ഡൽഹിയിലെ പുതിയ നീക്കം
Tuesday, May 23, 2023 10:04 PM IST
അഡ്വ. ജി. സുഗുണൻ
രാജ്യത്ത് രണ്ടു വിധത്തിലുള്ള ഘടകങ്ങളാണു സംസ്ഥാന പുനഃസംഘടനാ കണ്വൻഷൻ വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നാമത്, ഫെഡറൽ അടിസ്ഥാനത്തിൽ കേന്ദ്രവുമായി ഭരണഘടനാപരമായി ബന്ധം പുലർത്തുന്ന സംസ്ഥാനങ്ങൾ. രണ്ടാമതായി പ്രധാനപ്പെട്ട ഭരണതന്ത്രപരമായ കാരണങ്ങളാലും മറ്റു വിധത്തിലും സംസ്ഥാനങ്ങളാക്കാൻ കഴിയാത്തവയും സംസ്ഥാനങ്ങളോടു ചേർക്കാൻ കഴിയാത്തവയും ആയതിനാൽ കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിൻകീഴിൽ നിൽക്കുന്ന പ്രദേശങ്ങൾ. 1956 ലെ ഏഴാം ഭരണഘടനാ ഭേദഗതിയിൽ സംസ്ഥാന പുനഃസംഘടനാ ആക്ട് പ്രകാരം ഈ നയം സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തു. ഇതാണ് ഇന്നത്തെ കേന്ദ്രഭരണ പ്രദേശങ്ങളുടെ ഉദ്ഭവത്തിന്റെ കഥ.
നമ്മുടെ രാജ്യം സംസ്ഥാനങ്ങളുടെ ഒരു ഫെഡറേഷനാണ്. ആധുനിക ഭരണഘടനാ തത്വങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫെഡറൽ സന്പ്രദായം. ഫെഡറൽ സന്പ്രദായത്തിന്റെ അടിസ്ഥാനലക്ഷ്യം വൈവിധ്യത്തിൽ ഏകത്വവും അധികാരങ്ങളുടെ ക്ലിപ്തതയും ഭരണത്തിന്റെ വികേന്ദ്രീകരണവുമാണ്. ഇന്ത്യയെപ്പോലെ വിസ്തീർണത്തിലും ജനസംഖ്യയിലും മുന്നിട്ടു നിൽക്കുന്ന ഒരു രാജ്യത്തിലെ വംശപരവും ഭാഷാപരവും മതപരവുമായ ബാഹുല്യം കൊണ്ട് സങ്കീർണമായ ഭരണഘടനാ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിന് സ്വാഭാവികമായും തെരഞ്ഞെടുക്കാവുന്ന ഒരേയൊരു മാർഗമാണ് ഫെഡറൽ സന്പ്രദായം.
എൻസിടിഡി ആക്ട്
ഡൽഹിയുടെ അധികാരങ്ങൾ ഭരണഘടനാവിരുദ്ധമായി കവർന്നെടുക്കാനുള്ള കേന്ദ്രനീക്കത്തിന് എതിരായി വലിയ പ്രതിഷേധമാണു രാജ്യത്തൊട്ടാകെ ഉയർന്നിരിക്കുന്നത്. 69-ാം ഭരണഘടനാ ഭേദഗതിയനുസരിച്ചാണ് ചരിത്രപ്രാധാന്യമുള്ള ഡൽഹി ലെജിസ്ലേറ്റീവ് അസംബ്ലി ഈ സംസ്ഥാനത്തിനു ലഭിച്ചത്. നാഷണൽ ക്യാപ്പിറ്റൽ ടെറിട്ടറി ആക്ട് പ്രകാരം 1991 ൽ ഡൽഹി നിയമസഭ നിലവിൽ വരികയും ചെയ്തു. ലെജിസ്ലേറ്റീവ് അസംബ്ലി നിലവിൽ വന്നതോടെ ഡൽഹി സർക്കാരിന്റെ അധികാരവും പ്രാധാന്യവും വർധിക്കുകയും ചെയ്തു.
2021 മാർച്ച് 28ന് നാഷണൽ ക്യാപ്പിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ആക്ട് പാസാക്കപ്പെട്ടു. ഡൽഹി സംസ്ഥാനത്തിനുണ്ടായിരുന്ന അധികാരങ്ങളുടെ മേൽ കൈകടത്താനുള്ളതായിരുന്നു. ഈ നിയമം. ലഫ്റ്റനന്റ് ഗവർണറുടെ കൈയിലേക്ക് എല്ലാ അധികാരവും എത്തിക്കലായിരുന്നു ഈ നിയമത്തിന്റെ ലക്ഷ്യം. ഏറ്റവുമൊടുവിൽ സംസ്ഥാനത്തിന്റെ അധികാരമാകെ വെട്ടിക്കുറയ്ക്കുന്ന ഈ നിയമമാണു സുപ്രീംകോടതി റദ്ദ് ചെയ്തത്.
സംസ്ഥാനത്തിന്റെ അധികാരങ്ങൾ ലഫ്റ്റനന്റ് ഗവർണറും കേന്ദ്രവും കവർന്നെടുക്കുന്ന ഈ നിയമത്തിനെതിരായി കഴിഞ്ഞ കുറേ മാസങ്ങളായി ഡൽഹി സർക്കാരും കേന്ദ്രവും തമ്മിൽ സംഘർഷത്തിലായിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് ഡൽഹിയുടെ അധികാരം കവർന്നെടുക്കുന്ന ആക്ടിനെതിരായ സ്റ്റേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽനിന്നു നേടിയെടുത്തത്.
ദേശീയ തലസ്ഥാനത്തെ പൊതുഭരണക്രമം, പോലീസ്, ഭൂമി എന്നിവ ഒഴികെയുള്ള ഭരണഘടനാപരമായ കാര്യങ്ങളിൽ ഡൽഹി സർക്കാരിന് നിയമനിർമാണ, എക്സിക്യൂട്ടീവ് അധികാരങ്ങളുണ്ടെന്ന സുപ്രീംകോടതി വിധിക്കെതിരേ കേന്ദ്രസർക്കാർ കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്.
നാഷണൽ ക്യാപ്പിറ്റൽ സർവീസ് അഥോറിറ്റി
ഡൽഹിയുടെ അധികാരം കൈയടക്കുന്നതിനുള്ള പുതിയ നീക്കത്തിന്റെ ഭാഗമായി പ്രത്യേക ഓർഡിനൻസിലൂടെ നാഷണൽ ക്യാപിറ്റൽ സർവീസ് അഥോറിറ്റിക്ക് രൂപം നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇതിനുപിന്നാലെ അധികാരത്തർക്കം സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരേ കേന്ദ്രസർക്കാർ പുനഃപരിശോധനാ ഹർജിയും നൽകി.
സ്ഥലംമാറ്റം, നിയമനം, വിജിലൻസ്, ആകസ്മികമായി സംഭവിക്കുന്ന മറ്റു കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണർക്കു ശിപാർശകൾ നൽകുകയാണ് അഥോറിറ്റിയുടെ ചുമതല. ഡൽഹി മുഖ്യമന്ത്രി, ഡൽഹി ചീഫ് സെക്രട്ടറി, ഡൽഹി സർക്കാരിന്റെ പ്രിൻസിപ്പൽ ഹോം സെക്രട്ടറി എന്നിവരടങ്ങുന്നതാണ് അഥോറിറ്റി. കഴിഞ്ഞയാഴ്ച സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയെ വെല്ലുവിളിക്കുന്നതാണ് പുതിയ ഓർഡിനൻസ് എന്ന് ആരോപണമുയർന്നിട്ടുണ്ട്. അഥോറിറ്റിയുടെ രൂപീകരണത്തോടെ സേവനകാര്യങ്ങളുടെ തീരുമാനത്തിൽ മാറ്റം വരുത്താൻ ലഫ്റ്റനന്റ് ഗവർണർക്ക് അധികാരമുണ്ട്.
ദേശീയ തലസ്ഥാനം രാജ്യത്തിന് മുഴുവൻ അവകാശപ്പെട്ടതാണെന്നും ദേശീയ തലസ്ഥാനത്തിന്റെ ഭരണത്തിൽ മുഴുവൻ രാജ്യത്തിനും അതീവ താത്പര്യമുണ്ടെന്നും ഈ ഓർഡിനൻസ് വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും ശിപാർശ ചെയ്യാനുള്ള ചുമതല പുതിയ ഓർഡിനൻസിലൂടെ രൂപംകൊണ്ട നാഷണൽ ക്യാപ്പിറ്റൽ സിവിൽ സർവീസ് അഥോറിറ്റിക്കാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട ശിപാർശകൾ നൽകാനുള്ള ഉത്തരവാദിത്വവും അഥോറിറ്റിക്കാണ്. ശിപാർശകൾ നൽകേണ്ടത് ലഫ്റ്റനന്റ് ഗവർണർക്കുമാണ്. ശിപാർശകൾ പുനഃപരിശോധന നടത്താനായി അഥോറിറ്റിക്ക് തിരിച്ചയയ്ക്കാനും ലഫ്റ്റനന്റ് ഗവണർക്ക് അധികാരമുണ്ട്.
ആപ്പും ബിജെപിയും നേർക്കുനേർ
ഡൽഹിയുടെ അധികാരം പിടിച്ചെടുക്കാനുള്ള കേന്ദ്ര ഓർഡിനൻസ് പുറത്തിറങ്ങിയതിനു പിന്നാലെ പോർമുഖം തുറന്നിരിക്കുകയാണ് സംസ്ഥാന ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും. ഓർഡിനൻസ് ഭരണഘടനാവിരുദ്ധമാണെന്നും സേവനകാര്യങ്ങളിൽ സുപ്രീംകോടതി ഡൽഹി സർക്കാരിനു നൽകിയ അധികാരം തട്ടിയെടുക്കാനുള്ള നീക്കമാണെന്നും ആം ആദ്മി ആരോപിച്ചപ്പോൾ ഡൽഹിയുടെ അന്തസിന് ഓർഡിനൻസ് അനിവാര്യമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. കേന്ദ്രത്തിന് ഇഷ്ടപ്പെടാത്ത തീരുമാനം മാറ്റാൻ ലഫ്റ്റനന്റ് ഗവർണർക്ക് അധികാരമുണ്ടാകുമെന്നാണ് ഓർഡിനൻസിന്റെ വ്യവസ്ഥ.
ഭരണം കൈയടക്കുന്നതിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് ജനാധിപത്യലംഘനമാണെന്ന് ആരോപിച്ച് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വ്യക്തമാക്കിയിട്ടുണ്ട്.
ഡൽഹിയുടെ അധികാരങ്ങളാകെ കവർന്നെടുക്കുന്ന കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധമായ ഓഡിനൻസിനെതിരായി പ്രതിപക്ഷ കക്ഷികളാകെ ഇതിനകം രംഗത്തുവന്നിട്ടുണ്ട്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ ശക്തമായ പ്രതിപക്ഷനിര കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്.