനങ്ങളെ കുരുതി കൊടുക്കുകയാണ്.
വന്യജീവികൾ കുത്തിക്കീറിയും ചവിട്ടിഞെരിച്ചും കൊല്ലപ്പെട്ടവരുടെ എണ്ണം ചുവടെ. 2011 മുതൽ 2022 വരെ സംസ്ഥാനത്ത് കൊല്ലപ്പെട്ടവർ 1,325. ആക്രമണങ്ങൾക്കും കൃഷിനാശത്തിനും ഇരയായവർ രണ്ടരലക്ഷം. ആറു വർഷത്തിനിടെ മരണം 735. കഴിഞ്ഞ വർഷം 135 മരണം. സംസ്ഥാനത്ത് ഇത്രത്തോളം വന്യമൃഗങ്ങൾ ചത്തൊടുങ്ങിയിട്ടില്ലെന്ന സത്യം ആരോടുപറയാൻ.
സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലായി 223 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വനാതിർത്തി പങ്കിടുന്നു. 1004 ഇടങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷം നിലനിൽക്കുന്നതായി വനംവകുപ്പ് വ്യക്തമാക്കുന്നു. 725 സെറ്റിൽമെന്റുകളിലായി ഒരുലക്ഷത്തിലധികം ആദിവാസികളും അഞ്ച് ലക്ഷം മറ്റുള്ളവരും വനാതിർത്തിയിൽ പാർക്കുന്നുണ്ട്. അതായത് 29 ലക്ഷത്തോളം പേരുടെ ജീവൻ അപകടത്തിലാണ്.
നിയമം ആർക്കുവേണ്ടി
കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) വന്യമൃഗ ആക്രമണങ്ങൾക്ക് ഇരയാകുന്നവരുടെ അവകാശങ്ങൾക്കായി കോടതി വ്യവഹാരത്തിലാണ്. ഏതിനം ജീവി പെരുകിയാലും അവയുടെ എണ്ണം നിശ്ചിത സമയത്തും പ്രദേശത്തും നിജപ്പെടുത്തുന്ന കള്ളിംഗ് നടപ്പാക്കണമെന്നാണ് കിഫയുടെ നിലപാട്.
പെരുവണ്ണാമൂഴിയിലെ കർഷകനേതാവ് ജോർജ് കുന്പളാനിക്കൽ പറയുന്നു: “ദേശീയ മൃഗമോ ദേശീയ പക്ഷിയോ ആവട്ടെ, പെരുകൽ നിയന്ത്രിക്കാൻ വിദേശരാജ്യങ്ങളിൽ വേട്ടയാടൽ അനുവദിക്കും. ഓസ്ട്രേലിയയിൽ കംഗാരുവിനെയും കടൽപ്പന്നിയെയും സ്രാവുകളെയും അമേരിക്കയിൽ കലമാനിനെയും ആഫ്രിക്കയിൽ കാട്ടാനയെയുമൊക്കെ എണ്ണം നിയന്ത്രിക്കാൻ വേട്ടയാടുന്നതിന് സർക്കാർ അനുവദിക്കും. ഭക്ഷ്യയോഗ്യമാണെങ്കിൽ അവയുടെ മാംസം വിൽക്കുന്നതിലും ഭക്ഷിക്കുന്നതിലും തടസമില്ല.
ഇന്ത്യയിൽ 2013ൽ കള്ളിംഗ് സുപ്രീംകോടതി തടഞ്ഞപ്പോൾ കേരളം ഉൾപ്പെടെ പതിമൂന്ന് സംസ്ഥാനങ്ങൾ അപ്പീൽ നൽകിയെങ്കിലും ഇളവു കിട്ടിയില്ല. ചെറിയ പ്രദേശത്തുവരെ ഓരോ ഇനം ജീവികൾ പെരുകുന്ന സാഹചര്യം. പാലക്കാട്ട് മയിലും കണ്ണൂരിൽ മലയണ്ണാനും കോഴിക്കോട്ട് മ്ലാവും വയനാട്ടിൽ കേഴയും ചില പ്രദേശങ്ങളിൽ അനിയന്ത്രിതമായി പെരുകുന്നു. കാട്ടുപന്നിയും കുരങ്ങും കാടുനിറഞ്ഞ് നാട്ടിൽ വാസമാക്കിയിരിക്കുന്നു. ഓരോ ജീവിക്കും അതിജീവനത്തിനു വേണ്ട ഇടം, തീറ്റ, വെള്ളം തുടങ്ങിയവയെപ്പറ്റി കൃത്യമായ ബോധ്യം വനംവകുപ്പിനുണ്ടാകണം. ഭീഷണിയാകുന്ന മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കുക, എണ്ണം നിയന്ത്രിക്കുക തുടങ്ങിയ നടപടികളുണ്ടാവണം.”
ചെറിയ സംസ്ഥാനമായ കേരളത്തിൽ മനുഷ്യരും മൃഗങ്ങളും തമ്മിലെ സംഘർഷം ലഘൂകരിക്കുക എളുപ്പമല്ല. മനുഷ്യജീവനും അവരുടെ ജീവിതമാർഗവുമാണോ പ്രധാനം അതോ കാട്ടുമൃഗങ്ങൾ നാടുവാഴട്ടെയെന്നാണോ എന്നതാണു ചോദ്യം. കാട്ടുമൃഗങ്ങളുടെ നാടുവാഴ്ച പ്രതിരോധിക്കാൻ മതിലിനും വേലിക്കും കിടങ്ങിനും ജൈവവേലിക്കുമാകുന്നില്ല. വൈദ്യുതവേലി, എസ്എംഎസ് അലർട്ട്, കമ്യൂണിറ്റി അലാം പരീക്ഷണങ്ങളും വിജയം കണ്ടില്ല. ആനയെയും കടുവയെയും മതിൽകെട്ടി നിയന്ത്രിക്കാമെന്നു വയ്ക്കാം. മരംചാടി കുരങ്ങനെയും മലയണ്ണാനെയും പറക്കുന്ന മയിലിനെയും ആര്, എങ്ങനെ ചെറുക്കും. ഈയിനം ജീവികൾ എന്തു നാശം വരുത്തിയാലും നഷ്ടപരിഹാരത്തിന് അർഹതയില്ല. പ്രതിരോധിക്കുന്നവരെ കേസിൽ കുടുക്കി വനപാലകർ വേട്ടയാടുന്ന സാഹചര്യമാണുള്ളത്.
പെരുകി കാടുനിറഞ്ഞു
കാട്ടാനകളും കടുവകളും ഇതര ജീവികളും പെരുകിപ്പെരുകി വനത്തിന് ഉൾക്കൊള്ളാവുന്നതിലും ഏറെയായി. ഉദാഹരണത്തിന് വയനാട് വന്യജീവി സങ്കേതത്തിന്റെ വിസ്തൃതി 344 സ്ക്വയർ കിലോമീറ്ററാണ്. ഇതിനുള്ളിൽ 135 കടുവകളുണ്ടെന്നാണ് കണക്ക്. ഒരു കടുവയ്ക്കു വിഹരിക്കാൻ 20 ചതുരശ്ര കിലോമീറ്റർ കാടു വേണമെന്നിരിക്കെ 18 കടുവകൾക്കുള്ള ഇടമേ വയനാട്ടിലുള്ളൂ.
ഇന്ത്യയിലെ 25,000 കാട്ടാനകളിൽ ഏഴായിരം എണ്ണവും വിസ്തൃതിയിൽ 1.18 ശതമാനം മാത്രമുള്ള കേരളത്തിലാണ്. ഒരാനയ്ക്ക് മേയാൻ കുറഞ്ഞത് 25 ഏക്കർ കാടുവേണം. കുടിക്കാൻ ഇരുന്നൂറിലേറെ ലിറ്റർ വെളളവും തീറ്റയും വേണം. ഇത്തരത്തിൽ അഞ്ഞൂറിൽ താഴെയേ പാടുള്ളു കാട്ടാനകൾ. വയനാട്ടിൽ മാത്രമുണ്ട് ആയിരത്തിലേറെ കാട്ടാനകൾ. ഓരോ പെണ്കുരങ്ങും ആറേഴു കുഞ്ഞുങ്ങളെ വീതം ഓരോ വർഷവും പ്രസവിക്കും. കാട്ടുപന്നിയുടെ പെരുകൽ ഇതിനേക്കാൾ വേഗത്തിലാണ്. കൃഷി നശിപ്പിക്കുന്നതിൽ ഒന്നാമത് കാട്ടുപന്നിയാണ്. രണ്ടാമത് കുരങ്ങ്. മൂന്നാമത് ആന. റീ ബിൽഡ് കേരള മറയാക്കി വന്യജീവി സംഘർഷ മേഖലകളിലെ പട്ടയഭൂമികൾ തുച്ഛമായ വിലയ്ക്ക് ഏറ്റെടുത്ത് വനവിസ്തൃതി വർധിപ്പിക്കുന്ന നീക്കത്തിലാണ് വനംവകുപ്പ് എന്നാണ് ഇൻഫാം ആശങ്കപ്പെടുന്നത്.
(തുടരും)
“ ഉൾവനവും അതിർത്തിവനവും ബഫർസോണും കടന്ന് നാട്ടിലേക്കിറങ്ങി മനുഷ്യരുടെ ആവാസവ്യസ്ഥയ്ക്ക് ഭീഷണിയാവുകയാണ് വന്യമൃഗങ്ങൾ. ജനപ്പെരുപ്പം നിയന്ത്രിക്കാൻ വ്യഗ്രത കാണിക്കുന്ന സർക്കാർ എന്തുകൊണ്ട് വന്യമൃഗഭീഷണി ചെറുക്കാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുന്നില്ല. ഭാവിയിൽ ജനാധിപത്യം വേണ്ട മൃഗാധിപത്യം മതിയെന്നതാണോ സർക്കാർ നയം. കർഷകരുടെ കഠിനാധ്വാനഫലമാണ് കൃഷിയും വിളവും. അധ്വാനിച്ച് അന്നം
വിളയിക്കുന്ന കർഷകരെ അവരുടെ പൈതൃകഭൂമിയിൽനിന്നു പുറത്താക്കി മൃഗങ്ങളെ കുടിയിരുത്തുന്നതാണോ റീ ബിൽഡ് കേരളയുടെ പൊരുൾ?”
ഫാ. തോമസ് മറ്റമുണ്ടയിൽ, ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലാ ഡയറക്ടർ