പ്രശംസനീയമായ അനുനയവും സമ്മർദവും
Monday, May 22, 2023 1:27 AM IST
പ്രതിപക്ഷ ഐക്യത്തിന് ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ് ഇക്കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വൻവിജയം തെളിയിക്കുന്നത്. കൂടാതെ സാധാരണക്കാർക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ ഉന്നത ബിജെപി നേതാക്കളുടെ വാഗ്ദാനങ്ങളുടെ ശക്തി ഇപ്പോൾ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ ഉന്നതർക്കു മാത്രം പ്രയോജനപ്പെടുന്നതാണ് അവരുടെ പ്രവർത്തനങ്ങൾ. കർണാടകയിൽ തെളിഞ്ഞ വെളിച്ചം, ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തുടനീളമുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് വെല്ലുവിളി ഉയർത്താൻ ഒരു സംയുക്ത പ്രതിപക്ഷത്തിന് കഴിയുമെന്നു കാണിച്ച് ഏതാണ്ട് ഇന്ത്യയൊട്ടാകെ എത്തി.
സ്ഥാനമോഹികൾ
എന്നിരുന്നാലും, കർണാടകയിലെ ഉജ്വലമായ വിജയത്തിലും ബിജെപിയുടെ പരാജയത്തിലേക്കു നയിച്ച ഘടകങ്ങളെക്കുറിച്ചുള്ള സ്വന്തം അവകാശവാദങ്ങളുമായി കോൺഗ്രസിലെ നിരവധി സ്ഥാനമോഹികൾ രംഗത്തെത്തി. കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ ജാതി, സാമുദായിക, ചരിത്ര, ഭൂമിശാസ്ത്രപരമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ സ്വന്തം താത്പര്യങ്ങളും രാഷ്ട്രീയ സ്വാധീനവും മറച്ചുവച്ചില്ല. ഇത് പുതിയ നേതാക്കളെ തെരഞ്ഞെടുക്കുന്നത് കഠിനമാക്കി. അവകാശങ്ങൾ പരിഗണിച്ച് ചിലരെ തെരഞ്ഞെടുക്കുന്നത് കോൺഗ്രസിന്റെ ഉന്നത നേതാക്കൾക്ക് ബുദ്ധിമുട്ടായിരുന്നു. ബംഗളൂരുവിൽ നടന്ന നീണ്ട ചർച്ചകളിൽ കാര്യങ്ങൾ പരിഹരിക്കാഞ്ഞതിനാൽ അവർ ന്യൂഡൽഹിയിലേക്കു പോയി. ഒടുവിൽ അനുനയത്തിലൂടെയും സമ്മർദത്തിലൂടെയും തീരുമാനമുണ്ടായി. രണ്ട് പേരെയും പ്രീതിപ്പെടുത്താനുള്ള ഒരു പരിഹാരമായിരുന്നു ആദ്യം ഉരുത്തിരിഞ്ഞത്-സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയും മറ്റു ചില അവകാശികൾക്ക് മന്ത്രിസ്ഥാനവും. എന്നാൽ വ്യത്യസ്ത ആഗ്രഹങ്ങളും താത്പര്യങ്ങളുംമൂലം അതു തള്ളപ്പെട്ടു.
അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴെല്ലാം അതിന്റെ പുനരുജ്ജീവനവും സംഭവിക്കാം. മോഹങ്ങളുമായി ബിജെപിയിൽനിന്നും ജെഡിഎസിൽനിന്നും കൂറുമാറിയവർക്കു വേണ്ടി അവരുടെ വിശ്വസ്തർ വാദിച്ചു. വിവിധ കാരണങ്ങളാൽ കോൺഗ്രസിലെ അതിമോഹമുള്ള നേതാക്കൾ ഭാവിയിൽ ബിജെപിയുടെയും ജെഡിഎസിന്റെയും ഓഫറുകൾ തള്ളിക്കളയുമെന്ന് ഉറപ്പുമില്ല. എല്ലാത്തിനുമുപരി, മികച്ച അവസരങ്ങൾ ഒത്തുവന്നാൽ രാഷ്ട്രീയത്തിൽ വിശ്വസ്തത ഒരു പ്രശ്നമല്ല. പരസ്പര സഹായത്തിന്റെ പേരിൽ ഒരവസരമുണ്ടാകുമ്പോൾ രാഷ്ട്രീയ കളികളിൽ മാറ്റങ്ങളുണ്ടാകാം.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വളരെ വിപുലമായ സാധ്യതകളും ഉറപ്പുമുള്ള ഒരു മികച്ച രാഷ്ട്രീയ ലൈനിൽ പ്രവർത്തിക്കാനുള്ള അനുനയങ്ങളും സമ്മർദങ്ങളും ഉണ്ട്. വാസ്തവത്തിൽ, കോൺഗ്രസ് ഹൈക്കമാൻഡ് പ്രശ്നപരിഹാരത്തിനുള്ള ചുമതല സിദ്ധരാമയ്യയെയും ശിവകുമാറിനെയുംകാൾ മുതിർന്ന നേതാവും പാർട്ടി അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ കൈകളിൽ ഏൽപ്പിച്ചു. അദ്ദേഹത്തെ സഹായിക്കാൻ എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും കർണാടകയുടെ ചുമതലകൂടിയുള്ള രൺദീപ് സുർജേവാലയുമുണ്ടായിരുന്നു. നെഹ്റു-ഗാന്ധി കുടുംബത്തിലെ അംഗങ്ങൾ തിരശീലയ്ക്കു പിന്നിൽനിന്ന് പുരോഗതി നിരീക്ഷിച്ചു. അതിനാൽ കർണാടകയിലെ നേതാക്കളുടെ തെരഞ്ഞെടുപ്പ് നിയന്ത്രണവിധേയമായിരുന്നു. പ്രധാനപ്പെട്ടവർക്ക് ഉന്നത സ്ഥാനങ്ങൾ കിട്ടുന്നതിനാൽ വിലപേശൽ കഠിനമോ നിയന്ത്രിക്കാനാകാത്തതോ ആയിരുന്നില്ല. താത്പര്യങ്ങൾ സമരസപ്പെടുത്തി ഐക്യം കെട്ടിപ്പടുക്കാൻ അനുനയങ്ങളും സമ്മർദങ്ങളും മതിയായിരുന്നു.
വരും മാസങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് കുറഞ്ഞത് ഇപ്പോഴെങ്കിലും സംശയിക്കേണ്ടതില്ല. കോൺഗ്രസ് സർക്കാരിലെ രണ്ട് മുതിർന്ന നേതാക്കളും ഏതാനും കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വേദിയിൽ നിന്നാണ്, രാഹുൽ ഗാന്ധി ഉറപ്പുനൽകിയ അഞ്ച് ജനപ്രിയ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള പ്രഖ്യാപനം ഉണ്ടായത്. കർണാടകയിലെ മിക്കവാറും എല്ലാ കുടുംബങ്ങളിലും തുടക്കം പ്രതീക്ഷ നൽകുന്നതാണ്.
നിയമസഭയിൽ ഇത്രയധികം ശക്തിയുള്ളതും തന്റെ നേതൃത്വത്തിലുള്ളതുമായ പ്രബലമായ സർക്കാരിനെ തകർക്കാൻ സിദ്ധരാമയ്യ ഇറങ്ങിത്തിരിക്കുമെന്ന് ഇപ്പോൾ സംശയിക്കാനാവില്ല. സിദ്ധരാമയ്യയെപ്പോലുള്ള കൗശലക്കാരനും മിടുക്കനുമായ രാഷ്ട്രീയക്കാരൻ പോരായ്മകൾ പരിഹരിച്ച് തന്റെ മന്ത്രിസഭയെ ശക്തിപ്പെടുത്താനും ചാണക്യനെപ്പോലെയുള്ള തന്റെ ഉപമുഖ്യമന്ത്രി ശിവകുമാറിന്റെ സഹായത്തോടെ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽനിന്ന് കോൺഗ്രസിന്റെ റിക്കാർഡ് വിജയമുണ്ടാക്കാനുമായിരിക്കും ശ്രമിക്കുക. സിദ്ധരാമയ്യയ്ക്ക് ബിജെപി കൂടുതൽ മെച്ചപ്പെട്ട ബമ്പറൊന്നും വാഗ്ദാനം ചെയ്യുന്നതായി ഇപ്പോൾ സൂചനയില്ല.
പ്രതിപക്ഷ ഐക്യം
എന്നാൽ കർണാടക തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശക്തി, അത് ന്യൂഡൽഹിയിലും വിദൂര ഭാവിയിലല്ലാതെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിലും അവസരങ്ങൾ നൽകുന്നു എന്നതാണ്. അവസരം വ്യാപകമായതിനാൽ നേട്ടങ്ങൾ ഭൂമിശാസ്ത്രപരമായ പരിധികളിൽ മാത്രം ഒതുങ്ങുന്നില്ല. ചരിത്രപരമായ പല പ്രതികൂല സാഹചര്യങ്ങളെയും മറക്കാനും അതു സഹായിക്കും. കർണാടക സത്യപ്രതിജ്ഞാ ചടങ്ങിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുതിർന്ന നേതാക്കൾ ഉണ്ടായിരുന്നു.
മമത ബാനർജി പ്രതിനിധിയായി തൃണമൂൽ കോൺഗ്രസിന്റെ ലോക്സഭയിലെ ഉപനേതാവ് കാക്കോലി ഘോഷ് ദസ്തിദാരെ അയച്ചു. എന്നാൽ തെലുങ്കാന മുഖ്യമന്ത്രി റാവു, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ബിഎസ്പി നേതാവ് മായാവതി എന്നിവരെ കോൺഗ്രസ് ക്ഷണിച്ചില്ല. എന്നാൽ ശനിയാഴ്ച ബംഗളൂരുവിൽ സന്നിഹിതരായവർതന്നെ വിലപേശാൻ കഴിയുന്ന ശക്തമായ രാഷ്ട്രീയ ശക്തിയാണ്.
ദേശീയ തലത്തിലെ മുതിർന്ന നേതാക്കളുടെ ഈ ഒത്തുചേരൽ, അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള പ്രതിപക്ഷത്തെ മികച്ചവരുടെ ദൃഢനിശ്ചയം മാത്രമാണ് സൂചിപ്പിക്കുന്നത്. ബംഗളൂരുവിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തവരിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി.രാജ, സിനിമാ നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ തുടങ്ങിയുള്ളവർ ഉൾപ്പെടുന്നു.
മമത ബാനർജിയെയും ഒറീസ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെയും കണ്ട് ചർച്ചകൾ നടത്തിയ നിതീഷ് കുമാറിന്റെ നീക്കങ്ങൾ നല്ല പ്രതികരണം നൽകി എന്നതും ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. കർണാടക വിജയവും സത്യപ്രതിജ്ഞയും ബിജെപിയെ നേരിടാൻ പ്രതിപക്ഷ ഐക്യത്തിന് മികച്ച അന്തരീക്ഷം മാത്രമാണ് നൽകിയത്. നിലവിൽ രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം തകർക്കാനുള്ള ഒരു അത്യാഹിതത്തിന്റെയും സൂചനയില്ല.
ബംഗളൂരുവിൽ ഐക്യത്തോടെ മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് സഹകരണവും സഹായവും അനുനയവും സമ്മർദവും നൽകിയ രീതി അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാൻ എല്ലാവരും ആഗ്രഹിക്കുന്നുവെന്ന് കാണിക്കുന്നു. പ്രതിപക്ഷത്തിന് ഇപ്പോൾ ഒരേയൊരു വഴിയേ ഉള്ളൂ എന്ന തിരിച്ചറിവ് ഉണ്ടായിരിക്കുന്നു: നിലനിൽപ്പിനായി ഒരുമിച്ച് പ്രവർത്തിച്ച് ബിജെപിയെ പരാജയപ്പെടുത്തുക. ഇന്ത്യയിൽ പ്രതിപക്ഷ രഹിത ജനാധിപത്യം സ്ഥാപിക്കാനുള്ള ആഗ്രഹം പരസ്യമായി പ്രഖ്യാപിച്ച ബിജെപിയെ സഹായിക്കാനുള്ള നീക്കങ്ങളിലേക്ക് പോകാൻ ആരും ആഗ്രഹിക്കുന്നില്ല.
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ